പാതിവഴിയിൽ എൻജിനീയറിംഗ് പഠനം ഉപേക്ഷിക്കുന്നവരുടെ എണ്ണം വർധിക്കുന്നു

Posted on: June 18, 2019 2:09 pm | Last updated: June 18, 2019 at 2:09 pm

തിരുവനന്തപുരം: അടിസ്ഥാന വിഷയങ്ങളിൽ പ്രാവീണ്യം ഇല്ലാതെ എൻജിനീയറിംഗ് പഠിക്കാനെത്തുന്ന വിദ്യാർഥികളിൽ പാതിവഴിയിൽ പഠനം ഉപേക്ഷിക്കുന്നവരുടെ എണ്ണത്തിൽ വർധനയെന്ന് മന്ത്രി.

ഇത് സംബന്ധിച്ച് നിയമസഭയിൽ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. കെ ടി ജലീൽ. സാങ്കേതിക സർവകലാശാലയിൽ 2015 മുതൽ 2019 വരെ 7,868 വിദ്യാർഥികൾ പാതിവഴിയിൽ എൻജീനിയറിംഗ് പഠനം ഉപേക്ഷിച്ച് പോയതായാണ് കണക്കുകൾ. 2016 -17 ൽ മാത്രം 3,474 പേരാണ് പഠനം ഉപേക്ഷിച്ചത്. 2015-16 ൽ 1,977, 2017-18 ൽ 1,785, 2018-19 ൽ 632 എന്നിങ്ങനെയാണ് സാങ്കേതിക സർവകലാശാലയിൽ പഠനം ഉപേക്ഷിച്ച വിദ്യാർഥികളുടെ കണക്ക്.

എൻജിനീയറിംഗ് കോളജുകളുടെ എണ്ണം അനിയന്ത്രിതമായി വർധിച്ചത് കാരണം അധ്യാപന പരിചയവും ഉയർന്ന വിദ്യാഭ്യാസ യോഗ്യതയും അധ്യാപന അഭിരുചിയുമുള്ള അധ്യാപകരുടെ അഭാവം പഠന നിലവാരത്തെ ബാധിക്കുന്നുണ്ടെന്ന് അൻവർ സാദത്തിനെ മന്ത്രി അറിയിച്ചു.

സംസ്ഥാനത്ത് 19 കോളജുകൾക്ക് സ്വയംഭരണ പദവി ലഭിച്ചിട്ടുണ്ട്. നാക് അക്രഡിറ്റേഷൻ 3.5 ൽ കൂടുതൽ ലഭിച്ചിട്ടുള്ള ഏഴ് കോളജുകൾക്ക് സ്വയംഭരണാവകാശം നൽകിയിട്ടില്ലെന്ന് എൽദോസ്് കുന്നപ്പിള്ളിയെ മന്ത്രി അറിയിച്ചു.

സ്വയംഭരണ കോളജുകൾ സംബന്ധിച്ച നിയമത്തിൽ ചില ഭേദഗതികൾ വേണമെന്ന് നിർദേശമുണ്ട്. അത് പരിശോധിച്ചുവരികയാണെന്നും മന്ത്രി വ്യക്തമാക്കി.