അവസാന ഓവറില്‍ ഷമിക്ക് ഹാട്രിക്ക്; അഫ്ഗാനെതിരെ 11 റണ്‍സ് വിജയവുമായി ഇന്ത്യ

Posted on: June 22, 2019 11:00 pm | Last updated: June 23, 2019 at 3:18 pm

സൗത്തംപ്ടണ്‍: ശ്വാസമടക്കിപ്പിടിച്ചിരുന്ന സൗതംപ്ടണിലെ കാണികള്‍ക്ക് മുന്നില്‍ ത്രസിപ്പിക്കുന്ന വിജയവുമായി ടീം ഇന്ത്യ. ആദ്യ വിജയം തേടി ഇറങ്ങിയ അഫ്ഗാനിസ്ഥാനെ ഇന്ത്യ ഓടുവില്‍ എറിഞ്ഞിട്ടു. അവസാന ഓവര്‍ വരെ നീണ്ട പോരാട്ടത്തില്‍ ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി എന്നിവരുടെ കൃത്യതയ്ക്ക് മുന്നില്‍ അഫ്ഗാനിസ്ഥാന് കീഴടങ്ങേണ്ടി വന്നു. 225 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ അഫ്ഗാനിസ്ഥാനെ ഒരു പന്ത് ബാക്കി നില്‍ക്കെ ഇന്ത്യ ഓള്‍ ഔട്ടാക്കി.

മുഹമ്മദ് നബിയുടെ അര്‍ധ ശതകത്തിന്റെ കരുത്തില്‍ വിജയതീരത്തേക്ക് നീങ്ങുകയായിരുന്ന അഫ്ഗാന്‍ വെറും 11 റണ്‍സിനാണ് ഇന്ത്യയോട് തോറ്റത്.
നബിയുടേതുള്‍പ്പെടെ അവസാന ഓവറിലെ മൂന്ന്, നാല്, അഞ്ച് പന്തുകളില്‍ വിക്കറ്റുകള്‍ നേടി ഹാട്രിക് നേടിയ മുഹമ്മദ് ഷമിയാണ് ഇന്ത്യന്‍ വിജയത്തിന് മാറ്റ് കൂട്ടിയത്. ഹാട്രിക് ഉള്‍പ്പടെ നാല് വിക്കറ്റുകള്‍ ഷമി സ്വന്തമാക്കിയപ്പോള്‍ ബുമ്ര, ചഹാല്‍, പാണ്ഡ്യ എന്നിവര്‍ക്ക് രണ്ട് വിക്കറ്റുകള്‍ വീതം നേടാനായി. പത്തോവറില്‍ 39 റണ്‍സ് മാത്രം വഴങ്ങി 2 വിക്കറ്റുകള്‍ വീഴ്ത്തുകയും മത്സരം ഇന്ത്യന്‍ വിജയത്തില്‍ ഏറെ നിര്‍ണായകമായ 49 ആം ഓവര്‍ എറിയുകയും ചെയ്ത ബുമ്രയാണ് മാന്‍ ഓഫ് ദ മാച്ച്.

ഇന്ത്യന്‍ ബാറ്റിംഗ്: തകര്‍ച്ചയോടെ തുടക്കം, ഒടുക്കം

സ്പിന്‍ ബൗളര്‍മാര്‍ക്ക് ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ ഇതുവരെ പിടികൊടുത്തിട്ടില്ലായിരുന്നു. പക്ഷെ, സൗതംപ്ടണില്‍ കളി കാര്യമായി. അഫ്ഗാന്‍ ബോളര്‍മാര്‍ ഇന്ത്യയെ കറക്കി വീഴ്ത്തി. ലോകകപ്പില്‍ ഇതു വരെ ഒരു പോയിന്റ് പോലും നേടാത്ത അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ച.

