ബസിനുള്ളില്‍ ശ്വാസംമുട്ടി മരിച്ച മലയാളി ബാലന് അന്ത്യയാത്ര

Posted on: June 17, 2019 7:07 pm | Last updated: June 17, 2019 at 7:07 pm

ദുബൈ: കഴിഞ്ഞ ദിവസം ദുബൈ അല്‍ ഖൂസില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന്റെ വിദ്യാര്‍ഥികളെ കൊണ്ടുപോകുന്ന ബസില്‍ ശ്വാസംമുട്ടി മരണമടഞ്ഞ മലയാളി ബാലന്‍ മുഹമ്മദ് ഫര്‍ഹാന് യാത്രാമൊഴി. ദുബൈ അല്‍ ഖൂസിലെ ഖബര്‍സ്ഥാനില്‍ ഇന്നലെ വൈകീട്ടോടെ കുട്ടിയുടെ മൃതദേഹം കബറടക്കി. കഴിഞ്ഞ ശനിയാഴ്ച സ്റ്റഡി സെന്ററിന്റെ ബസില്‍ ശ്വാസംമുട്ടി മരണപ്പെട്ടത്.
രാവിലെ എട്ടോടെ സെന്ററിലേക്ക് എത്തിയ ബസില്‍ നിന്ന് എല്ലാ കുട്ടികളും ഇറങ്ങിയെന്ന ധാരണയില്‍ ബസ് ഡ്രൈവര്‍ വാതിലടച്ച് പോകുകയായിരുന്നു. എന്നാല്‍ മുഹമ്മദ് ഫര്‍ഹാന്‍ ബസിന്റെ പിന്‍സീറ്റുകളിലൊന്നില്‍ ഉറങ്ങിക്കിടന്ന വിവരം ഡ്രൈവര്‍ അറിഞ്ഞിട്ടുണ്ടായിരുന്നില്ല. മണിക്കൂറുകളോളം ബസിനുള്ളില്‍ പെട്ട കുട്ടി ശ്വാസംമുട്ടി മരണപ്പെടുകയായിരുന്നു. വിവരമറിഞ്ഞെത്തിയ പോലീസ് കുട്ടിയെ വൈകുന്നേരം അഞ്ച് മണിയോടെ ബസിനുള്ളില്‍ നിന്ന് പുറത്തെടുക്കുകയുമായിരുന്നു.

തലശേരി മുഴുപ്പിലങ്ങാട് സ്വദേശിയും ദുബൈയില്‍ വ്യാപാരിയുമായ ഫൈസലിന്റെ മകനാണ് മരണപ്പെട്ട ആറ് വയസുകാരന്‍ മുഹമ്മദ് ഫര്‍ഹാന്‍.
രാവിലെ സ്ഥാപനത്തില്‍ കുട്ടികളെ ഇറക്കിയ ശേഷം ബസുമായി താമസ സ്ഥലത്തേക്ക് പോയ ഡ്രൈവര്‍ വൈകുന്നേരം കുട്ടികളെ തിരിച്ചെടുക്കാന്‍ ബസുമായി എത്തുകയായിരുന്നു. ക്ലാസ് കഴിഞ്ഞ് കുട്ടികള്‍ തിരിച്ച് ബസില്‍ കയറിയപ്പോഴാണ് മുഹമ്മദ് ഫര്‍ഹാന്‍ നിശ്ചലനായി സീറ്റില്‍ കിടക്കുന്നത് ശ്രദ്ധയില്‍ പെട്ടതെന്ന് പോലീസ് അറിയിച്ചു.
ഉറക്കത്തിലായ കുട്ടി, പുറത്ത് കഠിനമായ ചൂട് കാരണം അബോധാവസ്ഥയിലായതിനാല്‍ സ്വന്തമായി ഗ്ലാസ് തുറക്കാനോ മറ്റുള്ളവരോട് സഹായം തേടാനോ സാധിക്കാതെ പോയതായിരിക്കാമെന്ന് പോലീസ് അനുമാനിക്കുന്നു.
എന്നാല്‍ ബസ് ഡ്രൈവറുടെയും സൂപ്പര്‍വൈസറുടെയും ഭാഗത്ത് നിന്ന് വ്യക്തമായ കൃത്യവിലോപം സംഭവിച്ചതായി പോലീസിനെ ഉദ്ധരിച്ച് പ്രാദേശിക അറബി പത്രം റിപ്പോര്‍ട്ട് ചെയ്തു.