Connect with us

Book Review

ആഴങ്ങളിലേക്കിറങ്ങുന്ന സർഗവിചാരങ്ങൾ

Published

|

Last Updated

വായന: അക്ഷരാർത്ഥം – ജ്യോതിക

“ജ്യോതിക” എന്ന പേരിൽ മുഖ്യധാരാ ആനുകാലികങ്ങളിൽ ചില നിരൂപണ ലേഖനങ്ങൾ വായിച്ച സമയത്തൊന്നും അവർ നാട്ടുകാരിയാണെന്നറിഞ്ഞിരുന്നില്ല. യാദൃച്ഛികമായാണ് മേലാറ്റൂർ ആർ എം എസ് എ സ്‌കൂളിലെ അധ്യാപകനും എഴുത്തുകാരനുമായ എൻ പി വിജയകൃഷ്ണൻ, “നിങ്ങളുടെ നാട്ടുകാരിയല്ലേ ജ്യോതിക ടീച്ചർ എന്ന്”പറഞ്ഞ് അവിടെ അധ്യാപികയായി ജോലി ചെയ്യുന്ന ജ്യോതികയെന്ന നിരൂപണ- പഠന എഴുത്തുകാരിയെ പരിചയപ്പെടുത്തി തരുന്നത്.

കാളികാവിൽ താമസിക്കുന്ന കരുവാരക്കുണ്ട് സ്വദേശിനിയായ ടീച്ചറുമായുള്ള ആ പരിചയം വായന, എഴുത്ത് വിശേഷങ്ങൾ പങ്കുവെക്കാനുള്ള മികച്ച സൗഹൃദമായി തുടരുന്നു. പരിചയപ്പെട്ട സന്തോഷത്തിൽ അന്ന് സമ്മാനിച്ച അവരുടെ കന്നി പുസ്തകമാണ് “അക്ഷരാർഥം” എന്ന സാഹിത്യ പഠനങ്ങളുടെ സമാഹാരം. ഉപരിപ്ലവ വായനക്ക് പിടികിട്ടാത്ത തരത്തിൽ കൃതികളുടെ ആഴത്തിലേക്ക് ഇറങ്ങിച്ചെന്ന് സൃഷ്ടിയിലെ ആശയങ്ങൾക്ക് കാവ്യാത്മക രീതിയിൽ താത്വിക വിശകലനങ്ങൾ കണ്ടെത്തുന്ന തരത്തിലാണ് ജ്യോതികയുടെ നിരൂപണങ്ങളത്രയും. അക്ഷരാർഥത്തിലെ “മൗനത്തിന്റെ കൈയൊപ്പ്” എന്ന ഭാഗത്ത് എം ടിയുടെ നോവൽ മഞ്ഞിനെ അവർ ഈ തരത്തിലാണ് പോസ്റ്റ്‌മോർട്ടത്തിന് വിധേയമാക്കിയത്.

“ദാമ്പത്യത്തിന്റെയോ മാതൃത്വത്തിന്റെയോ പ്രണയത്തിന്റെ പോലുമോ കെട്ടുപാടില്ലാത്ത സ്വതന്ത്ര ജീവിതം കാംക്ഷിക്കുന്ന ഒരു മനസ്സിന്റെ നിമിഷങ്ങളിൽ ജീവിക്കാൻ കൊതിക്കുന്ന മനസ്സിന്റെ സ്വാഭാവികമായ അവസ്ഥാവിശേഷമാണ് മടുപ്പ്”. ഈ വരികളിൽ ജീവിതത്തിന്റെയും മനസ്സിന്റെയും വിവിധ തലങ്ങളെ താത്വികമായി അവലോകനം ചെയ്യുന്ന സർഗാത്മകതയുടെ കാവ്യശൈലി അടയാളപ്പെട്ട് കിടക്കുന്നതായി കാണാം.

