Connect with us

Editorial

കൊല്‍ക്കത്ത സമരത്തിനു പിന്നില്‍

Published

|

Last Updated

പശ്ചിമ ബംഗാളില്‍ ഡോക്ടര്‍മാരുടെ സമരം ഒത്തുതീര്‍ന്നു. ഒത്തുതീര്‍പ്പ് എന്നതിനേക്കാള്‍ മമതാ സര്‍ക്കാറിന്റെ കീഴടങ്ങല്‍ എന്നു പറയുന്നതായിരിക്കും കൂടുതല്‍ ശരി. ഡോക്ടര്‍മാര്‍ മുന്നോട്ടു വെച്ച ഒട്ടുമിക്ക ആവശ്യങ്ങളും സര്‍ക്കാര്‍ അംഗീകരിച്ചതോടെയാണ് സമരം അവസാനിച്ചത്. സമരം പിന്‍വലിക്കാതെ ചര്‍ച്ചയില്ലെന്ന് തീര്‍ത്തു പറഞ്ഞ മമത, ചര്‍ച്ചക്ക് തയ്യാറായതും ആവശ്യങ്ങള്‍ ഏറെക്കുറെ അംഗീകരിച്ചതും കേന്ദ്രത്തിന്റെ ഇടപെടലിനെ തുടര്‍ന്നാണെന്നാണ് കരുതപ്പെടുന്നത്. ഡോക്ടര്‍മാരുടെ സമരത്തെക്കുറിച്ചുള്ള സംസ്ഥാനത്തെ സ്ഥിതിഗതികളെക്കുറിച്ച് കേന്ദ്രം ഗവര്‍ണറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. അതിനു മുമ്പേ ഡോക്ടര്‍മാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്തു വരികയുമുണ്ടായി. സര്‍ക്കാറിനെതിരായ രാഷ്ട്രീയ നീക്കമാണ് കേന്ദ്ര സര്‍ക്കാറിന്റെയും ബി ജെ പിയുടെയും ഈ ഇടപെടലിനു പിന്നിലെന്ന് മനസ്സിലാക്കിയതിനെ തുടര്‍ന്ന് മമതാ സര്‍ക്കാര്‍ പെട്ടെന്ന് നിലപാട് മാറ്റുകയായിരുന്നു.

