പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിട്ടുകണ്ട് അരവിന്ദ് കെജ്രിവാള്‍ അഭിനന്ദിച്ചു

Posted on: June 21, 2019 7:46 pm | Last updated: June 21, 2019 at 9:38 pm

ന്യൂഡല്‍ഹി: പരസ്പരമുള്ള വാക്ക്‌പോരുകള്‍ക്കും രാഷ്ട്രീയ എതിര്‍പ്പുകള്‍ക്കും വിരാമമിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരിട്ടുകണ്ട് അഭിനന്ദിക്കാന്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളെത്തി. ഡല്‍ഹിയുടെ വികസനത്തിനായി ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് കെജ്രിവാള്‍ മോദിയോട് ആവശ്യപ്പെട്ടു.
ലോക്‌സഭ തിരഞ്ഞെടുപ്പ് വിജയത്തില്‍ മോദിയെ അഭിനന്ദിക്കുകയും ചെയ്തു. ഡല്‍ഹിയുടെ വികസനത്തിനായി പൂര്‍ണ സഹകരണം ഉറപ്പ് നല്‍കിയതായും കൂടിക്കാഴ്ചക്ക് ശേഷം കെജ്‌രിവാള്‍ ട്വീറ്റ് ചെയ്തു.

മോദി സര്‍ക്കാറിന്റെ ആരോഗ്യ പദ്ധതിയായ ആയുഷ്മാന്‍ ഭാരതിനെ കുറിച്ചും ഇരുവരും ചര്‍ച്ച നടത്തി. ഡല്‍ഹി സര്‍ക്കാറിന്റെ ആരോഗ്യ പദ്ധതികളെ കുറിച്ചും മോദിയുമായി ചര്‍ച്ച നടത്തി.

ആയുഷ്മാന്‍ ഭാരത് പദ്ധതി ഡല്‍ഹി സര്‍ക്കാറിന്റെ ആരോഗ്യ പദ്ധതിയുമായി കൂട്ടിച്ചേര്‍ക്കുന്ന കാര്യം പരിശോധിക്കാമെന്ന് പ്രധാനമന്ത്രി ഉറപ്പ് നല്‍കിയതായും കെജ്രിവാള്‍ പറഞ്ഞു.
‘മഴക്കാലത്ത് യമുനാ നദിയിലെ ജലം സംഭരിച്ചുവെക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ ആസൂത്രണം ചെയ്യുന്നുണ്ട്. ഒരു വര്‍ഷത്തെ ഡല്‍ഹിയുടെ ജലാവശ്യങ്ങള്‍ക്ക് ഒരു സീസണിലെ ജലം പര്യാപ്തമാവും. മഴവെള്ള സംഭരണത്തിന് കേന്ദ്രത്തിന്റെ പിന്തുണ തേടിയിട്ടുണ്ടെന്നും ഡല്‍ഹിയിലെ മൊഹാല ക്ലിനിക്കും സര്‍ക്കാര്‍ സ്‌കൂളുകളും സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രിയെ ക്ഷണിച്ചതായും കെജ്‌രിവാള്‍ കൂട്ടിച്ചേര്‍ത്തു.