Connect with us

National

സഹിഷ്ണുതക്ക് പ്രതിജ്ഞാബദ്ധം; ന്യൂനപക്ഷങ്ങള്‍ അരക്ഷിതാവസ്ഥയിലെന്ന യു എസ് റിപ്പോര്‍ട്ട് ഇന്ത്യ തള്ളി

Published

|

Last Updated

ന്യൂഡല്‍ഹി: ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ അരക്ഷിതാവസ്ഥയിലാണെന്ന് വ്യക്തമാക്കുന്ന അമേരിക്കയുടെ റിപ്പോര്‍ട്ട് ഇന്ത്യ തള്ളി. ഭരണഘടനാപരമായി സംരക്ഷിക്കപ്പെട്ട ഇന്ത്യന്‍ ജനതയുടെ അവകാശങ്ങളെ സംബന്ധിച്ച് വിദേശരാഷ്ട്രത്തിന്റെ സര്‍ക്കാര്‍ അഭിപ്രായം പറയേണ്ടതില്ലെന്ന് വിദേശ മന്ത്രാലയ വക്താവ് രവീഷ് കുമാര്‍ പറഞ്ഞു. മത സഹിഷ്ണുതക്ക് ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.

യു എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ടുമെന്റിന്റെ 2018ലെ അന്താരാഷ്ട്ര മതസ്വാതന്ത്ര്യ റിപ്പോര്‍ട്ടിലാണ് ഇന്ത്യയിലെ ന്യുനപക്ഷങ്ങള്‍ അഭിമുഖീകരിക്കുന്ന അരക്ഷിതാവസ്ഥ സംബന്ധിച്ച് പരാമര്‍ശങ്ങളുള്ളത്. തീവ്രഹിന്ദു സംഘനകളുടെ ഗ്രൂപ്പുകളില്‍ പെട്ട ആള്‍ക്കൂട്ടങ്ങള്‍ ന്യൂനപക്ഷങ്ങള്‍ക്ക്, പ്രത്യേകിച്ച് മുസ്‌ലിങ്ങള്‍ക്കെതിരെ ആക്രമണം നടത്തുന്നത് തുടരുകയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മാംസത്തിനായി പശുക്കളെ വില്‍ക്കുകയും കൊല്ലുകയും ചെയ്യുന്നതായി ആരോപിച്ചാണ് മുസ്‌ലിങ്ങള്‍ക്കെതിരെ അക്രമണങ്ങള്‍ സംഘടിപ്പിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

മതേതര മൂല്യങ്ങളിലും സഹിഷ്ണുതയിലും ഉള്‍ക്കൊള്ളലിലും പ്രതിജ്ഞാബദ്ധതയുള്ള വൈവിധ്യപൂര്‍ണമായ സമൂഹം നിലനില്‍ക്കുന്ന ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമാണെന്നതില്‍ ഇന്ത്യക്ക് അഭിമാനമുണ്ടെന്ന് രവീഷ് കുമാര്‍ പറഞ്ഞു. മതന്യൂനപക്ഷങ്ങള്‍ ഉള്‍പ്പടെ എല്ലാ പൗരന്മാര്‍ക്കും മൗലികാവകാശങ്ങള്‍ ഇന്ത്യന്‍ ഭരണഘടന ഉറപ്പുവരുത്തുന്നുണ്ട്. മൗലികാവകാശങ്ങള്‍ക്കും മതസ്വാതന്ത്ര്യത്തിനും സംരക്ഷണം നല്‍കുകയും മുന്നോട്ടു കൊണ്ടുപോവുകയും ചെയ്യുന്ന, ജനാധിപത്യ ഭരണവും നിയമ വ്യവസ്ഥയും നിലനില്‍ക്കുന്ന മാതൃകാ രാജ്യമാണ് ഇന്ത്യയെന്നത് ലോകം മുഴുക്കെ അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ്. ഇന്ത്യയിലെ പൗരന്മാരുടെ ഭരണഘടനാപരമായി സംരക്ഷിക്കപ്പെട്ട അവകാശങ്ങളെ കുറിച്ച് ഒരു വിദേശ രാഷ്ട്രം അഭിപ്രായം പറയുന്നത് ശരിയല്ല. രവീഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.