അഴിമതി: 15 മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് കൂടി നിര്‍ബന്ധിത വിരമിക്കല്‍

Posted on: June 18, 2019 4:23 pm | Last updated: June 18, 2019 at 8:36 pm

ന്യൂഡല്‍ഹി: അഴിമതി ആരോപണ വിധേയരായ നികുതി വകുപ്പിലെ 15 മുതിര്‍ന്ന ഉദ്യോഗസഥര്‍ക്ക് കൂടി നിര്‍ബന്ധിത വിരമിക്കലിന് കേന്ദ്ര ധനമന്ത്രാലയം നിര്‍ദേശം നല്‍കി. കഴിഞ്ഞയാഴ്ച അഴിമതി, അനധികൃത സ്വത്ത് സമ്പാദനം, ലൈംഗിക അതിക്രമം തുടങ്ങിയ ആരോപണങ്ങള്‍ക്ക് വിധേയരായ 12 ഉദ്യോഗസ്ഥര്‍ക്ക് നിര്‍ബന്ധിത വിരമിക്കലിന് നിര്‍ദേശം നല്‍കിയിരുന്നു. ജനറല്‍ ഫിനാന്‍ഷ്യല്‍ റൂള്‍സിലെ 56ാം വകുപ്പ് അനുസരിച്ചാണ് സര്‍ക്കാര്‍ നടപടി.

പുതുതായി നിര്‍ബന്ധിത വിരമിക്കലിന് നിര്‍ദേശം നല്‍കപ്പെട്ട ഉദ്യോഗസ്ഥര്‍ എല്ലാം പരോക്ഷ നികുതി വകുപ്പില്‍ പ്രവര്‍ത്തിക്കുന്നവരാണ്. കമ്മീഷണര്‍മാരും അതിന് മുകളില്‍ റാങ്ങുള്ളവരും ഇവരിലുണ്ട്. ഇവരില്‍ 11 പേര്‍ക്കെതിരെ സിബിഐ കേസ് നിലവിലുണ്ട്. മറ്റു രണ്ട് പേര്‍ക്ക് എതിരെ റവന്യൂ വകുപ്പും കേസെടുത്ത് അന്വേഷണം നടത്തുന്നുണ്ട്.

കൈക്കൂലി, ക്രിമിനല്‍ ഗൂഢാലോചന, പിടിച്ചുപറി, ഗവണ്‍മെന്റ് ഫഌറ്റ് ഒഴിഞ്ഞുകൊടുക്കാതിരിക്കല്‍ തുടങ്ങിയ ആരോപണങ്ങള്‍ നേരിടുന്ന പ്രിന്‍സിപ്പല്‍ കമ്മീഷണര്‍ അനൂപ് ശ്രീവാസ്തവ, അനധികൃത സ്വത്ത് സമ്പാദനത്തിന് സിബിഐ കേസ് നിലവിലുള്ള കമ്മീഷണര്‍ അതുല്‍ ദില്‍ക്ഷിത് തുടങ്ങിയവര്‍ക്കെതിരെയാണ് നടപടി.