Connect with us

Kerala

ജീവിതപങ്കാളിയെ കണ്ടെത്താം; കുടുംബശ്രീ വഴി

Published

|

Last Updated

പത്തനംതിട്ട: വ്യാജ വിവാഹ ഏജൻസികളുടെ തട്ടിപ്പിൽപെട്ട് ജീവിതവും ജീവനും നഷ്ടമാകുമെന്ന ആശങ്ക വേണ്ട. വിവാഹ ബ്യൂറോയിലൂടെ വധൂവരൻമാരെ കണ്ടെത്തി മാതാപിതാക്കളെ സഹായിക്കാൻ ജില്ലയിലെ കുടുംബശ്രീ പ്രവർത്തകർ രംഗത്ത്.

വിവാഹവുമായി ബന്ധപ്പെട്ട് വിശ്വസ്ത സേവനം ലഭ്യമാക്കുന്നതിനൊപ്പം ജില്ലയിലെ 50ൽപരം വനിതകൾക്ക് തൊഴിൽവരുമാന അവസരം ഒരുക്കുകയാണ് നുതന സംരംഭത്തിന്റെ ലക്ഷ്യമെന്ന് കുടുംബശ്രീ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ കെ വിധു പറഞ്ഞു. ജില്ലയിലെ കുടുംബശ്രീ മിഷൻ പരിശീലന കേന്ദ്രമായ സ്റ്റെംഇൻസിനാണ് (സ്‌കിൽ ട്രെയിനിംഗ് എംപവർമെന്റ് ആൻഡ് മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ട്) കുടുംബശ്രീ മാട്രിമോണിയുടെ ചുമതല.

സംസ്ഥാനത്ത് മുഴുവൻ കുടുംബശ്രീ മാട്രിമോണിയുടെ സേവനം ലഭ്യമാണ്. കുടുംബശ്രീ അംഗങ്ങൾ നേരിട്ട് നടത്തുന്ന സംരംഭമായതിനാൽ അപേക്ഷകരുടെ വിശദവിവരങ്ങൾ പരിശോധിച്ച ശേഷം മാത്രമാണ് തുടർനടപടികൾ സ്വീകരിക്കുക. വിവാഹ ബന്ധത്തിൽ ഏർപ്പെടുന്ന ഒരു കുടുംബവും ചതിക്കുഴിയിൽ വീഴരുതെന്ന നിശ്ചയ ദാർഢ്യത്തോടെയാണ് ജില്ലയിലെ കുടുംബശ്രീ പ്രവർത്തകർ വിവാഹ ബ്യൂറോയുമായി രംഗത്തിറങ്ങുന്നത്. കുടുംബശ്രീയുടെ സൂക്ഷ്മസംരംഭമായ മാട്രിമോണിയലിലൂടെ അയൽക്കൂട്ട അംഗങ്ങൾക്ക് കുറഞ്ഞ ചെലവിൽ അവരുടെ മക്കൾക്കും സഹോദരങ്ങൾക്കും വധൂവരൻമാരെ കണ്ടെത്താൻ സാധിക്കും. ജാതിമത ഭേദമന്യേ ആർക്കും കുടുംബശ്രീ മാട്രിമോണിയലിൽ രജിസ്റ്റർ ചെയ്യാം. സ്ത്രീകൾക്ക് രജിസ്‌ട്രേഷൻ സൗജന്യമാണ്. പുരുഷൻമാർക്ക് 1000 രൂപയാണ് ഫീസ്. അപേക്ഷകർക്ക് www.kudumbashreemtarimonial.com എന്ന വെബ്‌സൈറ്റിലൂടെ രജിസ്റ്റർ ചെയ്യാം. മാട്രിമോണിയലിൽ രജിസ്റ്റർ ചെയ്യുന്നവരുടെ കുടുംബം, വിദ്യാഭ്യാസം, ജോലി, സാമൂഹിക പശ്ചാത്തലം, പോലീസ് കേസുണ്ടോ തുടങ്ങിയ വിവരങ്ങൾ എല്ലാം അന്വേഷിക്കും.

ഇവ മനസ്സിലാക്കിയ ശേഷമേ സൈറ്റിൽ വിവരങ്ങൾ രേഖപ്പെടുത്തുകയുള്ളു. അതിനായി കുടുംബശ്രീയുടെ റിസോഴ്‌സ് പേഴ്‌സൺമാരെ നിയോഗിച്ചിട്ടുണ്ട്. ജില്ലയിലെ കുടുംബശ്രീ മാട്രിമോണിയൽ ശാഖ നാളെ ജില്ലാ പഞ്ചായത്ത് ഹാളിൽ വീണാ ജോർജ് എം എൽ എ ഉദ്ഘാടനം ചെയ്യും.

Latest