മുഖ്യമന്ത്രിക്ക് പ്രവാസി എഴുതുന്നത്

ലോക കേരളസഭയുടെ പശ്ചിമേഷ്യന്‍ സമ്മേളനം ദുബൈയില്‍ നടക്കുമ്പോള്‍ അതിലെ പ്രധാനപ്പെട്ട ഒരു അജന്‍ഡ മുഖ്യമന്ത്രിയായ അങ്ങ് ഓര്‍ക്കുന്നുണ്ടാകും. തിരിച്ചുവരുന്ന പ്രവാസികള്‍ വ്യവസായ സംരംഭങ്ങള്‍ തുടങ്ങുമ്പോള്‍ അനുകൂലമായ നിലപാടുകള്‍ സ്വീകരിക്കും എന്നുള്ളതാണ് അതിന്റെ രത്‌നച്ചുരുക്കം. സാധാരണ പ്രവാസികള്‍ക്ക് ഒരു തരത്തില്‍ അത് നല്‍കിയ ആത്മവിശ്വാസം ചെറുതല്ല. കഴിഞ്ഞ ചൊവ്വാഴ്ച ആന്തൂര്‍ നഗരസഭയിലെ ബക്കളത്ത് സാജന്‍ എന്നു പേരുള്ള, 48 വയസ്സായ പ്രവാസി ആത്മഹത്യ ചെയ്തത് എല്ലാ പ്രവാസികളെയും ഏറെ സങ്കടപ്പെടുത്തിയിട്ടുണ്ട്. മലയാളിയുടെ ഗള്‍ഫ് പ്രവാസം കടുത്ത പ്രതിസന്ധികളിലൂടെയാണ് മുന്നോട്ടു നീങ്ങുന്നത്. ജീവിതത്തിന്റെ വലിയ സമയം നാടിനെയും കുടുംബത്തെയും വിട്ടു ജീവിച്ചവര്‍ സ്വന്തം നാട്ടിലേക്ക് മടങ്ങി വരുമ്പോള്‍ അവരെ മാന്യമായി സ്വീകരിക്കേണ്ടത് സര്‍ക്കാറിന്റെ ഉത്തരവാദിത്വമാണ്. കേരളത്തിലെ പൊതു വിദ്യാഭ്യാസവും ആരോഗ്യവും സാക്ഷരതയും മറ്റ് ഭൗതിക ജീവിത സാഹചര്യങ്ങളും രൂപപ്പെട്ടുവന്നത് കേരളത്തിലെ മണ്ണില്‍ പണിയെടുത്ത കര്‍ഷകരുടെ അധ്വാനഫലം കൊണ്ടു മാത്രമല്ല. അതില്‍ സാധാരണക്കാരായ പ്രവാസികളുടെ വിയര്‍പ്പിന്റെ നനവ് ഉണ്ട്. ജോലി നഷ്ടപ്പെട്ട് അവരില്‍ പലരും ഇന്ന് കേരളത്തിലേക്ക് മടങ്ങുകയാണ്. അവരുടെ കൈവശമുള്ള ചെറിയ സമ്പാദ്യങ്ങള്‍ കൊണ്ട് ജീവിതം മുന്നോട്ടു നയിക്കാന്‍ വേണ്ടിയുള്ള ശ്രമത്തിന്റെ ഭാഗമാണ് പല ചെറുകിട വ്യവസായ യൂനിറ്റുകളും തുടങ്ങാന്‍ പലരും മുന്നിട്ടിറങ്ങുന്നത്.
Posted on: June 22, 2019 10:23 am | Last updated: June 22, 2019 at 10:23 am
ആന്തൂര്‍ നഗരസഭാ പരിധിയില്‍ 15 കോടിയോളം രൂപ ചെലവില്‍ നിര്‍മിച്ച കണ്‍വെന്‍ഷന്‍ സെന്റര്‍

ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ അറിവിലേക്ക് ഒരു പ്രവാസി എഴുതുന്നത്. പ്രവാസ വിഷയങ്ങളെ സാമൂഹികമായും രാഷ്ട്രീയമായും തിരിച്ചറിയാന്‍ കഴിഞ്ഞ നേതാവാണ് അങ്ങ്. കഴിഞ്ഞ അഞ്ചര പതിറ്റാണ്ടിന്റെ പ്രവാസ അനുഭവമുണ്ട് നമ്മുടെ കേരളത്തിന്. അതിനിടയില്‍ അധികാരത്തില്‍ വന്ന സര്‍ക്കാറുകളില്‍ ഏറ്റവും കൂടുതല്‍ പ്രവാസികളുടെ ജീവിതവുമായി ബന്ധപ്പെട്ട മേഖലകളില്‍ ഭരണപരമായും അല്ലാതെയും ഇടപെട്ടത് ഇടതുപക്ഷ സര്‍ക്കാറുകള്‍ തന്നെയാണ്.

