പോലീസ് മജിസ്റ്റീരിയല്‍: തീരുമാനം പെട്ടന്ന് നടപ്പാക്കില്ല- മുഖ്യമന്ത്രി

Posted on: June 18, 2019 12:21 pm | Last updated: June 18, 2019 at 4:23 pm

തിരുവനന്തപുരം: മജിസ്റ്റീരിയില്‍ കമ്മീഷണറേറ്റ് രൂപവത്കരിച്ച് പോലീസിന് കൂടുതല്‍ അധികാരം നല്‍കുന്ന തീരുമാനം ധൃതിപിടിച്ച് നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി. ഇത് സംബന്ധിച്ച് ക്യാബിനറ്റ് തീരുമാനം എടുത്തെങ്കിലും സര്‍ക്കാര്‍ അന്തിമ തീരുമാനത്തിലെത്തിയിട്ടില്ല. സമവായത്തിലൂടെ മാത്രമേ നടപ്പാക്കുകയുള്ളുവെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

കമ്മീഷണറേറ്റ് രൂപവത്ക്കരിക്കുന്നതിലൂടെ നഗരത്തിലെ പോലീസിന് കൂടുതല്‍ അധികാരം കിട്ടും. ഇത് ക്രമസമാധാനം കൂടുതല്‍ ഭദ്രമാക്കും. ആന്ധ്രയിലും തമിഴ്‌നാട്ടിലുമെല്ലാം പോലീസ് കമ്മീഷണറേറ്റ് പ്രവര്‍ത്തിക്കുന്നുണ്ട്. 50 ഓളം നഗരങ്ങളില്‍ രാജ്യത്ത് കമ്മീഷണറേറ്റ് പ്രവര്‍ത്തിക്കുന്നുണ്ട്.

കമ്മീഷണറേറ്റ് രൂപവത്ക്കരണം പോലീസ് ആക്ട് പ്രകാരമാണ്. മജിസ്റ്റീരിയല്‍ പദവിയോടുള്ള കമ്മീഷണറേറ്റ് തീരുമാനിച്ചത് കഴിഞ്ഞ യു ഡി എഫ് മന്ത്രിസഭയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കരുതല്‍ തടങ്കലിന് ഉത്തരവിടാനും, സ്ഥിരം കുറ്റവാളികളെ നാടു കടത്താനുമുള്ള അധികാരം ഉള്‍പ്പെടെ കമ്മീഷണര്‍ക്ക് കൈമാറമെന്ന ഡി ജി പിയുടെ ശിപാര്‍ശ പരിഗണിച്ചാണ് സര്‍ക്കാര്‍ കമ്മീഷണറേറ്റിന്റെ കരട് തയ്യാറാക്കിയത്.