ഹജ്ജ് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി: ഇന്ത്യയില്‍ നിന്നുള്ള ആദ്യ സംഘം ജൂലൈ നാലിന്

Posted on: June 19, 2019 5:12 pm | Last updated: June 19, 2019 at 5:12 pm

മക്ക/മദീന: വര്‍ഷത്തെ വിശുദ്ധ ഹജ്ജ് കര്‍മ്മങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി, ഇന്ത്യയില്‍ നിന്നുള്ള ആദ്യ ഹജ്ജ് സംഘം ജൂലൈ നാലിന് മദീനയിലെത്തും. പ്രിന്‍സ് മുഹമ്മദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന ആദ്യ ഇന്ത്യന്‍ ഹജ്ജ് സംഘത്തെ സഊദി ഹജ്ജ് മന്ത്രാലയം ഉദ്യോഗസ്ഥര്‍,ഇന്ത്യന്‍ അംബാസഡര്‍ ഡോ. ഔസാഫ് സഈദ് , ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലര്‍ ജനറല്‍ നോര്‍ മുഹമ്മദ് റഹ്മാന്‍ തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിക്കും

ഉത്തര്‍പ്രദേശില്‍ നിന്നുള്ള 420 പേരടങ്ങുന്ന ആദ്യ സംഘമാണ് ഇന്ത്യയില്‍ നിന്നും തിരിക്കുക. ഡല്‍ഹി വിമാനത്താവളം വഴിയാണ് ഇവരുടെ യാത്ര. തീര്‍ത്ഥാടകര്‍, ഒരാഴ്ച്ചകാലം പ്രവാചക നഗരിയില്‍ ചിലവഴിച്ചശേഷം ഹജ്ജ് കര്‍മങ്ങള്‍ക്കായി മക്കയിലേക്ക് നീങ്ങും. ആഗസ്ത് 17ന് ആദ്യ ഇന്ത്യന്‍ സംഘം നാട്ടിലേക്ക് മടങ്ങുക.

ഇന്ത്യയില്‍ നിന്ന് ഈ വര്‍ഷം 22 എംബാര്‍കേഷന്‍ പോയന്റുകളാണുള്ളത്. ആദ്യ പത്ത് എംബാര്‍കേഷന്‍ പോയന്റില്‍ നിന്നും യാത്രചെയ്യുന്ന തീര്‍ഥാടകര്‍ മദീന സന്ദര്‍ശനം കഴിഞ്ഞാണ് മക്കയിലെത്തുക, ബാക്കിയുള്ള തീര്‍ഥാടകര്‍ ഹജ്ജ് കര്‍മങ്ങള്‍ക്ക് ശേഷമാണ് മദീനയിലെത്തുക.

2019 ല്‍ ഇന്ത്യ സന്ദര്‍ശിച്ച സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ 25,000 ഹജ്ജ് സീറ്റുകളാണ് ഇന്ത്യക്ക് അധികമായി അനുവദിച്ചത്, ഇതോടെ ഈ വര്‍ഷം ഹജ്ജ് കര്‍മ്മങ്ങള്‍ക്കായി രണ്ട് ലക്ഷം ഹജ്ജ് തീര്‍ഥാടകരാണ് പുണ്യഭൂമിയിലെത്തുക.

കേരത്തില്‍ നിന്നുള്ള ആദ്യ ഹജ്ജ് സംഘം കരിപ്പൂരില്‍ നിന്നും ജൂലൈ ഏഴിനാണ് പുറപ്പെടുക, ആഗസ്ത് 17 ന് കേരളത്തില്‍ നിന്നുള്ള ആദ്യ സംഘം തിരിച്ചെത്തും, റണ്‍വേ അറ്റകുറ്റപ്പണികള്‍ മൂലം കോഴിക്കോട് നിന്നും നിര്‍ത്തിവെച്ചിരുന്ന ഹജ്ജ് യാത്രകള്‍ നാല് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പുനരാരംഭിക്കുന്നത്. കൊച്ചിയില്‍ നിന്നുള്ള ഹാജിമാര്‍ ജൂലൈ 14ന് യാത്രതിരിക്കും, ഇവരുടെ മടക്കം ആഗസ്ത് 29ന് ആരംഭിക്കും.

മുഹമ്മദ് റഫീഖ് ചെമ്പോത്തറ