നോര്‍ക്കാ റൂട്ട്‌സ്, ലോക കേരളസഭ എന്നീ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഇന്ത്യക്ക് തന്നെ മാതൃകയാണ്. ആ രീതിയില്‍ അതിനെ അവതരിപ്പിക്കാനും പ്രായോഗികമായ ഇടപെടല്‍ നടത്താനും വലിയ അളവില്‍ സര്‍ക്കാറിന് കഴിഞ്ഞിട്ടുണ്ട്. അതിന്റെ സാധ്യതകള്‍ ഇന്ന് ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങള്‍ക്ക് പോലും അനുകരിക്കാവുന്നതാണ്. ആ നേട്ടത്തിന്റെ അവകാശം ഇടതുപക്ഷ സര്‍ക്കാറിനാണ്. അപ്പോഴും പ്രവാസികളുടെ മുഴുവന്‍ പ്രശ്‌നങ്ങളിലും സര്‍ക്കാറിന് ഇടപെടാന്‍ കഴിയാതെ പോയിട്ടുണ്ട്. അത് പരിമിതിയായി മനസ്സിലാക്കാം.
പലപ്പോഴും സാധാരണക്കാരായ പ്രവാസികള്‍ സര്‍ക്കാറിനെതിരെ ശബ്ദിക്കാന്‍ കാരണം, അവരുടെ യാത്രാ പ്രശ്‌നങ്ങളില്‍ പരിഹാരം കാണാന്‍ കഴിയാത്തതാണ്. ഇത്തരം പ്രതികരണങ്ങള്‍ എല്ലാ കാലത്തും ഉണ്ടായിട്ടുണ്ട്. പലരും സ്വന്തം പ്രസ്ഥാനങ്ങള്‍ക്കെതിരെ വരെ പ്രതികരിച്ചിട്ടുണ്ട്. എന്നാല്‍ ആ പ്രതികരണങ്ങളൊന്നും തന്നെ രാഷ്ട്രീയമായി പ്രവാസികളെ ബാധിക്കാറില്ല. കാരണം, പരിമിതമായ പ്രവര്‍ത്തന സ്വാതന്ത്ര്യത്തിലും പ്രവാസികളെ നിയന്ത്രിക്കുന്ന സംഘടനകളൊക്കെ തന്നെ കേരളത്തിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ്.

ആത്മഹത്യ ചെയ്ത വ്യവസായി
സാജന്‍

പലപ്പോഴും കേരളത്തിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെയാണ് പ്രവാസികള്‍ ആയതിനു ശേഷം പ്രവാസി സംഘടനകളുടെ നേതൃത്വ സ്ഥാനത്ത് എത്തുന്നത്. അവര്‍ പ്രവാസികളെ ബാധിക്കുന്ന വിഷയങ്ങളില്‍ പേരിനെങ്കിലും പ്രതികരിക്കാറുണ്ട്. അവരുടെ നേതൃത്വത്തില്‍ വാര്‍ഡ് മുതല്‍ സംസ്ഥാനം വരെയുള്ള നേതാക്കള്‍ ഗള്‍ഫില്‍ എത്തുമ്പോള്‍ അവരെ സ്വീകരിക്കാനും ആരാധനയോടെ കൊണ്ടുനടക്കാനും എന്നും പ്രവാസികള്‍ തയ്യാറായിട്ടുള്ളത് അങ്ങേക്ക് അറിയാമല്ലോ. അങ്ങും അത് അനുഭവിച്ചതാണല്ലോ.

