Connect with us

Kerala

മന്ത്രിയുമായുള്ള ചര്‍ച്ച പരാജയം; അന്തര്‍ സംസ്ഥാന സ്വകാര്യ ബസ് സമരം തുടരും

Published

|

Last Updated

തിരുവനന്തപുരം: അന്തര്‍ സംസ്ഥാന സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകള്‍ നടത്തുന്ന സമരം തുടരും. ബസ് ഉടമകളുമായി ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയാണിത്. ഓപ്പറേഷന്‍ നൈറ്റ് റൈഡേഴ്‌സ് എന്ന പേരില്‍ മോട്ടോര്‍ വാഹന വകുപ്പ് നടത്തുന്ന പരിശോധനയില്‍ പ്രതിഷേധിച്ചാണ് സമരം. പെര്‍മിറ്റ് ലംഘനത്തിന്റെ പേരില്‍ പിഴ ഈാടക്കുന്നത് താങ്ങാനാകില്ലെന്ന് ബസുടമകള്‍ പറഞ്ഞു.

എന്നാല്‍ പരിശോധനയും പിഴ ഈടാക്കലും നിര്‍ത്തിവക്കില്ലെന്ന് ഗതാഗതമന്ത്രി വ്യക്തമാക്കി. യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും ബുദ്ധിമുട്ടുണ്ടാകാത്ത തരത്തില്‍ പരിശോധന നടത്താമെന്ന് മന്ത്രി വാഗ്ദാനം ചെയ്‌തെങ്കിലും ഉടമകള്‍ അംഗീകരിച്ചില്ല. കോണ്‍ട്രാക്ട് ക്യാരേജ് പെര്‍മിറ്റുള്ള ബസുകള്‍ മറ്റ് സംഥാനങ്ങളില്‍ സുഗമമായി സര്‍വ്വീസ് നടത്തുന്നു. അതേ പെര്‍മിറ്റുള്ള ബസുകള്‍ക്ക് കേരളത്തില്‍ പിഴ ഈാടാക്കുന്നത് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നുവെന്ന് ബസുടമകള്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ മോട്ടാര്‍ വാഹന നിയമം ഭേദഗതി ചെയ്യുന്ന സാഹചര്യത്തില്‍ അതുവരെ പെര്‍മിറ്റ് ലംഘനത്തിന്റെ പേരിലുള്ള നടപടി നിര്‍ത്തിവക്കണമെന്നാണ് ബസുടമകളുടെ ആവശ്യം. കല്ലട സംഭവത്തിന്റെ പുറകെയാണ് സര്‍ക്കാര്‍ പരിശോധന കര്‍ശനമാക്കിയത്. സര്‍ക്കാര്‍ തങ്ങളെ മനഃപൂര്‍വം ദ്രോഹിക്കുന്നെന്നാരോപിച്ചാണ് നാനൂറോളം ബസുകള്‍ ഇന്ന് മുതല്‍ സര്‍വീസ് നിര്‍ത്തിയത്.

അതേമസയം അന്തര്‍സംസ്ഥാന സ്വകാര്യബസുകളുടെ കൊള്ള തടയാന്‍ സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് എം രാമചന്ദ്രന്‍ കമ്മീഷന്‍ സര്‍ക്കാരിന് ഇടക്കാല റിപ്പോര്‍ട്ട് നല്‍കി. ഉത്സവ സീസണുകളിലടക്കം തിരക്കുളള സമയത്ത് സാധാരണ നിരക്കിനേക്കാള്‍ 12 ശതമാനത്തിലധികം നിരക്ക് വാങ്ങാന്‍ ബസുടമകളെ അനുവദിക്കരുതെന്നാണ് കമ്മീഷന്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിരിക്കുന്നത്.