ട്രംപിന് മനം മാറ്റമോ?

Posted on: June 24, 2019 3:38 pm | Last updated: June 24, 2019 at 3:39 pm

പശ്ചിമേഷ്യന്‍ ആകാശത്ത് നിന്ന് യുദ്ധഭീതി ഒഴിയുന്നില്ല. അതിര്‍ത്തി ലംഘിച്ചെത്തിയെന്ന് ഇറാന്‍ വ്യക്തമാക്കുന്ന ആളില്ലാ വിമാനം വെടിവെച്ചിട്ടതോടെ കടുത്ത നടപടിയിലേക്ക് അമേരിക്ക നീങ്ങുന്നുവെന്ന ഭയം ശക്തമായിരുന്നു. എന്നാല്‍ യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്നെ അതിന് ശമനം വരുത്തി. യുദ്ധത്തിനുള്ള ഉത്തരവ് നല്‍കിയിരുന്നുവെന്നും എല്ലാം സജ്ജമായിരുന്നുവെന്നും അവസാന നിമിഷം പിന്‍വാങ്ങിയെന്നുമാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്. ‘ഞങ്ങള്‍ കഴിഞ്ഞ രാത്രിയില്‍ മൂന്നിടങ്ങളില്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നു. എത്ര പേര്‍ മരിക്കുമെന്ന് ഞാന്‍ (സൈനിക ജനറല്‍മാരോട്) ചോദിച്ചു.

‘150 പേര്‍ സര്‍’ എന്നായിരുന്നു ഒരു ജനറലിന്റെ മറുപടി. ആക്രമണത്തിന് പത്ത് മിനുട്ട് മുമ്പ് ഞാനത് തടയുകയായിരുന്നു. ഒരു ആളില്ലാ വിമാനം വെടിവെച്ചിട്ടതിന് പകരമാകില്ല അതെന്ന് തോന്നി. എനിക്ക് ഒട്ടും തിടുക്കമില്ല. അമേരിക്കന്‍ സൈന്യം എന്തിനും തയ്യാറാണ്. ഇറാനെ ആണവായുധമുണ്ടാക്കാന്‍ അനുവദിക്കില്ല’ ഇങ്ങനെ പോകുന്നു ട്രംപിന്റെ ട്വീറ്റ്. യുദ്ധം ഇപ്പോഴില്ലെന്നേയുള്ളൂ, പൂര്‍ണമായി ഉപേക്ഷിച്ചിട്ടില്ലെന്ന് പിന്നീട് അദ്ദേഹം വിശദീകരിക്കുകയും ചെയ്തു.

ട്രംപിനെപ്പോലെയൊരാള്‍ യു എസ് പ്രസിഡന്റായിരിക്കുന്നത് ഇന്ന് ലോകത്തിന്റെ പൊതു ആശങ്കയായി മാറിയിട്ടുണ്ട്. അമേരിക്കന്‍ പ്രസിഡന്റുമാര്‍ പൊതുവേ അവരുടെ അമിതാധികാരം പ്രയോഗിക്കുന്നവരാണ്. എന്നാല്‍ ചരിത്രത്തില്‍ ഒരു പ്രസിഡന്റും കൈകൊള്ളാന്‍ ധൈര്യപ്പെടാത്ത തീരുമാനങ്ങളാണ് ട്രംപില്‍ നിന്നുണ്ടാകുന്നത്. ഇപ്പോള്‍ ഇറാനടങ്ങുന്ന മേഖലയെയും ലോകത്തെ തന്നെയും യുദ്ധഭയത്തിന്റെ കയങ്ങളിലേക്ക് തള്ളിവിട്ടതിന്റെ ഹേതുവും അത്തരമൊരു തീരുമാനമാണ്. ബരാക് ഒബാമയുടെ കാലത്ത് ഇറാനുമായി ഒപ്പുവെച്ച ആണവ കരാര്‍ ഏകപക്ഷീയമായി റദ്ദാക്കിക്കൊണ്ടാണ് ട്രംപ് തീവ്ര വലതുപക്ഷ രാഷ്ട്രീയത്തിന്റെ പണ്ടോരപ്പെട്ടി തുറന്നത്. ഇസ്‌റാഈല്‍ തലസ്ഥാനമായി ജറൂസലമിനെ അംഗീകരിച്ചതിലും റഷ്യയുമായി പതിറ്റാണ്ടുകളായി നിലനില്‍ക്കുന്ന ആയുധ നിര്‍വ്യാപന കരാറില്‍ നിന്ന് പിന്‍വാങ്ങിയതിലുമെല്ലാം ട്രംപിന്റെ ഭ്രാന്തന്‍ നയങ്ങള്‍ കാണാവുന്നതാണ്.

