Connect with us

Articles

സഞ്ജീവ് ഭട്ടിന്റെ പോരാട്ടം; ജനാധിപത്യത്തിന്റെയും

Published

|

Last Updated

പ്രധാനമന്ത്രിയായി നരേന്ദ്ര മോദി അധികാരത്തില്‍ ആവര്‍ത്തിക്കുമ്പോള്‍ നടക്കാന്‍ പോകുന്ന അനേകം അനിഷ്ട സംഭവങ്ങളുടെ തുടക്കമാണ് സഞ്ജീവ് ഭട്ടിന്റെ തുറുങ്കല്‍ ജീവിതമെന്ന് മനസ്സിലാക്കണം. കലാപ കാലത്തെ മോദിയുടെ തനിനിറമെന്തായിരുന്നുവെന്ന് അന്നും ഇന്നും ഒരുപോലെ പറഞ്ഞു കൊണ്ടിരിക്കുന്ന വളരെ കുറച്ചാളുകളില്‍ ഒരാള്‍ സഞ്ജീവാണല്ലോ. മാത്രവുമല്ല മോദിയെ ഇത്രമേല്‍ പ്രതിസന്ധിയിലാഴ്ത്തിയ, “സത്‌പേര്” ചോദ്യം ചെയ്യപ്പെടും വിധം ആരോപണങ്ങള്‍ ഉന്നയിച്ച ഒരാളെ വെറുതെ വിടുന്നത് എല്ലാത്തിലും തീവ്രത വെച്ചുപുലര്‍ത്തുന്നവര്‍ക്ക് ചേര്‍ന്നതല്ലല്ലോ. പ്രത്യേകിച്ചും അധികാരം ഒരുപാട് അര്‍ഥങ്ങളില്‍ കൈവശമുണ്ടാകുമ്പോള്‍.

1990ല്‍ ജാംനഗറില്‍ എ എസ് പിയായിരിക്കെ നടന്ന പ്രഭുദാസ് എന്ന ഒരാളുടെ കസ്റ്റഡി മരണത്തിന്റെ പേരിലാണ് ഇപ്പോള്‍ സഞ്ജീവിനെതിരെ ജംനഗര്‍ സെഷന്‍ കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചിരിക്കുന്നത്. കൊലക്കുറ്റമാണ് അദ്ദേഹത്തിനെതിരെ ചുമത്തപ്പെട്ടിരിക്കുന്നത്. എല്‍ കെ അദ്വാനിയുടെ രഥയാത്രയോടനുബന്ധിച്ച് ജംജോധ്പൂരില്‍ കലാപം നടത്തിയതിന് അറസ്റ്റ് ചെയ്യപ്പെട്ടതായിരുന്നു മറ്റു നൂറ്റി മുപ്പത്തിമൂന്ന് പേര്‍ക്കൊപ്പം പ്രഭുദാസും. “ധര്‍മ സംസ്ഥാപനത്തിന് വേണ്ടി ഇറങ്ങിത്തിരിച്ച സംഘപ്രവര്‍ത്തകനെ അരുംകൊല ചെയ്തവനെ പാഠം പഠിപ്പിക്കു”മെന്നതാണ് സഞ്ജീവിനെതിരെ വന്ന കോടതി വിധിയോടുള്ള സംഘ്പരിവാര്‍ പ്രതികരണം. അതായത് ഇപ്പോള്‍ സഞ്ജീവിനെതിരെ ആഘോഷിക്കാന്‍ പറ്റിയ ഏറ്റവും മികച്ച വഴികള്‍ ഒരുക്കുകയാണ് ഫാസിസ്റ്റുകള്‍. ഗുജറാത്ത് കലാപത്തെ പറ്റിയുള്ള സഞ്ജീവിന്റെ വെളിപ്പെടുത്തലുകള്‍ തുടങ്ങിയ അന്നു മുതല്‍ക്കുതന്നെ അയാള്‍ വേട്ടയാടപ്പെടാനും തുടങ്ങിയിട്ടുണ്ട്.

