ദുബൈ ജനസംഖ്യയില്‍ ഏഴ് ശതമാനം വര്‍ധന

Posted on: June 18, 2019 9:13 pm | Last updated: June 18, 2019 at 9:13 pm

ദുബൈ: നടപ്പുവര്‍ഷം ഒന്നാം പാദം പിന്നിട്ടപ്പോള്‍ ദുബൈ ജനസംഖ്യയില്‍ വലിയ വര്‍ധനവ് രേഖപ്പെടുത്തിയതായി അധികൃതര്‍. മുന്‍വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 212,000 ജനങ്ങളുടെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഏഴ് ശതമാനം വരുമിതെന്ന് അധികൃതര്‍ പുറത്തുവിട്ട കണക്കില്‍ വ്യക്തമാക്കുന്നുണ്ട്.

നടപ്പുവര്‍ഷം ആദ്യ പാദത്തിന്റെ അവസാനം 3,240,000 ആളുകളാണ് ദുബൈ താമസക്കാര്‍. വിദേശികളും ഉള്‍പെടെയുള്ള കണക്കാണിത്. മുന്‍വര്‍ഷം ഇതേ കാലയളവില്‍ 3,028,000 ആളുകളാണ് ദുബൈയിലുണ്ടായിരുന്നത്. താമസക്കാരില്‍ ഇരുപത്തിരണ്ടര ലക്ഷത്തിലധികം പുരുഷന്‍മാരാണ്. പത്ത് ലക്ഷത്തില്‍ താഴെ മാത്രമാണ് സ്ത്രീകളുള്ളതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
ദുബൈയിലെ താമസക്കാരില്‍ 2018 അവസാനത്തെ കണക്കുകള്‍ പ്രകാരം 30നും 34നും ഇടയില്‍ പ്രായമുള്ളവര്‍ 18 ശതമാനമാണ്. 40ന് താഴെയുള്ളവര്‍ 73.83 ശതമാനമാണെന്നും കണക്കുകള്‍ പറയുന്നു.