Connect with us

National

തിരഞ്ഞെടുപ്പു പ്രചാരണത്തിന് പരിധിയില്‍ കൂടുതല്‍ പണം ചെലവിട്ടു; സണ്ണി ഡിയോളിന് കമ്മീഷന്‍ നോട്ടീസ്

Published

|

Last Updated

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പരിധിയില്‍ കൂടുതല്‍ പണം ചെലവഴിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ബോളിവുഡ് നടനും ബി ജെ പി എം പിയുമായ നടന്‍ സണ്ണി ഡിയോളിനെതിരെ നടപടിക്കൊരുങ്ങി തിരഞ്ഞെടുപ്പ് കമ്മീഷന്‍. വിഷയത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ സണ്ണി ഡിയോളിന് നോട്ടീസ് അയച്ചു. മറുപടി ലഭിച്ചതിന് ശേഷം കൂടുതല്‍ നടപടികളിലേക്ക് കടക്കും.

നടന്റെ ലോക്സഭാംഗത്വം റദ്ദാക്കാനും പകരം രണ്ടാം സ്ഥാനത്ത് വന്ന സ്ഥാനാര്‍ഥിയെ വിജയിയായി പ്രഖ്യാപിക്കാനും കമ്മീഷന് അവകാശമുണ്ട്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് 70 ലക്ഷം രൂപ വരെ സ്ഥാനാര്‍ഥിക്ക് ചെലവഴിക്കാം. എന്നാല്‍ ഗുരുദാസ്പൂര്‍ എം പിയായ സണ്ണി ഡിയോള്‍ ചെലവഴിച്ച തുക 86 ലക്ഷത്തിനടുത്ത് വരും. താരത്തിന്റെ അധികച്ചെലവ് സംബന്ധിച്ച കമ്മീഷന് പരാതി ലഭിച്ചിട്ടുണ്ട്.

അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ക്ക് മുമ്പാണ് ഗുരുദാസ്പൂരിലെ സ്ഥാനാര്‍ഥിയായി സണ്ണി ഡിയോളിനെ ബി ജെ പി രംഗത്തിറക്കിയത്. പഞ്ചാബിലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ സുനില്‍ ജാക്കറെ 82,459 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ലോക്സഭയിലെത്തിയത്. ബി ജെ പിയുടെ സിറ്റിംഗ് സീറ്റാണ് ഗുരുദാസ്്പൂര്‍. നടന്‍ വിനോദ് ഖന്നയായിരുന്നു മുമ്പ് സ്ഥിരമായി ഇവിടെ നിന്ന് ജയിച്ചുവന്നിരുന്നത്. 1998, 1999, 2004, 2014 വര്‍ഷങ്ങളിലാണ് വിനോദ് ഖന്ന് ഇവിടെ നിന്ന് വിജയിച്ചത്. ഇദ്ദേഹത്തിന്റെ മരണത്തോടെയാണ് സണ്ണി ഡിയോളിനെ ഇവിടെ സ്ഥാനാര്‍ഥിയായി പരിഗണിച്ചത്.