അമേരിക്കന്‍ വെല്ലുവിളിയോട് ശക്തമായിത്തന്നെയാണ് ഇറാന്‍ പ്രതികരിക്കുന്നത്. അമേരിക്കയുടെ അവിവേകം ഇറാന്റെ മണ്ണില്‍ അനുവദിച്ചുകൊടുക്കാന്‍ സാധിക്കില്ലെന്ന് ഇറാന്‍ വിദേശകാര്യ വക്താവ് അബ്ബാസ് മൗസവി പറഞ്ഞു. ഇറാന്റെ ശത്രുക്കള്‍ അത് അമേരിക്കയായാലും മറ്റാരായാലും ചുട്ടുകളയുമെന്ന് ഇറാന്‍ സൈനിക വക്താവിന്റെ പോര്‍വിളിയും പുറത്ത് വന്നിട്ടുണ്ട്. ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് പിന്നില്‍ സഊദി അറേബ്യയുടെ കരങ്ങളുണ്ടെന്ന ആരോപണം കൂടി ഇറാന്‍ മുന്നോട്ട് വെക്കുന്നു. ഹൂതികളെ ഇളക്കിവിട്ട് പരോക്ഷ യുദ്ധം ചെയ്യുകയാണ് ഇറാനെന്ന് സഊദി പരാതിപ്പെടുന്നതിന്റെ പശ്ചാത്തലമിതാണ്. ഈ വാദം പാശ്ചാത്യര്‍ക്കും ഇമ്പമുള്ളതായിരിക്കും. ശിയാ- സുന്നി വംശീയ വേര്‍തിരിവാണ് സംഘര്‍ഷത്തിന്റെ അടിസ്ഥാന ഹേതുവെന്ന് വരുത്തിത്തീര്‍ക്കാനാണ് അവര്‍ താത്പര്യപ്പെടുന്നത്. ഇറാന്‍ ആണവായുധം വികസിപ്പിക്കുന്നുവെന്നത് ഇസ്‌റാഈലിന് മാത്രമല്ല സഊദിക്കും മേഖലയിലെ മറ്റ് മുസ്‌ലിം ഭൂരിപക്ഷ രാഷ്ട്രങ്ങള്‍ക്കും ഭീഷണിയാണെന്ന് അമേരിക്ക ഇടക്കിടക്ക് ഓര്‍മിപ്പിക്കുന്നതിന്റെ അര്‍ഥമിതാണ്. അതുകൊണ്ട് ഒരു യുദ്ധമുണ്ടാകുന്നതിനേക്കാള്‍ യുദ്ധഭീതി നിലനിര്‍ത്താനാണ് അമേരിക്കക്കും കൂട്ടാളികള്‍ക്കും താത്പര്യം.

ഇതിന് ഇറാന്റെ ചെയ്തികളും വളം വെച്ച് കൊടുക്കുന്നുണ്ട്. ലബനാനിലെ ഹിസ്ബുല്ല, ഫലസ്തീനിലെ ഹമാസ്, യമനിലെ ഹൂത്തികള്‍, ഇറാഖിലെ ശിയാ ഗ്രൂപ്പുകള്‍, ബഹ്‌റൈനിലെ കലാപകാരികള്‍ തുടങ്ങിയ എല്ലാ സായുധ സംഘങ്ങള്‍ക്കും ഇറാന്റെ റവല്യൂഷനറി ഗാര്‍ഡ് പരിശീലനവും ആയുധവും നല്‍കുന്നുവെന്നത് എല്ലാവര്‍ക്കും അറിയാവുന്ന വസ്തുതയാണ്. എണ്ണ സമ്പത്ത് കൊണ്ട് ആര്‍ജിച്ചെടുത്ത മുഴുവന്‍ സൗഹൃദങ്ങളും രാഷ്ട്രീയ ചേരിതിരിയലിന് ഉപയോഗിക്കുകയാണ് ഇറാന്‍ ചെയ്യുന്നത്. ഈ രാഷ്ട്രീയത്തെ സാമ്രാജ്യത്വ വിരുദ്ധമെന്ന് വിശേഷിപ്പിച്ച് വെള്ളപൂശാനാകില്ല.