കൊല്‍ക്കത്ത നീല്‍രത്തന്‍ മെഡിക്കല്‍ കോളജില്‍(എന്‍ ആര്‍ എസ്) ചികിത്സക്കെത്തിയ മുഹമ്മദ് സഈദ് എന്ന എഴുപത്തഞ്ചുകാരനായ രോഗി മരണപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ അരങ്ങേറിയ സംഭവങ്ങളാണ് ഡോക്ടര്‍മാരുടെ സമരത്തിന് ഹേതു. ഹൃദ്രോഗിയായ മുഹമ്മദ് സഈദിന് ആശുപത്രിയില്‍ തക്ക സമയത്ത് ചികിത്സ ലഭിക്കാത്തതാണ് മരണ കാരണമെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ആശുപത്രിയിലെത്തുമ്പോള്‍ രോഗി അത്ര ഗുരുതരാവസ്ഥയിലായിരുന്നില്ല. സമയത്തിനു ചികിത്സ ലഭിച്ചിരുന്നെങ്കില്‍ അദ്ദേഹം രക്ഷപ്പെടുമായിരുന്നുവെന്നാണ് ബന്ധുക്കള്‍ വിശ്വസിക്കുന്നത്. ആശുപത്രിയില്‍ പ്രവേശിച്ച ഉടനെ അദ്ദേഹത്തെ പരിശോധിക്കാനായി ബന്ധുക്കള്‍ പല ഡോക്ടര്‍മാരോടും ആവശ്യപ്പെട്ടെങ്കിലും തങ്ങളുടെ രോഗിയല്ലെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറുകയായിരുന്നുവത്രേ. ഒന്നര മണിക്കൂറോളം ഇതുമൂലം ചികിത്സ വൈകി. അപ്പോഴേക്കും രോഗിയുടെ രോഗം മൂര്‍ച്ഛിച്ചു. പിന്നീട് ഡോക്ടര്‍ എത്തി ഇന്‍ജക്ഷന്‍ നല്‍കിയെങ്കിലും രോഗി ഉടനെ മരിച്ചു. സ്വാഭാവികമായും ഇത് ബന്ധുക്കളെ രോഷാകുലരാക്കുകയും ഡോക്ടര്‍മാരോട് തട്ടിക്കയറുകയും ചെയ്തു. ഇതില്‍ ക്ഷുഭിതരായ ഡോക്ടര്‍മാര്‍, തങ്ങളോട് അപമര്യാദയായി പെരുമാറിയതിന് മാപ്പ് പറയും വരെ മൃതദേഹം വിട്ടുതരില്ലെന്നു ശഠിച്ചു. ജാമാതാവ് മുഹമ്മദ് മന്‍സൂര്‍ ആലം ബന്ധുക്കള്‍ക്ക് വേണ്ടി മാപ്പ് പറഞ്ഞെങ്കിലും ഡോക്ടര്‍മാര്‍ സമ്മതിച്ചില്ല. അതോടെ സംഘര്‍ഷം മൂര്‍ച്ഛിക്കുകയും പോലീസ് എത്തി ലാത്തി വീശുകയും ചെയ്തു. ഇതാണ് ഡോക്ടര്‍മാരെ സമരത്തിലേക്ക് നയിച്ച സംഭവം. അതേസമയം, ഡോക്ടര്‍മാര്‍ക്ക് പറയാനുള്ളത് മറ്റൊന്നാണ്. ചികിത്സാ വീഴ്ച സംഭവിച്ചിട്ടില്ല. തങ്ങള്‍ സമയത്തിന് തന്നെ ചികിത്സിച്ചിരുന്നു. ബന്ധുക്കള്‍ ആശുപത്രിയിലെ വനിതാജീവനക്കാരെ പിടിച്ചു തള്ളുകയും മര്‍ദിക്കുകയുമുണ്ടായെന്ന് അവര്‍ പറയുന്നു.

യഥാര്‍ഥത്തില്‍ ആശുപത്രിയിലെ സംഭവങ്ങള്‍ മാത്രമാണോ ഡോക്ടര്‍മാരെയും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനെയും സമരത്തിലേക്ക് എടുത്തു ചാടിച്ചത്? അതിലപ്പുറം അതിനു പിന്നില്‍ രാഷ്ട്രീയമോ വര്‍ഗീയമോ ആയ അജന്‍ഡകളുണ്ടോ? ഡോക്ടര്‍മാരുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച ബി ജെ പിയുടെയും സംഘ്പരിവാറിന്റെയും ഇതുസംബന്ധിച്ചു നടത്തിയ പ്രചാരണങ്ങള്‍ അത്തരമൊരു സംശയത്തിനിടയാക്കിയിട്ടുണ്ട്. തൃണമൂല്‍ സര്‍ക്കാറിന്റെ മുസ്‌ലിം പ്രീണനത്തിന്റെ ഫലമായി പൊട്ടിപ്പുറപ്പെട്ടതാണ് സമരമെന്നായിരുന്നു അവരുടെ വ്യാപകമായ പ്രചാരണം. ഒരു പ്രത്യേക സമുദായത്തില്‍ പെട്ടവര്‍ ഡോക്ടര്‍മാരെ ആക്രമിച്ചതായി ബി ജെ പി നേതാവ് മുകുള്‍ റോയ് കുറ്റപ്പെടുത്തിയതും ശ്രദ്ധേയമാണ്. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട രോഗി ഡോക്ടര്‍മാരുടെ അനാസ്ഥ കാരണം മരണപ്പെട്ടതായി രോഗികള്‍ സന്ദേഹിച്ചാല്‍ ഡോക്ടര്‍മാരുടെയും ആശുപത്രി ജീവനക്കാരുടെയും നേരെ തട്ടിക്കയറലും ശകാരിക്കലും ചിലപ്പോള്‍ കൈയേറ്റവും സാധാരമാണ്. മിക്ക ആശുപത്രികളിലും പലപ്പോഴും കണ്ടു വരാറുള്ള സ്വാഭാവിക പ്രതികരണം. ബന്ധുവിന്റെ മരണം ഏല്‍പ്പിച്ച ആഘാതത്തിന്റെയും ദുഃഖത്തിന്റെയും ഫലമായുണ്ടാകുന്ന ഈ രോഷപ്രകടനത്തിന് രോഗിയുടെയും ഡോക്ടര്‍മാരുടെയും മതത്തിനോ ജാതിക്കോ ഒരു പങ്കുമുണ്ടാകില്ല. ഡോക്ടര്‍ ഏത് മതക്കാരനെന്നന്വേഷിച്ചറിഞ്ഞല്ല ബന്ധുക്കള്‍ പ്രതികരിക്കുന്നതും തട്ടിക്കയറുന്നതും. എന്നിട്ടും മുകുള്‍ റോയ് അത്തരമൊരു പരാമര്‍ശം നടത്തിയതിന്റെ ചേതോവികാരമെന്താണ്?

