പ്രവാസി വ്യവസായിയുടെ ആത്മഹത്യ: ആന്തൂര്‍ നഗരസഭാധ്യക്ഷയെ വേദിയിലിരുത്തി വിമര്‍ശിച്ച് പി ജയരാജന്‍

Posted on: June 22, 2019 8:15 pm | Last updated: June 22, 2019 at 10:47 pm

കണ്ണൂര്‍: ആന്തൂരില്‍ പ്രവാസി വ്യവസായി പാറയില്‍ സാജന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ നഗരസഭാധ്യക്ഷക്ക് സി പി എം നേതാവ് പി ജയരാജന്റെ വിമര്‍ശനം. കണ്ണൂരിലെ ധര്‍മശാലയില്‍ പാര്‍ട്ട് സംഘടിപ്പിച്ച വിശദീകരണ പൊതു യോഗത്തില്‍ നഗരസഭാധ്യക്ഷ പി കെ ശ്യാമളയെ വേദിയിലിരുത്തിയാണ് ജയരാജന്‍ വിമര്‍ശനമുന്നയിച്ചത്. ശ്യാമളയടക്കമുള്ള ജനപ്രതിനിധികള്‍ക്ക് ഉദ്യോഗസ്ഥരെ നിയന്ത്രിക്കുന്നതില്‍ വീഴ്ച പറ്റിയെന്നും സാജന്റെ ഭാര്യ ബീനയുടെ പരാതിയില്‍ നടപടി സ്വീകരിക്കുമെന്നും ജയരാജന്‍ പറഞ്ഞു.

സാജന്റെ ആവശ്യത്തില്‍ ഉചിതമായ വിധത്തില്‍ ഇടപെടാന്‍ അധ്യക്ഷക്കു സാധിച്ചില്ല. ഉദ്യോഗസ്ഥരുടെ തെറ്റു തിരുത്തി മുന്നോട്ടു പോകാന്‍ അവര്‍ക്കു കഴിയേണ്ടതായിരുന്നു. കെട്ടിനിര്‍മാണ കാര്യത്തില്‍ ഉദ്യോഗസ്ഥര്‍ക്കാണ് പൂര്‍ണ അധികാരമെങ്കിലും ഉദ്യോഗസ്ഥര്‍ പറയുന്നത് അതേപടി കേട്ട് നടക്കുകയല്ല ജനപ്രതിനിധി ചെയ്യേണ്ടത്.