വ്യവസായിയുടെ ആത്മഹത്യ: ആന്തൂര്‍ നഗരസഭാ അധികൃതരെ വിളിപ്പിച്ച് മന്ത്രി വിശദീകരണം തേടി

Posted on: June 20, 2019 1:54 pm | Last updated: June 20, 2019 at 7:56 pm

കണ്ണൂര്‍: കണ്‍വന്‍ഷന്‍ സെന്ററിന് നഗരസഭ അനുമതി നല്‍കാത്തതിന്റെ വിഷമം മൂലം പ്രവാസി വ്യവസായി ജീവനൊടുക്കിയ സംഭവത്തില്‍ നഗരസഭാ അധികൃതരെ തിരുവനന്തപുരത്തേക്കു വിളിപ്പിച്ച് മന്ത്രി വിശദീകരണം തേടി. ആന്തൂര്‍ നഗരസഭാ സെക്രട്ടറിയെയും ഉദ്യോഗസ്ഥരെയുമാണ് തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി എ സി മൊയ്തീന്‍ വിളിപ്പിച്ചത്. കെട്ടിടത്തിന് അനുമതി നിഷേധിച്ചിട്ടില്ലെന്ന് ഇവര്‍ മന്ത്രിയോട് വ്യക്തമാക്കിയതായാണ് വിവരം. ഇതുമായി ബന്ധപ്പെട്ട ഫയലുകള്‍ പരിശോധനക്കായി മന്ത്രിക്കു നല്‍കുകയും ചെയ്തു.

പിന്നീട് ഉന്നത ഉദ്യോഗസ്ഥരുമായി മന്ത്രി കൂടിക്കാഴ്ച നടത്തി. മുഴുവന്‍ രേഖകളും പരിശോധിച്ച് 15 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ ചീഫ് ടൗണ്‍ പ്ലാനിംഗ് വിഭാഗത്തോടും തദ്ദേശ സ്വയംഭരണ വിഭാഗത്തിലെ ഉദ്യോഗസ്ഥരോടും മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഓഫീസുകളില്‍ തടഞ്ഞുവച്ച അനുമതി സര്‍ട്ടിഫിക്കറ്റുകളുടെ കണക്കെടുക്കാനും എന്തുകൊണ്ടാണ് തടഞ്ഞുവച്ചതെന്ന് വിശദീകരണം നല്‍കാനും ജില്ലകളിലെ ഉദ്യോഗസ്ഥന്മാര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.