ജാമിഅതുല്‍ ഹിന്ദ്: ഗവേഷണ പഠന രംഗത്ത് പ്രതീക്ഷ

Posted on: June 18, 2019 12:32 pm | Last updated: June 18, 2019 at 5:43 pm

വിശുദ്ധ ഖുര്‍ആന്‍ പഠിക്കാന്‍ ശ്രമിക്കുന്ന ഒരു മതപഠന വിദ്യാര്‍ഥിയുടെ മുമ്പിലുള്ള പഠനാവസരങ്ങള്‍ ഏതൊക്കെയാകാം അല്ലെങ്കില്‍ ആകണം എന്ന് ചിന്തിച്ചാല്‍ സാമ്പ്രദായികമായി നാം നടപ്പാക്കി വരുന്ന മത ബിരുദ പഠനത്തിനുള്ള വിഷയങ്ങളില്‍ ഖുര്‍ആന്‍ ആഴത്തില്‍ പഠിക്കാനുള്ള അവസരങ്ങള്‍ പര്യാപ്തമാണോ എന്ന ചോദ്യമുന്നയിക്കപ്പെടാം.

തഫ്‌സീര്‍ ജലാലൈനി, ബൈളാവി (നിശ്ചിത ഭാഗം), ചിലയിടങ്ങളില്‍ നസഫി, ഖുര്‍തുബി തിരഞ്ഞെടുത്ത ഭാഗങ്ങള്‍ ഇവയാണ് അധ്യയനം നടക്കുന്നത്. ഉന്നത ശീര്‍ഷരായ ഖുര്‍ആന്‍ വ്യാഖ്യാതാക്കളുടെ വ്യാഖ്യാനങ്ങളുടെ സഹായത്തോടെ വിശുദ്ധ ഖുര്‍ആന്‍ തുറന്ന് വെക്കുന്ന വിശാലമായ ആശയങ്ങളുടെ ലോകത്തേക്ക് ഈ പഠനങ്ങളിലൂടെ കടന്ന് ആവശ്യമായ അറിവുകള്‍ കരസ്ഥമാക്കാന്‍ കഴിയും എന്ന നിലക്കാണ് പൂര്‍വ സൂരികളായ പണ്ഡിതന്മാര്‍ ഇത്തരത്തില്‍ പദ്ധതി തയ്യാറാക്കിയത്.

പുതിയ കാലത്തെ വൈജ്ഞാനിക വിസ്‌ഫോടനവും ഭൗതിക വിഷയങ്ങളില്‍ കൂടുതല്‍ ഇടപഴകാനുള്ള സാഹചര്യങ്ങളും സമ്മര്‍ദവും എല്ലാം ചേരുമ്പോള്‍ ആധുനിക മത വിദ്യാര്‍ഥിക്ക് വിശുദ്ധ ഖുര്‍ആനിന്റെ തഫ്‌സീറുകളും അവ മുന്നോട്ടു വെക്കുന്ന പഠന വിഷയങ്ങളും പുതിയ കാലത്തെ വിമര്‍ശന വിഷയങ്ങള്‍ക്കുള്ള മറുപടിയും ഖുര്‍ആന്‍ പഠനത്തിലൂടെ കിട്ടാതെ പോകുന്നു. ഈ സാഹചര്യത്തിന് അല്‍പമെങ്കിലും മാറ്റം ഉണ്ടാക്കാന്‍ ശ്രമിക്കുകയും വിശുദ്ധ ഖുര്‍ആന്‍ പഠനങ്ങളുടെ നിരവധി കൈവഴികളിലേക്ക് ഗവേഷണ പഠന വിദ്യാര്‍ഥികളെ വഴി കാണിക്കുകയും ചെയ്യുകയാണ് ജാമിഅതുല്‍ ഹിന്ദിന് കീഴില്‍ ജാമിഅ മര്‍കസില്‍ വെച്ച് നടക്കുന്ന ത്രിവത്സര തഫ്‌സീര്‍ റിസര്‍ച്ച് കോഴ്‌സിലൂടെ ഉദ്ദേശിക്കുന്നത്.

