ലാറക്ക് ഇഷ്ടപ്പെട്ട ഈ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ ടോപ് സ്‌കോററാകും !

Posted on: June 22, 2019 12:23 pm | Last updated: June 22, 2019 at 12:23 pm
ബ്രയാന്‍ ലാറ

സാങ്കേതികതയും പ്രതിഭയും സമ്മേളിക്കുന്നത് ക്രിക്കറ്റ് ലോകം കണ്ടത് ബ്രയാന്‍ ലാറയിലാണ്. ലോകോത്തര ബൗളര്‍മാരൊക്കെ ലാറക്ക് മുന്നില്‍ ആയുധം വെച്ച് കീഴടങ്ങിയത് ചരിത്രം. ഫോമിലേക്കുയര്‍ന്ന് കഴിഞ്ഞാല്‍ വിന്‍ഡീസ് ഇതിഹാസത്തിന് ക്രീസ് വിട്ടു പോകാന്‍ മനസ് വരില്ല. ടെസ്റ്റ് ക്രിക്കറ്റില്‍ നാനൂറ് റണ്‍സ് കടന്ന ലാറക്ക് ഇന്നും പകരം വെക്കാന്‍ ഒരാളില്ല.

സച്ചിന്‍ ടെണ്ടുല്‍ക്കറിനെയും ലാറയേയും താരതമ്യം ചെയ്ത് എത്രയോ റിപ്പോര്‍ട്ടുകള്‍ വന്നു കഴിഞ്ഞു. രണ്ട് പേരും പരസ്പര ബഹുമാനം വെച്ച് പുലര്‍ത്തുന്നവര്‍. ആരും ആര്‍ക്കും പിറകിലോ മുകളിലോ അല്ലെന്ന് വിശ്വസിക്കുന്നവര്‍.
പുതിയ കാലഘട്ടത്തില്‍ ലാറ ക്രിക്കറ്റ് നിരീക്ഷകന്റെ റോളിലാണ്. ഓരോ ടീമിനെയും താരത്തെയും കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുണ്ട്.
ഇന്ത്യ മികച്ച ടീമാണെന്ന് അടിവരയിടുന്ന ലാറ ഏറ്റവും ഉറ്റുനോക്കുന്ന ബാറ്റ്‌സ്മാന്‍ ലോകേഷ് രാഹുലാണ്.

ലോകേഷ് രാഹുല്‍

വിരാട് കോലി കഴിഞ്ഞാല്‍ ഇന്ത്യന്‍ ടീമിലെ മികച്ച ബാറ്റ്‌സ്മാന്‍ ലോകേഷ് രാഹുലാണെന്നാണ് ലാറ പറയുന്നത്. അതിനൊരു കാരണം, ഐ പി എല്ലിലും ലോകകപ്പില്‍ പാക്കിസ്ഥാനെതിരെയുമുള്ള ലോകേഷിന്റെ ബാറ്റിംഗ് തന്നെ. 78 പന്തുകളില്‍ 57 റണ്‍സായിരുന്നു ഓപണറായെത്തിയ ലോകേഷ് രാഹുല്‍ നേടിയത്. ആ ഇന്നിംഗ്‌സിന് ഏറെ പ്രത്യേകതയുണ്ടത്രെ. ഇംഗ്ലണ്ടിലെ സാഹചര്യത്തില്‍ ന്യുബോള്‍ എങ്ങനെയാണ് കളിക്കേണ്ടതെന്ന് ലോകേഷ് കാണിച്ചു തന്നു.
നാലാം നമ്പറിലാണ് ലോകേഷ് വരുന്നതെങ്കില്‍ അവിടെയും അദ്ദേഹത്തിന് ഓപണറെ പോലെ ഇന്നിംഗ്‌സ് പടുത്തുയര്‍ത്താന്‍ സാധിക്കും.
ശിഖര്‍ ധവാന്‍ പുറത്തായ സാഹചര്യത്തില്‍ ലോകേഷിന് മുന്നില്‍ വലിയ അവസരമാണ് തുറന്നിരിക്കുന്നത്. ഓപണിംഗ് റോളും നാലാം നമ്പറും മാറി മാറി പരീക്ഷിക്കാനുള്ള അവസരം.

ലോകേഷില്‍ നിന്ന് ലാറ പ്രതീക്ഷിക്കുന്നത് ഏറെ പ്രത്യേകതകളുള്ള ഇന്നിംഗ്‌സാണ്. ലോകകപ്പിലെ ടോപ് സ്‌കോറര്‍ സ്ഥാനത്ത് ലാറ പ്രതീക്ഷിക്കുന്നത് ഇന്ത്യന്‍ ഓപണറെയാണ്.