നിശ്ചിത 50 ഓവറില്‍ ഇന്ത്യയെ അഫ്ഗാനിസ്ഥാന്‍ 8 വിക്കറ്റിന് 224 ല്‍ പിടിച്ചു കെട്ടുകയായിരുന്നു. 52 റണ്‍സെടുത്ത കേദാര്‍ ജാദവും 67 റണ്‍സെടുത്ത കോലിയും മാത്രമാണ് ഇന്ത്യന്‍ നിരയില്‍ തിളങ്ങിയത്. ഈ ലോകകപ്പില്‍ ഇന്ത്യ നേടുന്ന ഏറ്റവും ചെറിയ സ്‌കോറാണിത്.

ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. അഞ്ചാം ഓവറിലെ രണ്ടാം പന്തില്‍ മുജീബുല്‍ റഹമാനാണ് ഇന്ത്യയുടെ ആദ്യ വിക്കറ്റ് വീഴ്ത്തിയത്. സ്‌കോർ ഏഴിൽ നില്‍ക്കുമ്പോള്‍ രോഹിത് ശര്‍മയെ ക്ലീന്‍ബൗള്‍ഡാക്കിയാണ് മുജീബ് മടക്കിയയച്ചത്.

സ്പിന്‍ ബൗളര്‍മാരുടെ മുന്നില്‍ വട്ടം കറങ്ങിയ ഇന്ത്യന്‍ താരങ്ങള്‍ ശരിക്കും വിയര്‍ത്തു. സ്‌കോര്‍ 64 ല്‍ നില്‍ക്കെ കെ എല്‍ രാഹുലിനെ മുഹമ്മദ് നബിയും പുറത്താക്കി. റണ്‍സ് ഇഴഞ്ഞു നീങ്ങവെ ആഞ്ഞടിക്കാന്‍ ശ്രമിച്ച ഇന്ത്യന്‍ താരങ്ങള്‍ ഓരോന്നായി പവലിയനിലേക്ക് മടങ്ങുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.

സ്വീപിനു ശ്രമിച്ച വിജയ് ശങ്കര്‍ എല്‍ ബി ഡബ്ല്യൂ, പിന്നാലെ ഓഫ്സൈഡിലേക്ക് ഷോട്ടിന് ശ്രമിച്ച വിരാട് കോലിയും ക്യാച്ച് നൽകി നിരാശനായി മടങ്ങി. 63 പന്തില്‍ 67 നേടിയ കോലിയാണ് ഇന്ത്യന്‍ നിരയിലെ ടോപ്‌സ്‌കോറര്‍.

നാല്‍പത്തിയഞ്ചാം  ഓവറില്‍ റാഷിദിന്റെ പന്തില്‍ റണ്‍സെടുക്കാന്‍ ശ്രമിച്ച ധോനിയെ പുറത്താക്കാന്‍ കിട്ടിയ അവസരം റാഷിദ് തന്നെ തുലച്ചു. തൊട്ടടുത്ത പന്തില്‍ ക്രീസ് വിട്ട് ആഞ്ഞുവീശിയ ധോനിയെ സ്റ്റംപിങില്‍ കുടുക്കി റാഷിദ് വിക്കറ്റ് തന്റെ പേരിലാക്കി.

9 പന്തില്‍ 7 റണ്‍സെടുത്ത് നാൽപത്തി ഒമ്പതാം ഓവറില്‍  പാണ്ഡ്യയും മടങ്ങി. അവസാന ഓവറില്‍ മുഹമ്മദ് ഷമിയെയും 68 പന്തില്‍ 52 റണ്‍സെടുത്ത കേദാര്‍ ജാദവിനെയും മടക്കി അയച്ച് ഗുല്‍ബുദ്ദീന്‍ നാഇബ് 2 വിക്കറ്റ് തന്റെ പേരിലാക്കി. അഫ്ഗാൻ നിരയിൽ ഗുൽബുദ്ദീന് പുറമെ മുഹമ്മദ് നബിയും 2 വിക്കറ്റ് നേടി. മുജീബുല്‍ റഹ്മാന്‍, അഫ്താബ് ആലം, റാശിദ് ഖാന്‍, റഹ്മത് ശാഹ് എന്നിവര്‍ക്കെല്ലാം ഓരോ വിക്കറ്റും നേടാനായി.