ഏറ്റവും സാധാരണ ആശയങ്ങള്‍ കോര്‍ത്തു വെച്ച് അത്യന്തം അത്ഭുതകരവും അസാധാരണവുമായ ആശയങ്ങളിലേക്ക് ഉള്‍വെളിച്ചം നല്‍കുന്ന വിശുദ്ധ ഖുര്‍ആനിന്റെ ദര്‍ശനവും സാരോപദേശങ്ങളും ലോകത്തിന് കൂടുതല്‍ പരിചിതമാകണം. പൊതുവായ ആമുഖ പഠനങ്ങള്‍ക്ക് ശേഷം ഓരോ വിദ്യാര്‍ഥിയും ഓരോ വൈജ്ഞാനിക വിഷയത്തില്‍ ആഴത്തില്‍ പഠിക്കുകയും ഗവേഷണ പ്രബന്ധം തയ്യാറാക്കി സമര്‍പ്പിക്കുകയും ചെയ്യുന്നതിലൂടെ കാലം ആവശ്യപ്പെടുന്ന വൈജ്ഞാനിക രംഗത്തെ ഉണര്‍വിന്റെ അല്‍പ്പമെങ്കിലും നിര്‍വഹിക്കാന്‍ കഴിഞ്ഞേക്കും എന്ന പ്രതീക്ഷയാണ് സമസ്ത മുശാവറയുടെ നേരിട്ടുള്ള നിരീക്ഷണത്തില്‍ നടക്കുന്ന ഈ സംരംഭത്തിന് പ്രചോദനമാകുന്നത്.
വിശുദ്ധ ഖുര്‍ആനിന്റെ വ്യാഖ്യാനങ്ങളുടെ വാതായനങ്ങള്‍ തുറന്ന് അന്വേഷണ വഴിയിലൂടെ മുന്നേറുന്ന ഗവേഷണ വിദ്യാര്‍ഥികള്‍ക്ക് ഇവിടെ നിരവധി സേവനങ്ങള്‍ കാഴ്ചവെക്കാന്‍ കഴിയും.

വിശുദ്ധ ഖുര്‍ആനിന്റെ വിശദീകരണമെന്നോണം തിരു നബി(സ്വ)യുടെ അധ്യാപനങ്ങളാണ് ഹദീസുകള്‍. ഏറ്റവും പ്രബലമായ ഹദീസുകളുടെ ശേഖരങ്ങളായ സിഹാഹുസിത്ത: മുത്വവ്വല്‍ തലത്തില്‍ അധ്യയനം നടക്കുന്നുണ്ട്. എന്നാല്‍ അവയെ ആശയ തലത്തില്‍ കൂടുതല്‍ പരിചയപ്പെടാനോ നിരീശ്വര യുക്തിവാദികളും നവീന വാദികളും ഉന്നയിക്കുന്ന വിമര്‍ശനങ്ങള്‍ക്ക് പണ്ഡിതോചിതമായ മറുപടി തയ്യാറാക്കാന്‍ ശീലിക്കുന്നതിനോ ഇവിടെ അവസരം കുറവാണ്. ജാമിഅതുല്‍ ഹിന്ദിന്റെ കീഴില്‍ ഈ വര്‍ഷം ഇ സുലൈമാന്‍ മുസ്‌ലിയാരുടെ നേതൃത്വത്തില്‍ ജാമിഅ ഇഹ്‌യാഉുസ്സുന്നയ്യില്‍ ഹദീസ് ഫാക്കല്‍റ്റി ആരംഭിക്കുന്നു.

മനുഷ്യന്റെ മാറിവരുന്ന ജീവിത സാഹചര്യങ്ങളോടു സംവദിച്ച് വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് മതവിധി കൈകാര്യം ചെയ്യുന്ന പഠന ശാഖയാണ് ഫിഖ്ഹ്. കാലത്തിന് ആവശ്യമുള്ള ഫിഖ്ഹ് ചര്‍ച്ചകള്‍ മുന്നേറേണ്ടതുണ്ട്. ഏതെങ്കിലും കോണുകളില്‍ നിന്ന് ഒറ്റപ്പെട്ട ശ്രമങ്ങള്‍ ഇവിടെ പര്യാപ്തമാകുകയില്ല. വ്യവസ്ഥാപിതമായ സംവിധാനങ്ങളോടെ ഇത്തരം അന്വേഷണങ്ങള്‍ക്ക് സംവിധാനം ഒരുക്കേണ്ടതുണ്ട്. ജാമിഅതുല്‍ ഹിന്ദിന്റെ കീഴില്‍ ഈ വര്‍ഷം മുഹ്‌യിസ്സുന്ന പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാരുടെ നേതൃത്വത്തില്‍ ജാമിഅ ഹികമിയ്യയില്‍ ഫിഖ്ഹ് റിസര്‍ച്ച് ഫാക്കൽറ്റി ആരംഭിക്കുന്നു.

മതപരവും ആധുനികവുമായ വിജ്ഞാന ശാഖകളില്‍ അക്കാദമികവും ഗവേഷണപരവുമായ പിന്തുണ നല്‍കാന്‍ കഴിയുന്നവരുടെയും സാമ്പത്തിക വിഭവ സമാഹരണത്തില്‍ പങ്കാളികളാകാന്‍ കഴിയുന്നവരുടെയും സഹായം ജാമിഅതുല്‍ ഹിന്ദിന്റെ ത്രിവത്സര റിസര്‍ച്ച് കോഴ്‌സിന് വേണ്ടതുണ്ട്.

(കോഴ്‌സ് കോര്‍ഡിനേറ്റര്‍,
ജാമിഅതുല്‍ ഹിന്ദ് ഉപസമിതി)