പാഞ്ചാലിമേട്ടിലെ കുരിശ് ഏത് ഭൂമിയില്‍ ?; പത്ത് ദിവസത്തിനകം മറുപടി നല്‍കണമെന്ന് ഹൈക്കോടതി

Posted on: June 19, 2019 1:36 pm | Last updated: June 19, 2019 at 7:28 pm

കൊച്ചി: ഇടുക്കി പഞ്ചാലിമേട്ടില്‍ കുരിശ് നാട്ടിയത് സര്‍ക്കാര്‍ ഭൂമിയിലാണോ അതോ ദേവസ്വം ബോര്‍ഡിന്റെ ഭൂമിയിലാണോ എന്ന് അറിയിക്കണമെന്ന് സംസ്ഥാന സര്‍ക്കാറിനും ദേവസ്വം ബോര്‍ഡിനും ഹൈക്കോടതി നിര്‍ദേശം. പത്ത് ദിവസത്തിനകം മറുപടി നല്‍കണമെന്നാണ് നിര്‍ദേശം. സര്‍ക്കാര്‍ മറുപടി ലഭിച്ച ശേഷം ജൂലൈ ഒന്നിന് കേസ് വീണ്ടും പരിഗണിക്കും. പാഞ്ചാലമേട്ടിലെ റവന്യൂ ഭൂമിയില്‍ കുരിശ് സ്ഥാപിച്ചതിന് പിന്നാലെ തൃശൂലവും സ്ഥാപിച്ച് സംഘര്‍ഷത്തിന് നീക്കം തുടങ്ങിയ സാഹചര്യത്തിലാണ് ഹൈക്കോടതി ഇടപെടല്‍.

അതിനിടെ കുരിശ് വിവാദത്തില്‍ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികലയുടെ നേതൃത്വത്തില്‍ ഹൈന്ദവ സംഘടനകള്‍ നടത്തിയ പ്രതിഷേധ പ്രകടനം പോലീസ് പഞ്ചാലിമേട്ടില്‍ തടഞ്ഞു. ഇതില്‍ പ്രതിഷേധിച്ച് ഇവര്‍ നാമജപപ്രതിഷേധം നടത്തി.

രാവിലെ 11 മണിയോടെയാണ് സംഘം പാഞ്ചാലിമേട്ടിലെത്തിയത്. എന്നാല്‍ ഇവരെ കടത്തിവിടാന്‍ തയ്യാറായില്ല. പിന്നീട് ഇവര്‍ നാമജപ പ്രതിഷേധം നടത്തുകയായിരുന്നു. ശബരിമല പൊന്നമ്പലമേടിന്റെ ഭാഗമായ പാഞ്ചാലിമേട് കൈയേറിയാണ് കുരിശ് സ്ഥാപിച്ചതെന്നാണ് ഹൈന്ദവസംഘടനകളുടെ ആരോപണം.

അതേസമയം അമ്പലത്തോളം പഴക്കമുണ്ട് കുരിശുമല കയറ്റത്തിനെന്നാണ് കണയങ്കവയല്‍ ചര്‍ച്ച് പറയുന്നത്. കുരിശുകളും അമ്പലവും റവന്യൂഭൂമിയിലാണെങ്കിലും വിശ്വാസത്തിന്റെ കാര്യമായതിനാല്‍ തിടുക്കപ്പെട്ട് നടപടിയെടുക്കില്ലെന്ന നിലപാടിലാണ് ഇടുക്കി ജില്ലാ ഭരണകൂടം.