മലയാളി യുവാവ് ഉമ്മുല്‍ ഖുവൈന്‍ ബീച്ചില്‍ മുങ്ങി മരിച്ചു

Posted on: June 18, 2019 9:19 pm | Last updated: June 18, 2019 at 9:19 pm

ഉമ്മുല്‍ ഖുവൈന്‍: മലയാളി യുവാവ് ഉമ്മുല്‍ ഖുവൈനില്‍ മുങ്ങി മരിച്ചു. കൊല്ലം പരവൂര്‍ കോങ്ങാല്‍ വിളയില്‍ വീട്ടില്‍ ജനാര്‍ദനന്‍-രാജി ദമ്പതികളുടെ മകന്‍ അനന്തു (25)വാണ് മരണപ്പെട്ടത്. ഈദ് അവധി ദിവസത്തില്‍ ഉമ്മുല്‍ ഖുവൈന്‍ ബീച്ചില്‍ കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ അനന്തു തിരമാലയില്‍ പെടുകയായിരുന്നു. ഉടനെ കൂട്ടുകാര്‍ പോലീസ്, പാരാമെഡിക്കല്‍ സംഘം എന്നിവരെ വിവരമറിയിച്ച് രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചെങ്കിലും യാത്രാമധ്യേ മരണം സംഭവിക്കുകയായിരുന്നു.

അജ്മാനില്‍ സ്വകാര്യ സ്ഥാപനത്തില്‍ തൊഴില്‍ ചെയ്യുന്ന ജനാര്‍ദനന്റെ ഒപ്പമാണ് മരിച്ച അനന്തുവും സഹോദരിയും കഴിഞ്ഞിരുന്നത്. സ്വകാര്യ സ്ഥാപനത്തില്‍ തൊഴില്‍ ചെയ്തുവരികയായിരുന്നു. ഈദ് അവധി ആഘോഷങ്ങളുടെ ഭാഗമായാണ് അനന്തു കൂട്ടുകാര്‍ക്കൊപ്പം കുളിക്കാനായി ബീച്ചിലെത്തിയത്. എന്നാല്‍ വളരെ ശാന്തമായ ഭാഗത്ത് കുളിച്ചിരുന്ന അനന്തുവിനെ പെട്ടന്ന് വന്ന തിരമാല കവര്‍ന്നെടുക്കുകയായിരുന്നുവെന്ന് കൂട്ടുകാര്‍ പറഞ്ഞു.
നിയമനടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ഇന്നലെ വൈകീട്ട് ഷാര്‍ജ-തിരുവനന്തപുരം എയര്‍ അറേബ്യ വിമാനത്തില്‍ നാട്ടിലേക്കയച്ചുവെന്ന് നടപടികള്‍ക്ക് നേതൃത്വം നല്‍കിയ അഷ്റഫ് താമരശ്ശേരി, റിയാസ് കൂത്തുപറമ്പ് എന്നിവര്‍ അറിയിച്ചു. സംസ്‌കാരം ഇന്ന് രാവിലെ 11ന് പുറ്റിങ്ങല്‍ ക്ഷേത്രത്തിന് സമീപമുള്ള സ്വവസതിയില്‍ നടത്തുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.