കണ്ണൂരില്‍ പ്രവാസി വ്യവസായിയുടെ ആത്മഹത്യ: ആന്തൂര്‍ നഗരസഭക്കെതിരെ ആരോപണം

Posted on: June 18, 2019 3:59 pm | Last updated: June 18, 2019 at 8:36 pm

ആന്തൂര്‍: കണ്ണൂര്‍ കൊറ്റാളിയില്‍ പ്രവാസി വ്യവസായി വീട്ടില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ആന്തൂര്‍ നഗരസഭക്കെതിരെ ആരോപണം. 16 കോടികള്‍ മുടക്കി നിര്‍മിച്ച ഓഡിറ്റോറിയത്തിന് ആന്തൂര്‍ നഗരസഭ പ്രവര്‍ത്തനാനുമതി വൈകിച്ചതില്‍ മനംനൊന്താണ് ആത്മഹത്യയെന്നാണ് ആരോപണം. നിര്‍മാണം പൂര്‍ത്തിയാക്കി കെട്ടിട നമ്പറിന് അപേക്ഷ നല്‍കിയപ്പോള്‍ നഗരസഭ നിരന്തരം അപേക്ഷ മടക്കിയെയെന്നാണ് നിര്‍മാതാക്കളും മറ്റും ആരോപിക്കുന്നത്.

ഇന്ന് പുലര്‍ച്ചയാണ് പ്രവാസി വ്യവസായിയായ കൊറ്റാളി സ്വദേശി സജന്‍ പറയിലിനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

15 വര്‍ഷം നൈജീരിയയില്‍ ജോലി ചെയ്ത സജന്‍ മൂന്ന് വര്‍ഷം മുമ്പാണ് നാട്ടിലെത്തിയത്. തുടര്‍ന്ന് കണ്ണൂര്‍ ബക്കളത്ത് കണ്‍വെന്‍ഷന്‍ സെന്റര്‍ നിര്‍മിക്കുകയായിരുന്നു. എന്നാല്‍ നിര്‍മാണത്തിന്റെ തുടക്കം മുതല്‍ കണ്‍വന്‍ഷന്‍ സെന്ററിനെതിരെ നഗരസഭ പലവിധത്തിലുള്ള തടസ്സങ്ങള്‍ ഉന്നയിച്ചതായാണ് ആരോപിക്കുന്നത്.  ഒടുവിലായി നിര്‍മാണം പൂര്‍ത്തിയാക്കി കെട്ടിട നമ്പറിന് അപേക്ഷ നല്‍കിയപ്പോള്‍ നഗരസഭ നിരന്തരം അപേക്ഷ മടക്കിയെന്ന് പാര്‍ഥ ബില്‍ഡേഴ്‌സ് മാനേജര്‍ സജീവന്‍ ആരോപിക്കുന്നു. കെട്ടിട നമ്പറിന് അപേക്ഷ നല്‍കിയിട്ട് മൂന്ന് മാസം കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ അപേക്ഷ വൈകിപ്പിക്കുന്ന ഒരു ഇടപെടലും ഉമ്ടായിട്ടില്ലെന്ന് ആന്തൂര്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ പി കെ ശ്യാമള പ്രതികരിച്ചു.