ഓസീസിന്റെ കൂറ്റന്‍ സ്‌കോറിന് മുമ്പില്‍ ബംഗ്ലാ കടുവകള്‍ പൊരുതി വീണു

Posted on: June 20, 2019 11:32 pm | Last updated: June 21, 2019 at 11:04 am

നോട്ടിംഗ്ഹാം: ആസ്‌ത്രേലിയയുടെ കൂറ്റന്‍ സ്‌കോറിന് മുമ്പില്‍ ബംഗ്ലാ കടുവകള്‍ പൊരുതി വീണു. ആസ്‌ത്രേലിയ ഉയര്‍ത്തിയ 381 റണ്‍സിന് മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശിന് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റിന് 333 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.
മുഷ്ഫിഖുര്‍ റഹീമും മഹമൂദല്ലയും ചേര്‍ന്ന് ബാറ്റിംഗ് മുന്നേറുമ്പോള്‍ ബംഗ്ലാദേശിന് നേരിയ വിജയ പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ മഹമ്മദുല്ല വീണതോടെ എല്ലാം തകിടം മറിയുകയായിരുന്നു. സെഞ്ച്വറി നേടിയ മധ്യനിര ബാറ്റ്‌സ്മാന്‍ മുഷ്ഫിഖുര്‍ റഹീമാണ് ബംഗ്ലേദശിന്റെ പോരട്ടങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത്. 74 പന്തില്‍ ആറ് ബൗണ്ടറിക 62 റണ്‍സെടുത്ത തമീം ഇഖ്ബാലും 50 പന്തില്‍ മൂന്ന് സിക്‌സും അഞ്ച് ഫോറും അടക്കം 69 റണ്‍സെടുത്ത മഹമൂദല്ലയും ബംഗ്ലാദേശ് നിരയില്‍ തിളങ്ങി. അവസാന 15 ഓവറുകളില്‍ സ്‌കോറിംഗിന് വേഗതകൂട്ടാനുള്ള ശ്രമത്തിനിടെ വിക്കറ്റുകള്‍ തുടരെ വീണതാണ് ബംഗ്ലാദേശിന് തിരിച്ചടിയായത്.

നേരത്തെ ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഓസീസ് നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 381 റണ്‍സ് അടിച്ച് കൂട്ടിയത്. പതിയെ തുടങ്ങിയ അവസാനം കത്തിക്കയറിയ ഡേവിഡ് വാര്‍ണറുടെ (166) സെഞ്ചുറിയാണ് മുന്‍ ചാമ്പ്യന്മാര്‍ക്ക് വമ്പന്‍ സ്‌കോര്‍ സമ്മാനിച്ചത്.

ഈ ലോകകപ്പിലെ വാര്‍ണറുടെ രണ്ടാം സെഞ്ചുറിയാണിത്. 147 പന്തുകളില്‍ നിന്ന് അഞ്ച് സിക്‌സും 14 ഫോറും ഉള്‍പ്പെടുന്നതാണ് വാര്‍ണറുടെ ഇന്നിംഗ്‌സ്. ഒന്നാം വിക്കറ്റില്‍ ആരോണ്‍ ഫിഞ്ചി (53)നൊപ്പം 121 റണ്‍സ് വാര്‍ണര്‍ കൂട്ടിച്ചേര്‍ത്തു. പിന്നീടെത്തിയ ഉസ്മാന്‍ ഖവാജ (89)ക്കൊപ്പം 192 റണ്‍സും ചേര്‍ക്കാന്‍ വാര്‍ണര്‍ക്കായി. ഇരട്ട സെഞ്ചുറി നേടുമെന്ന തോന്നലുണ്ടാക്കിയെങ്കിലും സൗമ്യ സര്‍ക്കാറിന് വിക്കറ്റ് നല്‍കി വാര്‍ണര്‍ മടങ്ങി.

പിന്നീടെത്തിയവരില്‍ ഗ്ലെന്‍ മാക്‌സ്‌വെല്‍ (10 പന്തില്‍ 32) അക്രമിച്ച് കളിച്ചെങ്കിലും റൂബെല്‍ ഹുസൈന്റെ നേരിട്ടുള്ള ഏറില്‍ റണ്ണൗട്ടായത് ഓസീസിന്റെ റണ്‍നിരക്ക് കുറച്ചു. സ്റ്റീവന്‍ സ്മിത്താ (1)ണ് പുറത്തായ മറ്റൊരു താരം. അലക്‌സ് ക്യാരി (11), മാര്‍കസ് സ്റ്റോയിനിസ് (17) എന്നിവര്‍ പുറത്താവാതെ നിന്നു. ബംഗ്ലാദേശിനായി സൗമ്യ സര്‍ക്കാര്‍ രണ്ടും മുസ്തഫിസുര്‍ റഹ്മാന്‍ ഒരു വിക്കറ്റും വീഴ്ത്തി.