Connect with us

Kerala

മലപ്പുറം ജില്ലാ വിഭജനം: കെ എൻ എ ഖാദറിൻറെ ശ്രദ്ധക്ഷണിക്കൽ പ്രമേയം മുസ്‌ലിം ലീഗ് തടഞ്ഞു

Published

|

Last Updated

തിരുവനന്തപുരം: മലപ്പുറം ജില്ലയെ രണ്ടായി വിഭജിക്കണമെന്ന് ആവശ്യപ്പെടുന്ന ശ്രദ്ധക്ഷണിക്കല്‍ പ്രമേയം അവതരിപ്പിക്കുന്നതില്‍ നിന്ന് കെ എന്‍ എ ഖാദറിനെ മുസ്ലിംലീഗ് വിലക്കി. വിഷയം യുഡിഎഫില്‍ ധാരണയായ ശേഷം നിയമസഭയില്‍ ഉന്നയിച്ചാല്‍ മതിയെന്ന പാര്‍ട്ടി നിര്‍ദേശത്തെ തുടര്‍ന്ന് നേരത്തെ നോട്ടീസ് നല്‍കിയ ശ്രദ്ധക്ഷണിക്കല്‍ പ്രമേയം കെ എന്‍ എ ഖാദര്‍ ഇന്ന് സഭയില്‍ അവതരിപ്പിച്ചില്ല.

മലപ്പുറം ജില്ലാ വിഭജനം ആവശ്യപ്പെടുന്ന ശ്രദ്ധക്ഷണിക്കല്‍ പ്രമേയം ഇന്ന് നിയമ സഭയുടെ അജണ്ടയില്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ശ്രദ്ധക്ഷണിക്കല്‍ പ്രമേയം അവതരിപ്പിക്കാന്‍ സ്പീക്കര്‍ കെ എന്‍ എ ഖാദറിനെ ക്ഷണിച്ചപ്പോള്‍ അദ്ദേഹം വിട്ടുനില്‍ക്കുകയായിരുന്നു.

മൂന്നു വര്‍ഷം മുമ്പ് വരെ മലപ്പുറം ജില്ലാ വിഭജനത്തെ ശക്തമായി പിന്തുണച്ച മുസ്ലിം ലീഗ് ഇപ്പോള്‍ നിലപാട് മാറ്റിയത്തിന്റെ കാരണം വ്യക്തമല്ല. 2015ല്‍ മലപ്പുറം ജില്ലാ പഞ്ചായത്ത് പാസാക്കിയ ഇതുസംബന്ധമായ പ്രമേയത്തെ മുസ്ലിംലീഗ് പിന്തുണച്ചിരുന്നു. എന്നാല്‍ കോണ്‍ഗ്രസ്, സിപിഎം അടക്കമുള്ള പാര്‍ട്ടികളും പ്രമേയത്തെ ശക്തമായി എതിര്‍ക്കുകയാണ് ഉണ്ടായത്.

കോണ്‍ഗ്രസിന്റെ ഈ എതിര്‍പ്പ് തന്നെയാണ് നിലപാട് മാറ്റത്തിന് മുസ്‌ലിംലീഗിനെ പ്രേരിപ്പിച്ചത് എന്നാണ് കരുതുന്നത്. എസ്ഡിപിഐ അടക്കമുള്ള സംഘടനകള്‍ മലപ്പുറം ജില്ലാ വിഭജന ആവശ്യം ഏറ്റെടുത്തതും മുസ്ലിംലീഗ് പിന്‍മാറ്റത്തിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.