ബിനോയ് കോടിയേരിക്കെതിരെ കൂടുതല്‍ തെളിവ്; പരാതിക്കാരിയുടെ പാസ്‌പോര്‍ട്ടില്‍ ഭര്‍ത്താവിന്റെ പേര് ബിനോയ്

Posted on: June 23, 2019 2:03 pm | Last updated: June 24, 2019 at 10:21 am

തിരുവനന്തപുരം: ബീഹാര്‍ സ്വദേശിയായ യുവതി നല്‍കിയ പീഡന പരാതിയുമായി ബന്ധപ്പെട്ട് ബിനോയ് കോടിയേരിക്കെതിരെ കൂടുതല്‍ ശക്തമായ തെളിവുകള്‍. യുവതിയുടെ പാസ്‌പോര്‍ട്ടില്‍ ഭര്‍ത്താവിന്റെ പേര് ബിനോയ് വിനോദിനി ബാലകൃഷ്ണന്‍ എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 2014ല്‍ പുതുക്കിയ പാസ്‌പോര്‍ട്ടിലാണ് ഭര്‍ത്താവിന്റെ സ്ഥാനത്ത് ബിനോയിയുടെ പേരുള്ളത്. യുവതി നിലവില്‍ താമസിക്കുന്ന മുംബൈയിലെ മലാഡില്‍ നിന്ന് എടുത്ത പാസ്‌പോര്‍ട്ടാണിത്. വിവാഹ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ പാസ്‌പോര്‍ട്ടില്‍ ഭര്‍ത്താവിന്റെയോ ഭാര്യയുടെയോ പേരു ചേര്‍ക്കാന്‍ നിയമവ്യവസ്ഥകള്‍ അനുവദിക്കുന്നില്ല എന്നത്‌
കേസില്‍ ബിനോയിക്കെതിരായ കുരുക്ക് മുറുക്കിയിരിക്കുകയാണ്.

ബിനോയിയുമായി വിവാഹം രജിസ്റ്റര്‍ ചെയ്തതിന്റെയും ബേങ്ക് ഇടപാടുകളുടെയും രേഖകള്‍ പരാതിക്കാരി നേരത്തെ പോലീസിനു കൈമാറിയിരുന്നു. ഇവയിലെല്ലാം ഭര്‍ത്താവിന്റെ പേര് രേഖപ്പെടുത്തിയിട്ടുള്ളത് ബിനോയ് വിനോദിനി ബാലകൃഷ്ണന്‍ എന്നാണ്. യുവതിയുടെ പരാതിയെ തുടര്‍ന്ന് ഒളിവില്‍ പോയ ബിനോയിക്കായി പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. ബിനോയിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തിങ്കളാഴ്ചയാണ് കോടതി വിധി പറയുന്നത്.