ശ്വേത ഭട്ട്‌

ഡിപ്പാര്‍ട്‌മെന്റില്‍ വരെ ശത്രുക്കളായിരുന്നു. ഏതു നിമിഷവും വധിക്കപ്പെട്ടേക്കുമെന്ന് വരെ സഞ്ജീവിന് ബോധ്യമുണ്ടായിരുന്നു. പക്ഷേ, അതയാളെ കൂടുതല്‍ കരുത്തനും ധീരനുമാക്കിയതേയുള്ളൂ. 2011ലാണ് സഞ്ജീവ് ഭട്ട് സസ്‌പെന്‍ഡ് ചെയ്യപ്പെടുന്നത്. സര്‍വീസില്‍ ഹാജരാകുന്നില്ല എന്നതായിരുന്നു കുറ്റം. പിന്നീട് സര്‍ക്കാര്‍ വാഹനം സ്വകാര്യ ആവശ്യങ്ങള്‍ക്കായി ദുരുപയോഗം ചെയ്തു എന്ന് തുടങ്ങി ചെറുതും വലുതുമായി കുറേ കുറ്റങ്ങള്‍ ഒന്നിന് പിറകെ ഒന്നായി സഞ്ജീവിനുമേല്‍ ചാര്‍ത്തപ്പെട്ടു. 1996ല്‍ എസ് പി ആയിരിക്കുമ്പോള്‍ ഒരു വക്കീലിനെ അറസ്റ്റ് ചെയ്യാന്‍ അയാളുടെ കൈവശം മയക്കുമരുന്ന് പിടിപ്പിച്ചു എന്ന കേസിന്റെ പേരിലാണ് സഞ്ജീവ് ഭട്ട് ഒടുവില്‍ കസ്റ്റഡിയിലെടുക്കപ്പെടുന്നത്. ഈ വിഷയത്തില്‍ ജാമ്യമനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. പോരാത്തതിന് പ്രഭുദാസിന്റെ കസ്റ്റഡി മരണത്തിലുള്ള കേസില്‍ ഈ ജൂണ്‍ ഇരുപതിന് മുമ്പായി വിധി പറയണമെന്ന് സുപ്രീം കോടതി മറ്റൊരു സന്ദര്‍ഭത്തില്‍ നിര്‍ദേശിക്കുക കൂടി ചെയ്തു. ശത്രുക്കള്‍ക്ക് അവസരങ്ങളെല്ലാം ഒത്തുവന്നത് അങ്ങനെയാണ്.

സ്വാഭാവികമായും മോദിയോട് ഭക്തിയുള്ള ഉദ്യോഗസ്ഥരുടെ നാടാണ് ഗുജറാത്ത്. അവിടെ ഒറ്റക്കൊരു പോരാട്ടം തന്നെ ജീവന്‍ വരെ പണയം വെക്കാന്‍ ഉറപ്പുള്ളവര്‍ക്കേ പറ്റൂ. സര്‍വീസിലല്ല അതിനു പുറത്താണ് തന്റെ പോരാട്ടം വേണ്ടതെങ്കില്‍ അങ്ങനെയും എന്ന മട്ടിലായിരുന്നു അയാള്‍. സഞ്ജീവ് ഭട്ട് അവര്‍ക്ക് എന്ന് അനഭിമതനായോ അന്നു മുതല്‍ തടങ്കലിലായിരുന്നു എന്നതാണ് സത്യം. അത്രയും ഭയമായിരുന്നു അവര്‍ക്ക് ഈ ഒറ്റയാനെ. അയാളുടെ വീട്ടില്‍ എപ്പോഴും റെയ്ഡുകള്‍ നടന്നു. സുഹൃത്തുക്കളെ അകറ്റി. കുടുംബത്തെ ഭീഷണിപ്പെടുത്തി. അയാള്‍ തളരാന്‍ ഒരുക്കമായിരുന്നില്ല; അയാളുടെ കുടുംബവും അയാളെ തോല്‍ക്കാന്‍ വിട്ടുകൊടുക്കില്ലായിരുന്നു.