ഈ അവസരത്തില്‍ ഒരു കാര്യം ഓര്‍ത്തു പോകുകയാണ്. താങ്കളും അത് ഓര്‍ക്കുന്നുണ്ടാകും എന്ന് വിശ്വസിക്കുന്നു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിന് ഏതാനും മാസങ്ങള്‍ക്കു മുമ്പ് ദുബൈയില്‍ ആയിരക്കണക്കിന് പ്രവാസികളെ മുന്‍നിര്‍ത്തി താങ്കള്‍ നടത്തിയ പ്രഖ്യാപനങ്ങള്‍ അങ്ങ് ഓര്‍ക്കുന്നുണ്ടാകുമല്ലോ. അന്നു തന്നെ ആ വിഷയങ്ങള്‍ മാധ്യമ വിചാരണക്കും പ്രവാസി പൊതു സമൂഹത്തിന്റെ വിമര്‍ശനത്തിനും വിധേയമായതാണ്. ജോലി നഷ്ടപ്പെടുന്നവര്‍ക്ക് ആറ് മാസം ശമ്പളവും പ്രവാസി വിദ്യാര്‍ഥികള്‍ക്ക് നാട്ടിലെ പ്രത്യേക പരിഗണനയും അടക്കം ഒരു ഡസനില്‍ കൂടുതല്‍ പ്രഖ്യാപനങ്ങളാണ് അന്ന് താങ്കള്‍ നടത്തിയത്. അതിലധികവും നടക്കാന്‍ പോകുന്ന കാര്യമല്ലെന്ന് പ്രവാസികളായ ഞങ്ങള്‍ക്ക് അന്നുതന്നെ ഉറപ്പുണ്ടായിരുന്നു. പക്ഷേ, അത്തരം വിമര്‍ശനങ്ങള്‍ നിലനില്‍ക്കെത്തന്നെ ഒരു സര്‍ക്കാറിന് ചെയ്യാന്‍ കഴിയുന്ന പല കാര്യങ്ങളും താങ്കളുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ നിര്‍വഹിച്ചിട്ടുണ്ട്. പ്രത്യേകിച്ചും പല ക്ഷേമപദ്ധതികളും ലോക കേരളസഭയും അതില്‍ എന്തുകൊണ്ടും എടുത്തുപറയേണ്ടതാണ്.

ലോക കേരളസഭയുടെ പശ്ചിമേഷ്യന്‍ സമ്മേളനം ദുബൈയില്‍ നടക്കുമ്പോള്‍ അതിലെ പ്രധാനപ്പെട്ട ഒരു അജന്‍ഡ അങ്ങ് ഓര്‍ക്കുന്നുണ്ടാകും. തിരിച്ചുവരുന്ന പ്രവാസികള്‍ വ്യവസായ സംരംഭങ്ങള്‍ തുടങ്ങുമ്പോള്‍ അവര്‍ക്ക് അനുകൂലമായ നിലപാടുകള്‍ സര്‍ക്കാറും ഉദ്യോഗസ്ഥരും സ്വീകരിക്കും എന്നുള്ളതാണ് അതിന്റെ രത്‌നച്ചുരുക്കം. അതിനു വേണ്ടി ഉണ്ടാക്കിയ സബ് കമ്മിറ്റിയില്‍ കേരളത്തില്‍ ജനിച്ച് ലോകത്തില്‍ തന്നെ അറിയപ്പെടുന്ന വ്യവസായികള്‍ ഉണ്ടായിരുന്നു. സാധാരണ പ്രവാസികള്‍ക്ക് ഒരു തരത്തില്‍ അത് നല്‍കിയ ആത്മവിശ്വാസം ചെറുതല്ല. ഇതൊക്കെ എന്തിനാണ് ഇപ്പോള്‍ പറയുന്നത് എന്ന് പലരും ചിന്തിക്കുന്നുണ്ടാകും. ഇനി ആ കാര്യത്തിലേക്ക് വരാം.

കഴിഞ്ഞ ചൊവ്വാഴ്ച പതിനെട്ടാം തീയതി അങ്ങയുടെ ജില്ലയിലെ ആന്തൂര്‍ നഗരസഭയിലെ ബക്കളത്ത് സാജന്‍ എന്നു പേരുള്ള, 48 വയസ്സായ പ്രവാസി ആത്മഹത്യ ചെയ്തത് എല്ലാ പ്രവാസികളെയും ഏറെ സങ്കടപ്പെടുത്തിയിട്ടുണ്ട്. നഗരസഭയിലെ ഭരണ സമിതിയുടെയും ചില ജീവനക്കാരുടെയും മനുഷ്യത്വരഹിതമായ സമീപനങ്ങള്‍ കൊണ്ടാണ് 15 കോടി മുതല്‍ മുടക്കിയ പ്രവാസിക്ക് ആത്മഹത്യ ചെയ്യേണ്ടി വന്നത്.

