‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’: പ്രധാനമന്ത്രി വിളിച്ച യോഗം മമത ബഹിഷ്‌കരിക്കും

Posted on: June 18, 2019 6:31 pm | Last updated: June 18, 2019 at 10:21 pm

കൊല്‍ക്കത്ത: ‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ‘എന്ന
വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ചു ചേര്‍ക്കുന്ന യോഗത്തില്‍ പങ്കെടുക്കില്ലെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ബുധനാഴ്ചയാണ് ഡല്‍ഹിയില്‍ വിവിധ പാര്‍ട്ടി അധ്യക്ഷന്‍മാരുടെ യോഗം പ്രധാനമന്ത്രി വിളിച്ചിരിക്കുന്നത്.

യോഗ വിഷയം സംബന്ധിച്ച് തിടുക്കത്തിലൊരു തീരുമാനമെടുക്കാനാകില്ലെന്ന് കാണിച്ച് പാര്‍ലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷിക്ക് കത്തയച്ചിട്ടുണ്ട് മമത. വിഷയത്തില്‍ നിലപാട് വ്യക്തമാക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കൂടുതല്‍ സമയം അനുവദിക്കണമെന്നും ധവളപത്രം പുറത്തിറക്കണമെന്നും മമത കത്തില്‍ ആവശ്യപ്പെടുന്നു.

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന ആശയത്തെ ഭൂരിഭാഗം പ്രതിപക്ഷ പാര്‍ട്ടികളും എതിര്‍ക്കുകയാണ്്. ഇതിന് പിന്നാലെയാണ് യോഗം ബഹിഷ്‌കരിക്കുമെന്ന് മമത നിലപാടെടുത്തിരിക്കുന്നത്. ഭരണഘടനാ വിദഗ്ധരുമായും തിരഞ്ഞെടുപ്പ് വിദഗ്ധരുമായും വിഷയം ചര്‍ച്ച ചെയ്യണമെന്നും ഇക്കാര്യത്തില്‍ പാര്‍ട്ടി അണികളേയും വിശ്വാസത്തിലെടുക്കണമെന്നും മമത വ്യക്തമാക്കിയിട്ടുണ്ട്. മറ്റ് തിരക്കുകളുള്ളതിനാല്‍ യോഗത്തിനെത്താനാകില്ലെന്ന് ശിവസേന അധ്യക്ഷന്‍ ഉദ്ദവ് താക്കറേയും വ്യക്തമാക്കിയിട്ടുണ്ട്.