സഞ്ജീവ് ഭട്ടിന്റെ പോരാട്ടത്തിലെപ്പോഴും ഉരുക്കിന്റെ ഉറപ്പില്‍ പിന്തുണ കൊടുക്കാനുണ്ടായിരുന്നത് ശ്വേത ഭട്ട് എന്ന ഭാര്യ മാത്രമായിരുന്നു. ജനാധിപത്യം അവസാനിപ്പിച്ചവരോടാണ് പൊരുതാനുള്ളതെന്നതിനാല്‍ ഇഞ്ചിഞ്ചായി കൊലചെയ്യപ്പെടുമെന്ന തിരിച്ചറിവ് ശ്വേതക്കും ഉണ്ടായിരുന്നു. അതുകൊണ്ടാണ് അവരെപ്പോഴും അവരുടെ മൂല്യങ്ങള്‍ക്കൊപ്പം മാത്രം നിലകൊണ്ടത്. ഇക്കാലത്തിനിടക്ക്, ഒടുവിലത്തെ നിയമസഭാ തിരഞ്ഞെടുപ്പ് വരെ ഗുജറാത്തില്‍ ബി ജെ പി മാത്രം എന്ന സ്ഥിതിയായിരിക്കുമ്പോഴും ഏറ്റുമുട്ടാന്‍ കാണിച്ച ധൈര്യം വിവേകപൂര്‍ണമായിരുന്നുവെന്ന് നമുക്ക് അടിവരയിടാന്‍ പറ്റുന്നത് അയാള്‍ മറുപക്ഷത്തൊരു രാഷ്ട്രീയ പാര്‍ട്ടിയിലും ചേക്കേറി ഒരു സീറ്റും തരപ്പെടുത്തി മത്സരിച്ചു ജയിക്കാന്‍ ആഗ്രഹിച്ചില്ല എന്നിടത്താണ്. അയാള്‍ എപ്പോഴും ഒറ്റക്കായിരുന്നു.

ഇത് രാഷ്ട്രീയ വൈരാഗ്യമാണെന്ന് ശ്വേത തറപ്പിച്ചു പറയുന്നു. മേല്‍ക്കോടതികളില്‍ ഒരു ശക്തമായ നിയമ പോരാട്ടത്തിനുറച്ചു തന്നെയാണ് അവര്‍. കഴിഞ്ഞ കുറെ മാസങ്ങളായി സഞ്ജീവിന്റെ ഒരു വിവരവും അവര്‍ക്കോ പുറംലോകത്തിനോ ലഭ്യമായിരുന്നു പോലുമില്ല. സഞ്ജീവ് ഭട്ടിന്റെ ആരോഗ്യ സ്ഥിതിയും പോലീസ് കസ്റ്റഡിയില്‍ വഷളായതായി ശ്വേത പറയുന്നു. കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് സഞ്ജീവ് ഭട്ട് വിധേയമായിട്ടുണ്ട്. അയാളെ കസ്റ്റഡിയിലെടുത്തത് മുതല്‍ ഗുജറാത്തിലെ ബി ജെ പി സര്‍ക്കാറിന്റെ പോലീസ് അയാളോടും കുടുംബത്തോടും പെരുമാറിയ രീതി കടുത്ത ഫാസിസ്റ്റ് വാദങ്ങള്‍ കൊണ്ട് മാത്രമേ ന്യായീകരിക്കപ്പെടുകയുള്ളൂ.

സാമ്പത്തികമായി ആകെ ഞെരുക്കത്തിലായ ശ്വേത കേസ് നടത്തിപ്പിനായി ക്രൗഡ് ഫണ്ടിംഗിന്റെ മാര്‍ഗങ്ങള്‍ തേടിയിരിക്കുകയാണ്. ഭരണകൂട ഭീകരതക്കെതിരെയുള്ള നിയമ പോരാട്ടത്തിന്റെ ഏറ്റവും ജനകീയമായ ചരിത്രമായിരിക്കും ഒരുപക്ഷെ ശ്വേത കുറിക്കാന്‍ പോകുന്നത്.