കഴിഞ്ഞ ദിവസം മൂന്ന് ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തു. വകുപ്പ് മന്ത്രി പറഞ്ഞതു പോലെ ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. കാരണം 15 മാസങ്ങള്‍ക്ക് മുമ്പ് പുനലൂരില്‍ ആത്മഹത്യ ചെയ്ത സുഗതന്‍ എന്ന 64 വയസ്സുള്ള പ്രവാസിയെ ആരും മറന്നിട്ടില്ല.
40 വര്‍ഷത്തെ പ്രവാസം അവസാനിപ്പിച്ചാണ് മസ്‌ക്കറ്റില്‍ നിന്ന് അന്ന് സുഗതന്‍ സ്വന്തം ദേശത്തേക്ക് മടങ്ങിയത്. ഒമാനിലെ സ്വദേശീവത്കരണമായിരുന്നു ആ മടക്കത്തിന്റെ കാരണം. ഇപ്പോഴും അത്തരം മടക്കങ്ങള്‍ തുടരുകയാണ്. അതിന്റെ ഗൗരവം മനസിലാക്കി നോര്‍ക്ക റൂട്ട്‌സ് പല ക്ഷേമ പദ്ധതികളും ഒരുക്കിയിട്ടുള്ളത് പ്രവാസികളെ സംബന്ധിച്ച് ഏറെ ആശ്വാസകരമാണ്.

എന്നിട്ടും രാഷ്ട്രീയക്കാരുടെയും വലിയ വിഭാഗം ബ്യൂറോക്രസികളുടെയും മനസ് മാറാത്തത് എന്തുകൊണ്ടാണ്? സുഗതന്‍ എന്ന പ്രവാസിയുടെ ആത്മഹത്യക്ക് കാരണം തികച്ചും രാഷ്ട്രീയ പ്രേരിതമായിരുന്നു. താമസ സ്ഥലത്തിനു സമീപം ഒരു വര്‍ക്‌ഷോപ്പ് തുടങ്ങാനുള്ള ശ്രമത്തിന് തടസ്സമായത് വയല്‍ നികത്തി എന്നതായിരുന്നു. മന്ത്രിമാരും എം എല്‍ എമാരും കായല്‍ നികത്തിയും സര്‍ക്കാര്‍ സ്ഥലം വെട്ടിപ്പിടിച്ചും നിവര്‍ന്നു നടക്കുന്ന നാടാണ് നമ്മുടേത്. അന്ന് പ്രതിസ്ഥാനത്ത് ഉണ്ടായിരുന്നത് അങ്ങയുടെ മന്ത്രിസഭയിലെ തന്നെ ഘടക കക്ഷിയായ സി പി ഐയുടെ പോഷക സംഘടനയായ എ വൈ എഫിലെ ചില പ്രവര്‍ത്തകരായിരുന്നു. സുഗതന്‍ എന്ന അച്ഛന്റെ മരണശേഷം മക്കള്‍ പറഞ്ഞത് ആത്മഹത്യയിലേക്ക് നയിച്ചത് പണവുമായി ബന്ധപ്പെട്ട തര്‍ക്കമായിരുന്നു എന്നാണ്. ഇന്നത്തെ പോലെ അന്നും സംഭവം ചര്‍ച്ചയായി. ഇന്ന് ആ ഗൃഹനാഥന്റെ അഭാവം ആ കുടുംബത്തിന്റെ മാത്രം വേദനയും നഷ്ടവുമായി തീര്‍ന്നു. സാജന്റെ ആത്മഹത്യയെ പാര്‍ട്ടിക്കുള്ളിലെ പ്രശ്‌നമായി കണ്ട് ഒതുക്കിത്തീര്‍ക്കരുത് എന്ന് ഉണര്‍ത്തുകയാണ്.

