തെക്കേതൊടുക പാലം നാളെ കാന്തപുരം ഉദ്ഘാടനം ചെയ്യും

    Posted on: June 22, 2019 11:26 am | Last updated: June 22, 2019 at 11:26 am

    താമരശ്ശേരി: ഓമശ്ശേരി പഞ്ചായത്തിലെ വെള്ളച്ചാൽ, കൊടുവള്ളി നഗരസഭാ പരിധിയിൽ വരുന്ന തെക്കേതൊടുക പ്രദേശങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് ഇരുതുള്ളി പുഴക്ക് കുറുകെ എസ് വൈ എസ് സംസ്ഥാന കമ്മിറ്റി ഐ സി എഫ് സഹായത്തോടെ നിർമിച്ച ഇരുമ്പ് പാലം നാളെ വൈകുന്നേരം നാല് മണിക്ക് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ നാടിന് സമർപ്പിക്കും.
    നേരത്തെ ഇരുസ്ഥലങ്ങളെയും ബന്ധിപ്പിച്ചിരുന്ന മരപ്പാലങ്ങൾ പ്രളയത്തിൽ തകർന്നതോടെ പ്രയാസത്തിലായ പ്രദേശവാസികളുടെ ആവശ്യം പരിഗണിച്ചാണ് എസ് വൈ എസ് സാന്ത്വനം വിഭാഗം പാലം നിർമിക്കാൻ മുന്നോട്ടുവന്നത്.

    താമരശ്ശേരി, കൊടുവള്ളി ഭാഗങ്ങളിലെ സ്‌കൂളുകളിലേക്കും ആശുപത്രികളിലേക്കും എത്തിച്ചേരുന്നതിന് രണ്ട് കിലോമീറ്ററിലേറെ സഞ്ചരിക്കേണ്ടി വരുന്ന ദുരവസ്ഥക്കാണ് ഇതോടെ പരിഹാരമാകുന്നത്.

    നാല് ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് പാലം നിർമാണം പൂർത്തിയാക്കിയത്. ചടങ്ങിൽ എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ത്വാഹാ സഖാഫി അധ്യക്ഷത വഹിക്കും. കാരാട്ട് റസാഖ് എം എൽ എ, പി ടി എ റഹീം എം എൽ എ, കെ കെ അഹമ്മദ് കുട്ടി മുസ്‌ലിയാർ കട്ടിപ്പാറ, എൻ അലി അബ്ദുല്ല, മജീദ് കക്കാട്, വള്ള്യാട് മുഹമ്മദലി സഖാഫി, കെ കെ രാധാകൃഷ്ണൻ, കെ വി മുഹമ്മദ്, ടി ടി മനോജ് സംബന്ധിക്കും.