അപ്പോഴും, ഫാസിസത്തിന് ഇഷ്ടമില്ലാത്ത സത്യങ്ങള്‍ പറയുന്നവരുടെ സ്ഥിതി മാറാന്‍ പോകുന്നില്ല. അവര്‍ ക്രൂരമായി വേട്ടയാടപ്പെടും. അവര്‍ രാജ്യദ്രോഹികളും ഒറ്റുകാരും ജീവിക്കാന്‍ യോഗ്യതയില്ലാത്തവരുമാകും. അവര്‍ ഉന്മൂലനം ചെയ്യപ്പെടും. ഗുജറാത്ത് കലാപത്തെ പറ്റിയുള്ള സത്യങ്ങള്‍ പറഞ്ഞവരെയും എഴുതിയവരെയും അവരിപ്പോഴും പിന്തുടരുന്നുണ്ടല്ലോ. തെഹല്‍കക്ക് എന്തുപറ്റിയതാണ്? നിയമനിര്‍മാതാക്കളുടെ എണ്ണത്തില്‍ അസാമാന്യ മേല്‍ക്കോയ്മ കൈവരിച്ചിരിക്കെ, പണവും അധികാരവും കൈവശമുണ്ടായിരിക്കെ, നിയമ പാലകരും നിയമം വ്യാഖ്യാനിക്കുന്നവരും നിയമം പറയുന്നവരും ഭരണകൂടത്തിന് വിധേയരാകുന്ന കാഴ്ച കണ്ടുകൊണ്ടിരിക്കുന്നു നാം. അതെ, ഇത് മോദിയുടെയും അമിത് ഷായുടെയും സംഘിസ്ഥാനമാണ്.

ഗുജറാത്ത് കലാപത്തില്‍ മോദിക്കുണ്ടായിരുന്ന പങ്കിനെ കുറിച്ച് പറഞ്ഞിരുന്നവരെല്ലാം പല വിധേനയും ആക്രമിക്കപ്പെട്ടിട്ടുണ്ട്. പലര്‍ക്കും പിറകോട്ട് മാറേണ്ടതായും വന്നിട്ടുണ്ട്. ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്ന് രാഷ്ട്രീയക്കാരനായതോടെ ആശിഷ് ഖേതനെ പിന്നെ കാണാതെയും കേള്‍ക്കാതെയുമായി. ബര്‍ഖ ദത്തും രജ്ദീപ് സര്‍ദേശായിയും അവരുടെ മാധ്യമ സ്ഥാപനങ്ങളുടെ “പരിമിതി”കള്‍ക്കകത്തായി. അപ്പോഴും റാണാ അയ്യൂബും സഞ്ജീവ് ഭട്ടും എപ്പോഴും ഇവിടെയുണ്ടായിരുന്നു. ഐ പി എസ്സുകാരനായ സഞ്ജീവ് ഭട്ടിനെ ഇങ്ങനെ കുരുക്കുമ്പോള്‍ സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകയായ റാണാ അയ്യൂബിന്റെ സ്ഥിതിയെന്താകും? അവരെ സാമൂഹിക മാധ്യമങ്ങളിലും മറ്റും അപകീര്‍ത്തിപ്പെടുത്താനും ബലാത്സംഗം ചെയ്യുമെന്നും കൊന്നുകളയുമെന്നും ഭീഷണിപ്പെടുത്താനും പ്രത്യേകം പരിശീലിപ്പിക്കപ്പെട്ടവര്‍ ഉണ്ടെന്ന് തോന്നിപ്പോകും ചിലപ്പോഴെങ്കിലും. അത്രക്ക് അസഹനീയമാണ് സ്ഥിതി.

ദീപ മെഹ്ത സംവിധാനം ചെയ്ത നെറ്റ്ഫ്‌ലിക്‌സ് ഒറിജിനലിന് വേണ്ടിയുള്ള “ലൈല”യുടെ പ്രമേയം ആര്യവാര്‍ത്ത എന്ന ഒരു രാജ്യത്തെ സാമൂഹിക രാഷ്ട്രീയ സ്ഥിതികളാണ്. കുറച്ചുകൂടി കാലം കഴിഞ്ഞാല്‍ ഇന്ത്യ ഉണ്ടാകില്ല, പകരം ഒരു “ആര്യവാര്‍ത്ത” സംഭവിക്കുമെന്ന് പ്രവചിക്കുന്നതു പോലെയുണ്ട് അത്. ഇപ്പോള്‍ ഇവിടെ നടക്കുന്നതെല്ലാം അങ്ങനെ കുറെ സംഭവങ്ങളുമാണല്ലോ.

എന്‍ എസ് അബ്ദുല്‍ ഹമീദ് • nsabdulhameed@gmail.com

Latest