ഇങ്ങനെ ഇരുപക്ഷവും സംഘര്‍ഷത്തിന് വഴിമരുന്നിടുമ്പോള്‍ ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ യുദ്ധം മുന്നില്‍ കാണുന്ന നിലയിലുള്ള ക്രമീകരണങ്ങളാണ് ഒരുക്കുന്നത്. പേര്‍ഷ്യന്‍ ഗള്‍ഫിലൂടെ കടന്ന് പോകുന്ന ഇന്ത്യന്‍ കപ്പലുകള്‍ക്ക് നാവിക സേനയുടെ സുരക്ഷ ഉറപ്പാക്കാനുള്ള തീരുമാനവും ഇറാന്റെ വ്യോമപരിധിയില്‍ യാത്ര ഒഴിവാക്കണമെന്ന് വിമാനക്കമ്പനികള്‍ക്ക് നല്‍കിയ നിര്‍ദേശവും ഇതിന്റെ ഭാഗമാണ്. ഗള്‍ഫില്‍ അമേരിക്ക ഒരുക്കുന്ന സന്നാഹങ്ങള്‍ കണ്ടാല്‍ യുദ്ധം ആസന്നമെന്നേ ആര്‍ക്കും തോന്നൂ. പേര്‍ഷ്യന്‍ ഉള്‍ക്കടലില്‍ ബി 52 ദീര്‍ഘദൂര ബോംബര്‍ വിമാനങ്ങള്‍ നിരീക്ഷണ പറക്കല്‍ നടത്തി. വിമാനവാഹിനിക്കപ്പലായ യു എസ് എസ് എബ്രഹാം ലിങ്കണ്‍, പാട്രിയട്ട് മിസൈല്‍വേധ സംവിധാനം, പോര്‍വിമാനങ്ങള്‍ തുടങ്ങിയവ വിന്യസിച്ചു കഴിഞ്ഞു. എയര്‍ക്രാഫ്റ്റ്, ഡ്രോണ്‍, ക്രൂയിസ് മിസൈല്‍, ബാലിസ്റ്റിക് മിസൈല്‍ ആക്രമണങ്ങള്‍ പ്രതിരോധിക്കുന്നതിനുള്ള സംവിധാനമാണ് പാട്രിയട്ട് മിസൈല്‍ സിസ്റ്റം. ബഹ്‌റൈന്‍, ജോര്‍ദാന്‍, കുവൈത്ത്, ഖത്വര്‍, യു എ ഇ എന്നിവിടങ്ങളിലാണ് നിലവില്‍ പാട്രിയട്ട് മിസൈല്‍ സിസ്റ്റം വിന്യസിച്ചിട്ടുള്ളത്.

എങ്കിലും ട്രംപ് ട്വീറ്റ് ചെയ്ത പോലെ തിടുക്കപ്പെട്ടൊരു ഏറ്റുമുട്ടലിന് അമേരിക്ക മുതിരില്ല. അതിന് സാമ്പത്തിക കാരണങ്ങളോടൊപ്പം സൈനിക, ഭൗമരാഷ്ട്രീയ കാരണങ്ങളുമുണ്ട്. ഒന്നാമത്തെ കാരണം ഇറാനിയന്‍ സൈന്യത്തിന്റെ ശക്തി തന്നെയാണ്. ആ രാജ്യത്തിന്റെ പക്കല്‍ ആണവായുധമുണ്ടെന്ന് അമേരിക്ക ഭയക്കുന്നു. ഇറാനെ തൊട്ടാല്‍ ചൈനയും റഷ്യയും ഇടപെടുമെന്നും ട്രംപിനറിയാം. ഹോര്‍മുസ് കടലിടുക്കു വഴിയുള്ള എണ്ണ സഞ്ചാരം തടസ്സപ്പെടുത്താന്‍ ഇറാന് സാധിക്കും. വലിയ സാമ്പത്തിക ആഘാതമാകും യുദ്ധം ഉണ്ടാക്കുക.