15 കോടിയുടെ ഈ പദ്ധതി പ്രാവര്‍ത്തികമാകുന്നതോടെ അനേകം പേര്‍ക്ക് തൊഴില്‍ സാധ്യത തുറക്കുകയായിരുന്നു. അത് ആത്യന്തികമായി നാടിന്റെ വികസനത്തിന്റെ ഭാഗമാകുകയും ചെയ്യും. നാട്ടില്‍ ഇത്തരം സംരംഭങ്ങള്‍ അനിവാര്യമായ കാലമാണിത്. മലയാളിയുടെ ഗള്‍ഫ് പ്രവാസം കടുത്ത പ്രതിസന്ധികളിലൂടെയാണ് മുന്നോട്ടു നീങ്ങുന്നത്. ഏറ്റവും കൂടുതല്‍ പ്രവാസികള്‍ ഉള്ള യു എ ഇയിലും സഊദി അറേബ്യയിലും തൊഴില്‍ സാധ്യതകള്‍ കുറഞ്ഞു വരികയാണ്. സഊദി അറേബ്യയിലെ സ്വദേശിവത്കരണത്തിന്റെ ഭാഗമായി വലിയ വിഭാഗം മലയാളികള്‍ നാട്ടിലേക്ക് തിരിച്ചു വരുന്ന സമയം കൂടിയാണിത്. ജീവിതത്തിന്റെ വലിയ സമയം നാടിനെയും കുടുംബത്തെയും വിട്ടു ജീവിച്ചവര്‍ സ്വന്തം നാട്ടിലേക്ക് മടങ്ങി വരുമ്പോള്‍ അവരെ മാന്യമായി സ്വീകരിക്കേണ്ടത് സര്‍ക്കാറിന്റെ ഉത്തരവാദിത്വമാണ്. കാരണം, കേരളത്തിന്റെ സാമൂഹിക ജീവിത സാഹചര്യത്തെ ലോകത്തിനു തന്നെ മാതൃകയാകുന്ന രീതിയില്‍ രൂപപ്പെടുത്തിയെടുത്തത് പ്രവാസി പണം കൊണ്ടാണ്.

അതിന്റെ ഉന്മാദത്തിലാണ് കേരളത്തിലെ ഗ്രാമങ്ങള്‍ പോലും നഗരവത്കരിക്കപ്പെട്ടത്. കേരളത്തിലെ പൊതു വിദ്യാഭ്യാസവും ആരോഗ്യവും സാക്ഷരതയും മറ്റ് ഭൗതിക ജീവിത സാഹചര്യങ്ങളും രൂപപ്പെട്ടുവന്നത് കേരളത്തിലെ മണ്ണില്‍ പണിയെടുത്ത കര്‍ഷകരുടെ അധ്വാനഫലം കൊണ്ടു മാത്രമല്ല. അതില്‍ സാധാരണക്കാരായ പ്രവാസികളുടെ വിയര്‍പ്പിന്റെ നനവ് ഉണ്ട്. ജോലി നഷ്ടപ്പെട്ട് അവരില്‍ പലരും ഇന്ന് കേരളത്തിലേക്ക് മടങ്ങുകയാണ്. അവരുടെ കൈവശമുള്ള ചെറിയ സമ്പാദ്യങ്ങള്‍ കൊണ്ട് ജീവിതം മുന്നോട്ടു നയിക്കാന്‍ വേണ്ടിയുള്ള ശ്രമത്തിന്റെ ഭാഗമാണ് പല ചെറുകിട വ്യവസായ യൂനിറ്റുകളും തുടങ്ങാന്‍ പലരും മുന്നിട്ടിറങ്ങുന്നത്. അതിനെ ചുവപ്പ്‌നാടയുടെ കുരുക്കില്‍ കുടുക്കി കൊല്ലാനുള്ള കേരളത്തിലെ ഒരു പറ്റം രാഷ്ട്രീയക്കാരുടെയും ബ്യൂറോക്രാറ്റുകളുടെയും മനസ്സിനെ നിയന്ത്രിക്കാന്‍ മുഖ്യമന്ത്രിയായ അങ്ങേക്ക് കഴിയേണ്ടതായിരുന്നു.
കാരണം, പലപ്പോഴും ബ്യൂറോക്രാറ്റുകളുടെ മനസ്സില്‍ പ്രവാസികള്‍ക്കെതിരെ ഉയരുന്നത് ഒരു തരം അസഹിഷ്ണുതയാണ്.

