മലപ്പുറം ജില്ലാ വിഭജനം: ശ്രദ്ധക്ഷണിക്കല്‍ പ്രമേയം അവതരിപ്പിക്കാന്‍ യുഡിഎഫില്‍ ചര്‍ച്ച ചെയ്യേണ്ട കാര്യമില്ലെന്ന് കെ എന്‍ എ ഖാദര്‍

Posted on: June 18, 2019 5:29 pm | Last updated: June 18, 2019 at 6:58 pm

തിരുവനന്തപുരം: നിയമസഭയില്‍ ശ്രദ്ധക്ഷണിക്കല്‍ പ്രമേയം അവതരിപ്പിക്കാന്‍ യു ഡി എഫില്‍ ചര്‍ച്ച ചെയ്യേണ്ട കാര്യമില്ലെന്ന് കെ എന്‍ എ ഖാദര്‍ എംഎല്‍എ. മലപ്പുറം ജില്ലയെ രണ്ടായി വിഭജിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ശ്രദ്ധക്ഷണിക്കല്‍ പ്രമേയം അവതരിപ്പിക്കുന്നത് മുസ്ലിം ലീഗ് ഇടപെട്ട് തടഞ്ഞതിന് പിന്നാലെയാണ് കെഎന്‍എ ഖാദറിന്റെ പ്രതികരണം. സഭയില്‍ എത്താന്‍ കഴിയാതിരുന്നത് കൊണ്ടാണ് പ്രമേയം അവതരിപ്പിക്കാന്‍ കഴിയാതെ പോയതെന്നും കെഎന്‍എ ഖാദര്‍ സിറാജിനോട് പറഞ്ഞു.

വികസന പദ്ധതികളുടെ സുഗമമായ നടത്തിപ്പിന് ജനസംഖ്യാനുപാതികമായി ജില്ലയെ രണ്ടായി വിഭജിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടിയാണ് കെ എന്‍ എ ഖാദര്‍ ശ്രദ്ധക്ഷണിക്കല്‍ പ്രമേയം അവതരിപ്പിക്കാന്‍ നോട്ടീസ് നല്‍കിയിരുന്നത്. നിയമസഭയുടെ ഇന്നത്തെ അജണ്ടയില്‍ ഇക്കാര്യം ഉള്‍പ്പെടുത്തുകയും മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി നല്‍കുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍, ശൂന്യവേളയില്‍ പ്രമേയം അവതരിപ്പിക്കാന്‍ ഖാദറിനെ സ്പീക്കര്‍ ക്ഷണിച്ചെങ്കിലും അദ്ദേഹം സഭയില്‍ എത്തിയിരുന്നില്ല. യു ഡി എഫില്‍ തീരുമാനമായ ശേഷം ഈ ആവശ്യം പരസ്യമായി ഉന്നയിച്ചാല്‍ മതിയെന്ന് നേതാക്കള്‍ ധാരണയിലെത്തിയതോടെ അദ്ദേഹം പിന്‍മാറുകയായിരുന്നു.

മലപ്പുറം ജില്ലാവിഭജനം എന്ന ആവശ്യം വിവിധ സംഘടനകള്‍ വര്‍ഷങ്ങളായി ഉന്നയിക്കുന്നതാണ്. മലപ്പുറം ജില്ലാപഞ്ചായത്ത് നേരത്തെ ഇതിനായി പ്രമേയവും പാസാക്കിയിരുന്നു. ഈ പ്രമേയത്തെ മുസ്ലിം ലീഗ് ശക്തമായി പിന്തുണച്ചപ്പോള്‍ കോണ്‍ഗ്രസ്, സിപിഎം അടക്കമുള്ള പാര്‍ട്ടികള്‍ എതിര്‍ക്കുകയാണ് ഉണ്ടായത്.

കോണ്‍ഗ്രസിന്റെ ഈ എതിര്‍പ്പ് തന്നെയാണ് നിലപാട് മാറ്റത്തിന് മുസ്‌ലിംലീഗിനെ പ്രേരിപ്പിച്ചത് എന്നാണ് കരുതുന്നത്. എസ്ഡിപിഐ അടക്കമുള്ള സംഘടനകള്‍ മലപ്പുറം ജില്ലാ വിഭജന ആവശ്യം ഏറ്റെടുത്തതും മുസ്ലിംലീഗ് പിന്‍മാറ്റത്തിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.