അര്‍ജന്റീനക്ക് വീണ്ടും തിരിച്ചടി; സമനിലയില്‍ പൂട്ടി പരാഗ്വെ

Posted on: June 20, 2019 9:16 am | Last updated: June 20, 2019 at 1:55 pm

മിനാസ്: തിരിച്ചടികളില്‍ നിന്ന് കരകയറാന്‍ അര്‍ജന്റീനക്കാകുന്നില്ല. കോപ്പയില്‍ കൊളംബിയയോട് എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് അടിയറവു പറഞ്ഞ അര്‍ജന്റീനയെ രണ്ടാം മത്സരത്തില്‍ പരാഗ്വെ സമനിലയില്‍ പൂട്ടി (1-1). വാറിലൂടെ കിട്ടിയ പെനാല്‍ട്ടി ലയണല്‍ മെസി ലക്ഷ്യത്തിലെത്തിച്ചതാണ് വീണ്ടുമൊരു തോല്‍വിയില്‍ നിന്ന് അര്‍ജന്റീനയെ രക്ഷിച്ചത്. എതിരാളികള്‍ക്ക് ലഭിച്ച പെനാള്‍ട്ടി സേവ് ചെയ്ത് ഗോളി അര്‍മാനിയും രക്ഷകന്റെ റോളില്‍ അവതരിച്ചു.

ആദ്യ മത്സരത്തില്‍ നിന്ന് നിര്‍ണായക മാറ്റങ്ങള്‍ വരുത്തിയാണ് അര്‍ജന്റീന ഇറങ്ങിയതെങ്കിലും നിര്‍ണായക പോരാട്ടത്തില്‍ വിജയം അകന്നു നിന്നു. കൊളംബിയക്കെതിരെ നിറം മങ്ങിയ അഗ്യുറെ, എയ്ഞ്ചല്‍ മരിയ എന്നിവരെ പുറത്തിരുത്തിയാണ് പരാഗ്വെയെ നേരിട്ടത്.

37ാം മിനുട്ടില്‍ അര്‍ജന്റീനയെ ഞെട്ടിച്ച് പരാഗ്വെയുടെ ആദ്യ ഗോള്‍ പിറന്നു. മിഗ്വെയില്‍ അല്‍മിറോന്‍ ബോക്‌സിലേക്ക് വിദഗ്ധമായി നല്‍കിയ ക്രോസ് ഗോള്‍ വലയത്തിലേക്ക് കണക്ട് ചെയ്ത് റിച്ചാര്‍ഡ് സാന്റസ് ആണ് ഗോള്‍ നേടിയത് (1-0). രണ്ടാം പകുതിയില്‍ അഗ്യുറോയെ വീണ്ടും പരീക്ഷിച്ചെങ്കിലും ഫലമുണ്ടായില്ല. 57ാം മിനുട്ടിലാണ് അര്‍ജന്റീനയുടെ ആശ്വാസ ഗോള്‍ പെനാള്‍ട്ടിയിലൂടെ പരാഗ്വെ പോസ്റ്റിലെത്തിയത്. പരാഗ്വെ താരം പിരിസിന്റെ കൈയില്‍ ബോക്‌സില്‍ വച്ച് പന്ത് തട്ടിയതായി വാറില്‍ വ്യക്തമായതിനെ തുടര്‍ന്നാണ് പെനാള്‍ട്ടി ലഭിച്ചത്. കിക്കെടുത്ത മെസി പന്ത് അനായാസം വലയിലെത്തിച്ചു (1-1).

85ാം മിനുട്ടില്‍ ഒട്ടമെന്‍ഡിയുടെ ഫൗളില്‍ ലഭിച്ച പെനാള്‍ട്ടിയിലൂടെ ലീഡ് നേടാനുള്ള സുവര്‍ണാവസരം പരാഗ്വെ കളഞ്ഞുകുളിച്ചു. ഡെര്‍ലിസ് ഗോണ്‍സാല്‍വസിന്റെ കിക്ക് അര്‍ജന്റീന ഗോളി അര്‍മാനി രക്ഷപ്പെടുത്തുകയായിരുന്നു. കളിയില്‍ അര്‍ജന്റീനയുടെ ഒട്ടമെന്‍ഡി, ടാഗ്ലിയാഫികോ എന്നിവര്‍ക്കും പരാഗ്വെയുടെ പിരിസിനും മഞ്ഞക്കാര്‍ഡ് ലഭിച്ചു. ഗ്രൂപ്പ് ബിയില്‍ ഈ സമനിലയിലൂടെ നേടിയ ഒരു പോയിന്റുമായി പട്ടികയില്‍ അവസാന സ്ഥാനത്താണ് അര്‍ജന്റീന.