സാധാരണ പ്രവാസികള്‍ നേടിയെടുത്ത ഉയര്‍ന്ന ജീവിത നിലവാരത്തോടുള്ള സവര്‍ണ മനോഭാവം ഒരു തരം മാനസിക രോഗമാണ്. അതുകൊണ്ടാണ് ഒരു നികുതി ചീട്ട് ശരിയാക്കാന്‍ പോലും പ്രവാസികള്‍ക്ക് നിരന്തരം വില്ലേജ് ഓഫീസ് കയറിയിറങ്ങേണ്ടി വരുന്നത്. പലരും ചെറുകിട സംരംഭങ്ങള്‍ തുടങ്ങാന്‍ ശ്രമിച്ച് അത് ചുവന്ന ചരടില്‍ കുടുങ്ങി അത്തരം ശ്രമങ്ങള്‍ അകാലത്തില്‍ ചത്തുപോയിട്ടുണ്ട്. അങ്ങനെ മനംമടുത്ത് എത്രയോ പ്രവാസികള്‍ പല ശ്രമങ്ങളും അവസാനിപ്പിച്ചിട്ടുമുണ്ട്. അത്തരം അനുഭവങ്ങള്‍ അറിയിക്കാന്‍ താങ്കള്‍ ഒരു അറിയിപ്പ് നല്‍കിയാല്‍, പ്രവാസികള്‍ നേരിട്ട അവഗണനയുടെ ആഴമറിഞ്ഞ് കേരളം ഞെട്ടിപ്പോകും. ഇപ്പോള്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് തൊഴില്‍ നഷ്ടപ്പെട്ടു വരുന്ന പ്രവാസികള്‍ കേരളത്തില്‍ തൊഴില്‍രഹിതരായി ജീവിക്കുന്ന സാഹചര്യം വര്‍ധിച്ചു വന്നാല്‍ അതുണ്ടാക്കുന്ന അരക്ഷിതാവസ്ഥ അയാളെ മാത്രം ബാധിക്കുന്ന വിഷയമാകില്ല. സമൂഹത്തിന്റെയും രാഷ്ട്രീയ സംവിധാനത്തിന്റെയും തലവേദനയായി മാറും. അതുകൊണ്ടുതന്നെ പ്രവാസി എന്ന നിലയില്‍ പറയാനുള്ളത്, കേരളത്തിലെ മുഴുവന്‍ ജില്ലാ കലക്ടര്‍മാരെയും വിളിച്ചു ചേര്‍ത്ത് പ്രവാസികളും അല്ലാത്തവരുമായ സംരംഭകരുടെ വിഷയങ്ങളില്‍ പണാധിപത്യത്തേക്കാള്‍ നീതിയുടെ പക്ഷത്തു നിന്നുകൊണ്ട് പ്രശ്‌നത്തില്‍ ഇടപെടണമെന്നാണ്. പണക്കൊതിയന്‍മാരായ ഉദ്യോഗസ്ഥരെ അത്തരം കസേരകളില്‍ നിന്ന് ഉടനെ മാറ്റണം.

അതോടൊപ്പം രാഷ്ട്രീയക്കാരന്‍ എന്ന അഹന്തയില്‍ പാര്‍ട്ടിയിലും പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും കയറിയിരുന്ന് തന്‍പ്രമാണിത്തം പ്രകടിപ്പിക്കാന്‍ ഒരു നേതാവിനെയും അനുവദിക്കരുത്. കേട്ടറിഞ്ഞതു ശരിയാണെങ്കില്‍ സാജന്റെ ആത്മഹത്യയില്‍ ചെയര്‍പേഴ്‌സണിനും പങ്കുണ്ട്. “ഞാന്‍ ഈ കസേരയില്‍ ഇരിക്കുന്നത് വരെ ആ കടലാസില്‍ ഒപ്പിടില്ല’ എന്നൊരു വാക്ക് അവരുടെ വായില്‍ നിന്ന് വന്നിട്ടുണ്ടെങ്കില്‍ അതിലും വലിയ ജനവിരുദ്ധ നിലപാട് ഇല്ല. കാരണം, അവര്‍ ഒരു ജനപ്രതിനിധിയാണ്. അത് മനസ്സിലാക്കാനുള്ള സാമാന്യ ബോധം ഓരോ കേരളീയനുമുണ്ട്. താങ്കള്‍ക്കും ആ കാര്യത്തില്‍ സംശയമുണ്ടാകില്ല എന്ന് കരുതുന്നു.