Connect with us

Kerala

രാജു നാരായണ സ്വാമിക്കെതിരെ അടിയന്തര നടപടിയില്ല; ചീഫ് സെക്രട്ടറിതല സമിതിയുടെ ശിപാര്‍ശ മുഖ്യമന്ത്രി മടക്കി

Published

|

Last Updated

തിരുവനന്തപുരം: കേന്ദ്ര, സംസ്ഥാന സര്‍വീസുകളിലിരിക്കെ നിരുത്തരവാദപരമായി പ്രവര്‍ത്തിച്ചുവെന്നതുള്‍പ്പടെ നിരവധി ആരോപണങ്ങള്‍ നേരിടുന്ന മുതിര്‍ന്ന ഐ എ എസ് ഉദ്യോഗസ്ഥന്‍ രാജു നാരായണ സ്വാമിക്കെതിരെ അടിയന്തര നടപി സ്വീകരിക്കേണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. ഉദ്യോഗസ്ഥനെതിരെ ചീഫ് സെക്രട്ടറിതല സമിതി നല്‍കിയ ശിപാര്‍ശ മുഖ്യമന്ത്രി മടക്കി. അദ്ദേഹത്തെ പിരിച്ചുവിടണോയെന്നത് വിശദമായ ചര്‍ച്ചക്കു ശേഷം മതിയെന്ന ധാരണയുടെ അടിസ്ഥാനത്തിലാണിത്.

കേന്ദ്ര-സംസ്ഥാന സര്‍വീസുകളിലിരിക്കെ ഉത്തരവാദിത്തമില്ലാതെയും അച്ചടക്ക രഹിതമായും പ്രവര്‍ത്തിച്ചു, പ്രധാന പദവികള്‍ വഹിക്കുമ്പോഴും ഓഫീസില്‍ ഹാജരായില്ല, കേന്ദ്ര സര്‍വീസില്‍ നിന്ന് തിരിച്ചെത്തിയപ്പോള്‍ സംസ്ഥാന സര്‍ക്കാറിനെ വിവരമറിയിച്ചില്ല, നാളികേര വികസന ബോര്‍ഡ് ചെയര്‍മാന്‍ പദവിയില്‍ കാലാവധി പൂര്‍ത്തിയാക്കിയ ശേഷം എവിടെയാണെന്നതു സംബന്ധിച്ച് ഔദ്യോഗിക രേഖകളില്ല തുടങ്ങിയ ആരോപണങ്ങളാണ് രാജു നാരായണ സ്വാമിക്കെതിരെ നിലവിലുള്ളത്.

മാര്‍ച്ചില്‍ നാളികേര വികസന ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്തു നിന്ന് നാരായണ സ്വാമിയെ നീക്കിയിരുന്നു. നടപടി ചോദ്യം ചെയ്ത് അദ്ദേഹം നല്‍കിയ പരാതി കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റെ പരിഗണനയിലാണ്.