Connect with us

Editorial

ഭൂമി തരിശായി കിടക്കരുത്

Published

|

Last Updated

ശുഭോദർക്കമാണ് തരിശുഭൂമി കൃഷിയോഗ്യമാക്കൽ പദ്ധതിയിലൂടെ കഴിഞ്ഞ മൂന്ന് വർഷത്തിനിടെ കേരളം 33,421 ടൺ അരി കൂടുതലായി ഉത്പാദിച്ചെന്ന വിവരം. വ്യാഴാഴ്ച നിയമസഭാ ചോദ്യോത്തര വേളയിൽ കൃഷി മന്ത്രി വി എസ് സുനിൽകുമാറാണ് ഇക്കാര്യമറിയിച്ചത്. 2018-19 വർഷത്തിൽ 2,02,985 ഹെക്ടർ സ്ഥലത്ത് പുതുതായി കൃഷി ഇറക്കുകയുണ്ടായി. പച്ചക്കറി ഉത്പാദനം ഇക്കാലയളവിൽ 7.25 ടണ്ണിൽ നിന്നു 12.02 ടണ്ണിലേക്ക് ഉയർന്നതായും മന്ത്രി വെളിപ്പെടുത്തി.

ഉപഭോക്തൃ സംസ്ഥാനമാണ് കേരളം. മുഖ്യഭക്ഷണമായ അരി, പച്ചക്കറികൾ, പഴവർഗങ്ങൾ തുടങ്ങി എല്ലാറ്റിനും മറ്റു സംസ്ഥാനങ്ങളെ ആശ്രയിക്കുകയാണ് മലയാളി. കഷ്ടിച്ച് മൂന്ന് മാസത്തേക്കുള്ള അരിയാണ് കേരളത്തിലെ നെൽവയലുകളിൽ ഉത്പാദിപ്പിക്കപ്പെടുന്നത്. കേരളത്തിന് ഒരു ദിവസം ശരാശരി 7,500 ടൺ അരി വേണമെന്നാണ് കണക്ക്. ഇതിന്റെ നാലിലൊന്ന് മാത്രമാണ് ആഭ്യന്തരോത്പാദനം. തമിഴ്‌നാട്, കർണാടക, ആന്ധ്ര, തുടങ്ങി ഇതര സംസ്ഥാനങ്ങളിൽ നിന്നു വാങ്ങുകയാണ് 75 ശതമാനം അരിയും. അരി ഇറക്കുമതിക്കായി പ്രതിവർഷം കേരളം കുറഞ്ഞത് 5,000 കോടി രൂപയാണ് ഇതര സംസ്ഥാനങ്ങൾക്ക് നൽകുന്നത്. മലയാളിയുടെ ഉപഭോക്തൃ സംസ്‌കാരം മറ്റ് സംസ്ഥാനങ്ങൾ മുതലെടുക്കുകയും ചെയ്യുന്നു. അവിടങ്ങളിൽ നിന്നുള്ള ചരക്ക് വണ്ടികളുടെ ഓട്ടം നിലച്ചാൽ പട്ടിണിയിലാകും കേരളം.

കേരളത്തിന്റെ ഭൂമി കൃഷിയോഗ്യമല്ലാത്തത് കൊണ്ടോ, മലയാളികൾക്ക് കൃഷി ചെയ്യാനറിയാത്തത് കൊണ്ടോ അല്ല ഇത്. മികച്ച രീതിയിൽ കൃഷി ചെയ്യുക വഴി ഉത്പാദനത്തിൽ റെക്കോർഡ് നേട്ടം കൈവരിക്കുകയും അരി ആവശ്യത്തിൽ കൂടുതലായതിനാൽ രാജ്യത്തിന്റെ കരുതൽ ശേഖരത്തിലേക്ക് നൽകുകയും ചെയ്ത ചരിത്രം അയവിറക്കാനുണ്ട് സംസ്ഥാനത്തിന്. 1955-56 കാലഘട്ടത്തിൽ 7,60,000 ഹെക്ടർ നെൽപ്പാടമുണ്ടായിരുന്നു സംസ്ഥാനത്ത്. അന്ന് ഇവിടെ നെൽകൃഷി ഉത്പാദനം റെക്കോർഡ് കവിഞ്ഞു. രാജ്യത്തിന്റെ കരുതൽ ഭക്ഷ്യശേഖരത്തിലേക്ക് 32 ശതമാനം വർധനയാണ് ആ വർഷം കേരളം സമ്മാനിച്ചത്. എന്നാൽ 2014-15 വർഷത്തിലെത്തിയപ്പോഴേക്കും 5,62,090 ടണ്ണിലേക്ക് കുത്തനെ ഇടിയുകയായിരുന്നു കേരളത്തിന്റെ അരി ഉത്പാദനം.