മഞ്ഞിലെ മൗനമന്ത്രത്തെ ടീച്ചർ അടയാളപ്പെടുത്തുന്നതിങ്ങനെ. “നിശ്ശബ്ദത ഒരു ആയുധമാണ്, ഒരു മൂക സമരായുധം. നിശ്ശബ്ദനായ ഒരു വ്യക്തി സദാ ജാഗരൂകനാണ്. തന്റെ ചുറ്റുപാടുകളെയും തന്നെത്തന്നെയും അയാൾ വിലയിരുത്തുന്നുണ്ട്. മൂല്യവത്തായ ഒരു സാംസ്‌കാരിക പന്ഥാവിലൂടെ ജീവിച്ചു പോകുന്ന വ്യക്തിക്ക് നിശ്ശബ്ദത ജീവിത പ്രായോഗികതയുടെ സ്വഭാവികമായ ആവർത്തനമാണ്.” മഞ്ഞിന്റെ സ്രഷ്ടാവായ എം ടി എന്ന നോവലിസ്റ്റിന്റെ ചിന്തകൾക്കും അപ്പുറം നിരൂപക രൂപപ്പെടുത്തിയെടുക്കുന്ന മറുവായന ഇത്തരം വരികളിൽ ദർശിക്കാം.

വൈലോപ്പിള്ളിക്കവിതകളിൽ ഏറ്റവും കൂടുതലായി തെളിയുന്ന ഭാവങ്ങൾ അസൂയയും വന്യതയുമാണെന്ന നിരീക്ഷണത്തിന്, അദ്ദേഹത്തിന്റെ “കണ്ണീർപ്പാടം” എന്ന കാവ്യത്തിൽ നിന്നാണ് അവർ സാധൂകരണം കണ്ടെത്തുന്നത്. ആ നിരീക്ഷണം കവിതയുടെ പോരായ്മയായല്ല അവതരിപ്പിക്കുന്നത്. മനുഷ്യമനസ്സിന്റെ നിർവചിക്കാനാകാത്ത ദുരൂഹതയുടെ ഫ്രോയിഡിയൻ കണ്ടെത്തലിനുള്ള കാവ്യസാക്ഷാത്കാരമായിട്ടാണ്. എന്നാൽ പോലും നിരൂപണമെന്നത് വെറും തലോടലും സുഖിപ്പിക്കലുമല്ലായെന്ന യാഥാർഥ്യം വായനക്കാരിലേക്ക് പകർന്നു നൽകാനാണ് “കണ്ണീർപ്പാടം യഥാർഥത്തിൽ ചിലയിടത്ത് ചളിപ്പാടമാണ്” എന്ന് ഒരിടത്ത് അവർ കുറിക്കുന്നത്. എം ടിയിൽ നിന്ന് തുടങ്ങി വി ടിയിൽ (വി ടി ഭട്ടതിരിപ്പാട്) എത്തുമ്പോൾ വി ടിയുടെ കഥകളിലും നോവലുകളിലും ആത്യന്തികമായി അടങ്ങിയ നാടകീയ സാധ്യതകളെ കണ്ടെത്തുന്ന സൂക്ഷ്മ പഠനങ്ങളാണ് “വി ടിയുടെ പകർന്നാട്ടങ്ങൾ” എന്ന കുറിപ്പിൽ നിറഞ്ഞു നിൽക്കുന്നത്.