ബംഗാളില്‍ ഇപ്പോള്‍ ബി ജെ പിയുടെ ഏറ്റവും വലിയ പ്രതിയോഗി മമതാ ബാനര്‍ജിയാണ്. മമതയെ രാഷ്ട്രീയമായി അക്രമിക്കാന്‍ ലഭിക്കുന്ന ഏതവസരവും ബി ജെ പി പാഴാക്കാറില്ല. കൊല്‍ക്കത്ത എന്‍ ആര്‍ എസ് ആശുപത്രിയിലെ ചെറിയൊരു സംഭവം ഊതിപ്പെരുപ്പിച്ച് സമരത്തിലേക്ക് എത്തിച്ചതും ഇതിന്റെ ഭാഗമായിരിക്കണം. ഡോക്ടര്‍മാരും ഐ എം എയും ആ കെണിയില്‍ വീഴുകയായിരുന്നോ? ഒരു ഡോക്ടര്‍ അക്രമിക്കപ്പെട്ടതിനെ ചൊല്ലിയായിരുന്നു ഐ എം എ രംഗത്തെത്തിയതെങ്കില്‍, ഉത്തര്‍ പ്രദേശിലെ ഗോരഖ്പൂർ ആശുപത്രിയിലെ ഡോക്ടര്‍ കഫീല്‍ ഖാനെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ വേട്ടയാടിയപ്പോള്‍ ഇവര്‍ എവിടെയായിരുന്നു. 2017ല്‍ ഗോരഖ്പൂർ ബി ആര്‍ ഡി മെഡിക്കല്‍ കോളജില്‍ ഓക്‌സിജന്‍ ലഭിക്കാതെ ചികിത്സയിലിരുന്ന കുട്ടികള്‍ തുടരെത്തുടരെ മരിക്കുന്നത് കണ്ടപ്പോള്‍ സ്വന്തം കീശയില്‍ നിന്ന് പണമെടുത്ത് ഓക്‌സിജന്‍ എത്തിച്ച് അവശേഷിച്ച കുട്ടികളെ രക്ഷിച്ച മനുഷ്യ സ്‌നേഹിയാണ് അദ്ദേഹം. മാതൃകാപരമായ ഈ പ്രവൃത്തിക്ക് ഡോക്ടറെ അഭിനന്ദിക്കേണ്ടതിനു പകരം വര്‍ഗീയ വിദ്വേഷത്തോടെ അദ്ദേഹത്തെ ആശുപത്രിയില്‍ നിന്ന് പുറത്താക്കുകയും കള്ളക്കേസില്‍ പെടുത്തി ജയിലിലടക്കുകയുമായിരുന്നു യോഗി സര്‍ക്കാര്‍. പ്രശ്‌നത്തില്‍ ഇടപെട്ട സുപ്രീം കോടതി കഫീല്‍ ഖാന് നീതിനടപ്പാക്കാനും നഷ്ടപരിഹാരം നല്‍കാനും ഉത്തരവിട്ടെങ്കിലും പകയോടെയാണ് ഇപ്പോഴും സര്‍ക്കാറിന്റെ സമീപനം. ദേശീയതലത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ട ഈ നീതിനിഷേധം പക്ഷേ ഐ എം എ ഇപ്പോഴും അറിഞ്ഞ മട്ടില്ല.

Latest