വീടുകളും വ്യവസായ സ്ഥാപനങ്ങളും വ്യാപാരസമുച്ചയങ്ങളും കൈയടക്കുക മൂലം വയലുകളുടെ വിസ്തൃതിയിൽ വന്ന ഗണ്യമായ കുറവ്, അഭ്യസ്തവിദ്യരായ പുതിയ തലമുറയുടെ കൃഷിപ്പണിയോടുള്ള അനാഭിമുഖ്യം, നെൽകൃഷി ആദായകരമല്ലാത്ത ഏർപ്പാടായി മാറിയതോടെ ഈ രംഗത്തു നിന്നുള്ള കർഷകരുടെ പിൻമാറ്റം, വയലുകൾ മറ്റു കൃഷികൾക്ക് ഉപയോഗിക്കൽ തുടങ്ങിയവയാണ് സംസ്ഥാനത്തെ നെല്ല് ഉത്പാദനം കുത്തനെ ഇടിയാൻ കാരണമായത്. നെൽകൃഷിയിൽ നിന്നുള്ള ഈ പിന്നോട്ടടി അവസാനിപ്പിച്ച് ഉത്പാദനം വർധിപ്പിക്കുകയും ഈ രംഗത്ത് സംസ്ഥാനം സ്വയം പര്യാപ്തത നേടുകയും ചെയ്യേണ്ടതുണ്ട്. പല കാരണങ്ങളാലും സംസ്ഥാനങ്ങൾക്കിടയിൽ ഭിന്നത ഉടലെടുക്കുകയും ചിലപ്പോൾ അത് സംഘർഷാത്മകമാകുകയും ചെയ്തു കൊണ്ടിരിക്കെ, അരി അയക്കില്ലെന്നു അയൽ സംസ്ഥാനം ഭീഷണിപ്പെടുത്തിയാൽ അവർക്കു മുമ്പിൽ തലകുമ്പിടേണ്ട അവസ്ഥയിൽ നിന്നു സംസ്ഥാനം മോചിതമായേ തീരൂ.

