ലോകകപ്പില്‍ ഇന്ത്യന്‍ ടീം ഓറഞ്ച് ജേഴ്‌സിയില്‍; മത്സരം ഈ ടീമിനെതിരെ

Posted on: June 20, 2019 12:39 pm | Last updated: June 20, 2019 at 5:41 pm


സതാംപ്ടണ്‍: ഇന്ത്യന്‍ ടീം ഓറഞ്ച് ജേഴ്‌സിയില്‍ ഇറങ്ങുന്നത് നാം ഫുട്‌ബോള്‍ മത്സരങ്ങളില്‍ കാണാറുണ്ട്. എന്നാല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമും ഓറഞ്ച് ജേഴ്‌സിയണിഞ്ഞ് കളത്തിലിറങ്ങാനൊരുങ്ങുകയാണ്. ഫുട്‌ബോളിലെ മാതൃക പിന്തുടര്‍ന്ന് തന്നെയാണ് ഐ സി സിയും ടീമുകള്‍ക്ക് ഹോം എവേ ജേഴ്‌സികള്‍ ഏര്‍പ്പെടുത്തിയത്. ഇതോടെ ആരാധകരുടെ കാത്തിരിപ്പിനാണ് അവസാനമാകുന്നത്.

ടെലിവിഷന്‍ സംപ്രേക്ഷണമുള്ള ഐ സി സി ടൂര്‍ണമെന്റുകളില്‍ പങ്കെടുക്കുന്ന ആതിഥേയരൊഴികെയുള്ള എല്ലാ രാജ്യങ്ങള്‍ക്കും ഹോം, എവേ ജേഴ്‌സികള്‍ വേണമെന്ന നിബന്ധന ഐ സി സി കര്‍ശനമാക്കിയിരുന്നു. ഇംഗ്ലണ്ട് ആതിഥേയരാണെന്നതിനാല്‍ അവര്‍ക്ക് നീല ജേഴ്‌സി തന്നെ ധരിച്ചിറങ്ങാനാവും. എന്നാല്‍ ജൂണ്‍ 30 ന് ഇംഗ്ലണ്ടിനോടുള്ള മത്സരത്തിന് ഇന്ത്യ ഓറഞ്ച് ജേഴ്‌സി അണിഞ്ഞേക്കും.

ഓറഞ്ചും നീല നിറവും ചേര്‍ന്നതാണ് ഇന്ത്യയുടെ പുതിയ ജേഴ്‌സി. ലോകകപ്പില്‍ പങ്കെടുക്കുന്ന ഭൂരിഭാഗം ടീമുകളും അവരുടെ ഹോം എവേ ജേഴ്‌സി കിറ്റുകള്‍ നേരത്തെ പുറത്തിറക്കിയപ്പോഴും ഇന്ത്യന്‍ ടീം ഇതുവരെ ഇക്കാര്യത്തില്‍ ഒന്നും പറഞ്ഞിരുന്നില്ല. നൈക്കിയാണ് ഇന്ത്യയുടെ കിറ്റ് സ്‌പോണ്‍സര്‍മാര്‍. പുതിയ ജേഴ്‌സിയെക്കുറിച്ച് നൈക്കി ഇതുവരെ ഒന്നും വെളിപ്പെടുത്തിയിട്ടില്ല. കഴിഞ്ഞ ആഴ്ച മാത്രമാണ് ഇന്ത്യന്‍ ടീം അംഗങ്ങളും പുതിയ ജേഴ്‌സി കണ്ടത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

അഫ്ഗാന്‍ ടീമിന്റെ ജേഴ്‌സിയും കടും നീല നിറമാണെങ്കിലും ഇംഗ്ലണ്ടിനെതിരെയാണ് ഇന്ത്യ ഓറഞ്ച് ജേഴ്‌സി അണിയുക എന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തത്.