സ്റ്റെന്റില്ല; മെഡിക്കൽകോളജിൽ ആൻജിയോപ്ലാസ്റ്റി നിലച്ചു

മാർച്ച് 31 വരെയുള്ള തുകയെങ്കിലും നൽകിയാൽ വിതരണം പുനരാരംഭിക്കാമെന്ന് മരുന്ന് കമ്പനികൾ; ഉറപ്പ് പറയാനാകാതെ പ്രിൻസിപ്പൽ
Posted on: June 22, 2019 10:52 pm | Last updated: June 23, 2019 at 12:54 pm


കോഴിക്കോട്: മെഡിക്കൽകോളജ് ആശുപത്രിയിൽ ആൻജിയോപ്ലാസ്റ്റി പൂർണമായും നിലച്ചു. കുടിശ്ശിക നൽകാത്തത് കാരണം ആൻജിയോ പ്ലാസ്റ്റി വഴി ഘടിപ്പിക്കേണ്ട സ്റ്റെന്റ് വിതരണം കമ്പനികൾ നിർത്തിവെച്ചതോടെയാണിത്.
ഹാർട്ട് അറ്റാക്ക് രോഗികൾക്ക് ശസ്ത്രക്രിയ വഴിയാണ് സ്റ്റെന്റ് ഘടിപ്പിക്കുന്നതെന്നിരിക്കെ ഇത്തരത്തിൽ പതിനഞ്ചോളം കേസുകളാണ് ഒരു ദിവസം മെഡിക്കൽകോളജിൽ നടത്താറ്. ഇക്കഴിഞ്ഞ മാസം പത്ത് മുതൽ സ്റ്റെന്റ് വിതരണം കമ്പനികൾ പൂർണമായും നിർത്തിയിരുന്നു.
കഴിഞ്ഞ ദിവസം വരെ ഒന്നോ, രണ്ടോ ആൻജിയോപ്ലാസ്റ്റി പേരിന് നടത്തിയെങ്കിലും ഇന്നലെ മുതൽ ഈ പ്രക്രിയ നടത്തുന്ന കാത്‌ലാബിന്റെ പ്രവർത്തനം പൂർണമായും അവസാനിപ്പിച്ചിരിക്കുകയാണ്.

ആൻജിയോപ്ലാസ്റ്റി നടത്തേണ്ട രോഗികൾക്ക് ദീർഘമായ ബുക്കിംഗ് തീയതി നൽകി ഡിസ്ചാർജ് ചെയ്യുകയാണിപ്പോൾ.
കൂടാതെ, ഈ സാഹചര്യവുമായി മുന്നോട്ട് പോകാനാകില്ലെന്ന് കാർഡിയോളജി വിഭാഗം മെഡിക്കൽകോളജ് സൂപ്രണ്ടിനെ അറിയിച്ചിട്ടുണ്ട്.
മെഡിക്കൽകോളജ് ആശുപത്രിയിൽ പാവപ്പെട്ട രോഗികൾക്ക് സൗജന്യമായി ചെയ്ത് നൽകുന്ന ആൻജിയോപ്ലാസ്റ്റി ചികിത്സക്ക് രോഗികൾ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട സാഹചര്യമാണിപ്പോൾ.
ഇത്തരം ആശുപത്രികളിൽ ഏകദേശം ഒരു ലക്ഷം രൂപയോളം ചികിത്സക്ക് ആവശ്യമായി വരും. സ്റ്റെന്റുകളുടെ എണ്ണത്തിനനുസരിച്ച് നിരക്കിൽ മാറ്റവുമുണ്ടാകും.

മെഡിക്കൽകോളജിൽ കാരുണ്യ ബെനവലന്റ് ഫണ്ട് വഴി സ്റ്റെന്റ് നൽകിയ ഇനത്തിൽ 2018 ജൂൺ മുതലുള്ള തുകയും ആർ എസ് ബി വൈ ഇനത്തിൽ 2018 ഡിസംബർ മുതലുള്ള തുകയും ആദിവാസി വിഭാഗങ്ങൾക്ക് വേണ്ടിയുള്ള സ്റ്റെന്റ് വിതരണം നടത്തിയ വകയിൽ 2014 മുതലുള്ള തുകയുമടക്കം മൊത്തം 16 കോടി രൂപയാണ് സ്‌റ്റെന്റ് കമ്പനികൾക്ക് മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്ന് ലഭിക്കാനുള്ളത്.

അതേസമയം, മരുന്ന് വിതരണം പൂർണമായും അവസാനിപ്പിച്ചുകൊണ്ടുള്ള കത്ത് മരുന്ന് കമ്പനികൾ, സർജിക്കൽ ഉപകരണങ്ങൾ വിതരണം ചെയ്യുന്നവർ , സ്റ്റെന്റ് വിതരണക്കാർ എന്നിവരുടെ സംയുക്ത സംഘടന ഇന്നലെ മെഡിക്കൽകോളജ് പ്രിൻസിപ്പലിന് നൽകി.

പരിഹാരമാകുന്നതു വരെ സഹകരിക്കാൻ സൂപ്രണ്ട് മരുന്ന് കമ്പനികളോട് ആവശ്യപ്പെട്ടു. എന്നാൽ 2019 മാർച്ച് 31 വരെയുള്ള കുടിശ്ശിക തുകയെങ്കിലും നൽകിയാൽ സഹകരിക്കാമെന്നായിരുന്നു കമ്പനികളുടെ നിലപാട്.
പ്രിൻസിപ്പലിന് ഇക്കാര്യത്തിൽ ഉറപ്പ് പറയാനാകാത്ത സാഹചര്യത്തിൽ അദ്ദേഹത്തിന്റെ അഭ്യർഥന പരിഗണിക്കാനാകില്ലെന്ന് മരുന്ന് വിതരണ കമ്പനി പ്രതിനിധികൾ അറിയിച്ചു.

എന്നാൽ, ആരോഗ്യ ഇൻഷ്വറൻസിന്റെ കരാറേറ്റെടുത്ത റിലയൻസ് പ്രസ്തുത ഇനത്തിൽ ചികിത്സ തേടിയ രോഗികളുടെ മരുന്ന്, സ്റ്റെന്റ് മറ്റ് ഉപകരണങ്ങളുടേതടക്കം മുപ്പത് കോടി രൂപ ആശുപത്രി വികസന സൊസൈറ്റി നൽകാനുണ്ട്. ഇക്കാരണത്താലാണ് കമ്പനികൾക്ക് കുടിശ്ശിക തുക നൽകാൻ കഴിയാതെ മെഡിക്കൽകോളജ് ആശുപത്രി പ്രതിസന്ധിയിലായിരിക്കുന്നത്.
കൂടാതെ മരുന്ന്, സർജിക്കൽ ഉപകരണങ്ങൾ എന്നിവയുടെ വിതരണം കമ്പനികൾ പൂർണമായും നിർത്തിയ സാഹചര്യത്തിൽ ഐ വി സെറ്റടക്കമുള്ള അവശ്യ ഉപകരണങ്ങൾക്ക് സമീപ ദിവസങ്ങളിൽ മെഡിക്കൽകോളജ് ആശുപത്രിയിൽ കടുത്ത ക്ഷാമം നേരിടുമെന്നുറപ്പാണ്.