നഷ്ടപ്പെട്ട പാടശേഖരങ്ങൾ തിരിച്ചു പിടിക്കുക സാധ്യമല്ല. പാടശേഖരങ്ങളുടെ വിസ്തൃതി ഇനിയും കുറയാതെ സൂക്ഷിക്കുകയും തരിശായി കിടക്കുന്നതും ഒരു കൃഷിയും ചെയ്യാതെ വെറുതേ ഇട്ടിരിക്കുന്നതുമായ ഭൂമി ഉപയോഗപ്പെടുത്തുകയുമാണ് നമ്മുടെ മുമ്പിൽ അവശേഷിച്ച മാർഗം. 2014-15ലെ കണക്ക് പ്രകാരം സംസ്ഥാനത്ത് 1,61,362 ഏക്കർ തരിശു ഭൂമിയുണ്ട്. ഇത്രയും ഭൂമിയിൽ കാർഷികോത്പാദനം നടത്തിയാൽ അത് വലിയൊരു മുതൽക്കൂട്ടാകും. ഈ ലക്ഷ്യത്തിൽ പുതിയൊരു നിയമനിർമാണം സംസ്ഥാന സർക്കാറിന്റെ പരിഗണനയിലുണ്ട്. കൃഷിക്ക് അനുയോജ്യമായ ഭൂമി തരിശിടുന്നത് നിയമം മൂലം നിരോധിക്കുക, ഭൂ ഉടമ കൃഷിചെയ്യാൻ തയ്യാറായില്ലെങ്കിൽ കൃഷിയോട്ആഭിമുഖ്യമുള്ള വ്യക്തികൾക്കോ, സംഘടനകൾക്കോ, പഞ്ചായത്തുകൾക്കോ അതിൽ കൃഷിയിറക്കാൻ അനുമതി നൽകുക തുടങ്ങിയ വ്യവസ്ഥകളാണ് നിയമം വിഭാവനം ചെയ്യുന്നത്. ഹരിത കേരളം പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ, അയൽക്കൂട്ടം, യുവകൂട്ടായ്മ, സന്നദ്ധ സംഘടനകൾ, വിദ്യാർഥികൾ തുടങ്ങി വിവിധ മേഖലകളിലുള്ളവരെ ഉപയോഗപ്പെടുത്തി പച്ചക്കറി കൃഷി വ്യാപിപ്പിക്കാനുളള പ്രവർത്തനങ്ങൾ സംസ്ഥാനത്ത് പുരോഗമിച്ചു വരികയാണ്. നെല്ലുത്പാദനത്തിലും പരീക്ഷിക്കാകുന്നതാണ് ഈ രീതി. തരിശുഭൂമിയിൽ കൃഷി ചെയ്യുമ്പോൾ ഭൂവുടമയുടേയും കൃഷിക്കാരന്റെയും താത്പര്യം സംരക്ഷിക്കപ്പെടുന്ന തരത്തിലാണ് നിയമം ക്രോഡീകരിക്കപ്പെടുന്നത്.

എന്നാൽ ഇത്തരമൊരു നിയമം ആവിഷ്‌കരിക്കുന്നതോടൊപ്പം എന്തുകൊണ്ട് കർഷകർ ഭൂമി തരിശിടുന്നു എന്നതിനു കൂടി മറുപടി കണ്ടെത്തേണ്ടതുണ്ട് സർക്കാർ. വിളവെടുപ്പിന് ശേഷം ഉത്പന്ന വിലയി ലുണ്ടാകുന്ന ഇടിവ്, തൊഴിലാളികളെ കിട്ടാത്ത സാഹചര്യം, കൂലിച്ചെലവിലെ വർധന തുടങ്ങിയ പ്രതികൂല ഘടകങ്ങളാണ് ഭൂവുടമകളെ കാർഷിക രംഗത്ത് നിന്നകറ്റുന്നത്. ഉത്പന്ന വിലയിടിവിനും തൊഴിലാളി ദൗർലഭ്യതക്കും പരിഹാരമുണ്ടാക്കുകയും ഉത്പാദനച്ചെലവ് പിടിച്ചു നിർത്താൻ നടപടി സ്വീകരിക്കുകയും ചെയ്താൽ ഭൂവുടമകൾ തന്നെ കൃഷിയിറക്കാൻ സന്നദ്ധമാകും. ഭക്ഷ്യസുരക്ഷയും കൃഷിയിലെ സ്വയംപര്യാപ്തതയും മുൻനിർത്തി കേന്ദ്രസർക്കാറിന്റെ ഭാഗത്തു നിന്ന് പല നിർദേശങ്ങളും സംസ്ഥാനങ്ങൾക്ക് നൽകിയിട്ടുണ്ട്. അവയിൽ നിന്നു സംസ്ഥാനത്തിന്റെ താത്പര്യത്തിനു വിരുദ്ധമല്ലാത്ത നിർദേശങ്ങൾ ഉൾക്കൊള്ളാകുന്നതാണ്. ഭൂവുടമക്കോ നാടിനോ ഉപകാരപ്പെടാത്ത വിധം ഭൂമി തരിശായി കിടക്കുന്ന അവസ്ഥ ഉണ്ടാകരുത്.