ഗ്രേസി, പ്രിയാ എസ്, സിതാര തുടങ്ങിയ പെണ്ണെഴുത്തിന്റെ ശക്തികളെയും ദൗർബല്യങ്ങളെയുമൊക്കെ കീറിമുറിച്ച് അപഗ്രഥിക്കുന്ന ജ്യോതികയുടെ നിരൂപണശൈലി നല്ലൊരു വായനയുടെ തേരോട്ടം തന്നെയായി മാറുന്നു. സിതാരയുടെ “അഗ്‌നി” എന്ന കഥയിലെ കഥാപാത്രം പ്രിയ മുന്നോട്ടു വെക്കുന്ന “തന്നെ വിധിക്കേണ്ടത് താൻ തന്നെ” എന്ന വാദത്തിലടങ്ങിയ കരുത്ത് സ്ത്രീ കൂടെ കൊണ്ടുനടക്കേണ്ട വലിയ ജാഗ്രതയുടെ സന്ദേശമായി “അഗ്നിതാത്രി” എന്ന പഠനഭാഗത്ത് അവർ മുന്നോട്ടുവെക്കുന്നുണ്ട്. മുണ്ടൂർ കൃഷ്ണൻകുട്ടിയുടെ പ്രസിദ്ധ കഥയായ “മൂന്നാമതൊരാൾ” വായനക്കാരനെ മൗനത്തിന്റെ നാനാർഥങ്ങളിലേക്ക് നയിക്കുന്ന കഥയായും അതിനെ ഭാവതീവ്രത കൊണ്ടും ഋജു ഭാഷയാലുള്ള ആഖ്യാനം കൊണ്ടും മാധവിക്കുട്ടിയുടെ “നെയ്പ്പായസ”ത്തിന്റെ തലത്തിലേക്ക് താരതമ്യം ചെയ്യാനും ജ്യോതിക മടിക്കുന്നില്ല.

കുമാരനാശാന്റെ സീതയടക്കമുള്ള സുപ്രധാനങ്ങളായ കാവ്യങ്ങളുടെയെല്ലാം ഉള്ളറകളിലൂടെ ഊളിയിട്ട് നീന്തിക്കയറിയാണ് ആശാന്റെ ഖണ്ഡകാവ്യങ്ങളിൽ കഥാംശം കുറഞ്ഞ കൃതി ചിന്താവിഷ്ടയായ സീതയാണെന്നു തോന്നാം എന്ന് “അപവാദത്തിന്റെ ആഘോഷങ്ങൾ” എന്ന പഠനക്കുറിപ്പിൽ അവർ നിരീക്ഷിക്കുന്നത്. “മക്കൾ എന്ന ഭാവം പോലും അപ്രസക്തമാകുന്ന വിധത്തിൽ പ്രണയം തണുത്തു പോകുന്നു. ഭർത്താവെന്ന അധികാര കേന്ദ്രത്തെ പലപ്പോഴും ഒരു സ്ത്രീ സഹിക്കുന്നത് മക്കൾ എന്ന ആത്മാംശത്തിന്റെ സ്ഥായിയെ ഓർത്തു മാത്രമാണ്.” ആശാന്റെ സീതയെ നിരൂപിച്ച് കണ്ടെത്തുന്ന ഈ വരികളിൽ പ്രണയം എന്ന വിശുദ്ധിക്കുമേൽ ജീവിതത്തിന്റെ ചില പരുക്കൻ യാഥാർഥ്യങ്ങൾ നടത്തുന്ന കടന്നുകയറ്റങ്ങൾ കാണാം.

നമ്പൂതിരിയുടെ വരകളിലൂടെ കോറിയിട്ട സ്ത്രീ സൗന്ദര്യത്തിന്റെ ധാരാളിത്തത്തേയും “പ്രിയപ്പെട്ടവരില്ലാത്ത കഥകൾ” എന്ന ശീർഷകത്തിന് കീഴെ രാജലക്ഷ്മിയടക്കമുള്ളവരുടെ കഥകളും “മുത്തശ്ശി കഥകളുടെ മൃതു സ്പർശ”ത്തിൽ സുമംഗലക്കഥകളിലൂടെയൊക്കെ സഞ്ചരിക്കുന്ന ജ്യോതികയുടെ “അക്ഷരാർഥം” മലയാള നിരൂപണ ശൈലിക്ക് ഉൾക്കാമ്പും ഉൾക്കരുത്തുമുള്ള ആഴമേറിയ പഠനങ്ങൾ സമ്മാനിക്കുന്ന കൃതിയായി വേണം വിലയിരുത്താൻ. നെക്സ്റ്റ് ബുക്‌സ് കോഴിക്കോട് ആണ് പ്രസാധകർ. 104 പേജുള്ള പുസ്തകത്തിന് 75 രൂപയാണ് വില.
.

Latest