Connect with us

Kerala

അഴിമതിക്കെതിരെ പോരാടിയതിന് സര്‍ക്കാര്‍ തന്നെ വേട്ടയാടുന്നു: രാജു നാരായണ സ്വാമി

Published

|

Last Updated

തിരുവനന്തപുരം: പിരിച്ചുവിടാന്‍ നീക്കമെന്ന വാര്‍ത്തകള്‍ക്ക് പിറകെ സര്‍ക്കാറിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി അഡീഷണല്‍ ചീഫ് സെക്രട്ടറി രാജു നാരായണസ്വാമി. സര്‍ക്കാര്‍ തന്നെ വേട്ടയാടുകയാണെന്നും അഴിമതിക്കെതിരെയുള്ള പോരാട്ടത്തിന് ലഭിച്ച സമ്മാനമാണിതെന്നും അദ്ദേഹം മാധ്യമങ്ങളാേട് പറഞ്ഞു. തന്നെ പിരിച്ചുവിടാന്‍ സര്‍ക്കാര്‍ നീക്കം നടക്കുന്നതായുള്ള വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

മൂന്നാറില്‍ കൈയ്യേറ്റം ഒഴിപ്പിച്ചതു മുതല്‍ തന്നെ വേട്ടയാടുകയാണ്. പുറത്താക്കാനുള്ള സര്‍ക്കാര്‍ നീക്കത്തെക്കുറിച്ച് മാധ്യമങ്ങളിലൂടെയുള്ള അറിവെയുള്ളു. അഴിമതിക്കെതിരായ പോരാട്ടത്തിനുള്ള സമ്മാനമാണിത്. മൂന്ന് മാസമായി തനിക്ക് ശമ്പളമില്ലെന്നും സര്‍ക്കാര്‍ ജീവിതം വഴിമുട്ടിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. രാജു നാരായണസ്വാമിയെ പിരിച്ചുവിടാനുള്ള ശിപാര്‍ശ കേന്ദ്ര സര്‍ക്കാറിന് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയെന്നായിരുന്നു റിപ്പോര്‍ട്ട്. സര്‍വീസ് കാലാവധി 10 വര്‍ഷം കൂടി ശേഷിക്കെയാണ് സര്‍ക്കാര്‍ നീക്കം. മാര്‍ച്ചില്‍ നാളികേര വികസന ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്തുനിന്നും അദ്ദേഹത്തെ നീക്കിയിരുന്നു. ഇതിനെതിരെ നല്‍കിയ പരാതി കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിന്റെ പരിഗണനയിലാണ്. മുന്‍ മന്ത്രി ടി.യു കുരുവിളയുടെ ഭൂമി അഴിമതിയെക്കുറിച്ച് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതും രാജു നാരായണസ്വാമിയായിരുന്നു. അതേസമയം, രാജു നാരായണ സ്വാമിയെ പിരിച്ചുവിടാന്‍ തീരുമാനിച്ചതായി അറിയില്ലെന്ന് ധനമന്ത്രി തോമസ് ഐസക് പ്രതികരിച്ചു.