Connect with us

Ongoing News

ഇന്ത്യക്കെതിരായ തോല്‍വി; സര്‍ഫറാസ് ബുദ്ധിശൂന്യനായ നായകനെന്ന് ഷോയബ്‌ അക്തര്‍

Published

|

Last Updated

ഇസ്‌ലാമാബാദ്: ലോകകപ്പില്‍ ഇന്ത്യയോട് 89 റണ്‍സിന്റെ വന്‍ തോല്‍വി ഏറ്റുവാങ്ങിയ പാക് ടീമിനും നായകനും മുന്‍ താരങ്ങളുടെ രൂക്ഷ വിമര്‍ശനം. സാമൂഹിക മാധ്യമങ്ങളിലും കടുത്ത പരിഹാസം നിറഞ്ഞ ട്രോളുകളാണ് ടീമിനെതിരെ ഉയര്‍ന്നത്.

നായകന്‍ സര്‍ഫറാസ് അഹമ്മദിനും പേസര്‍ ഹസന്‍ അലിക്കുമെതിരെ ശക്തമായ ആരോപണമാണ് പാക് മുന്‍ ഫാസ്റ്റ് ബൗളര്‍ ഷോയബ് അക്തര്‍ ഉയര്‍ത്തിയത്. ടോസ് ലഭിച്ചിട്ടും ഫീല്‍ഡിംഗ് തിരഞ്ഞെടുത്ത സര്‍ഫറാസിനെ ബുദ്ധിയില്ലാത്ത ക്യാപ്റ്റന്‍ എന്നാണ് അക്തര്‍ വിശേഷിപ്പിച്ചത്. 2017ലെ ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യന്‍ ടീം വരുത്തിയ പിഴവുകള്‍ പാക്കിസ്ഥാന്‍ ആവര്‍ത്തിക്കുകയായിരുന്നു.

സര്‍ഫറാസിന് എങ്ങനെയാണ് ഇത്ര ബുദ്ധിയില്ലാതെ പ്രവര്‍ത്തിക്കാന്‍ കഴിയുന്നതെന്ന് മനസ്സിലാകുന്നില്ല. നമുക്ക് നന്നായി ചേസ് ചെയ്യാന്‍ കഴിയില്ലെന്ന് എന്തുകൊണ്ട് അദ്ദേഹം മറന്നുപോയി. ടീമിന്റെ ശക്തി ബൗളിംഗ് ആണെന്ന ബോധം പ്രധാനമാണ്. ടോസ് ലഭിച്ചപ്പോള്‍ മത്സരം പാക്കിസ്ഥാന്‍ പകുതി വിജയിച്ചതായിരുന്നു. എന്നാല്‍ സര്‍ഫറാസ് ആ ആനുകൂല്യം കളഞ്ഞുകുളിക്കുകയും ടീമിനെ പരാജയത്തിലേക്കു നയിക്കുകയും ചെയ്തു. ടോസ് ഏറെ നിര്‍ണായകമായിരുന്നു. ആദ്യം ബാറ്റ് ചെയ്ത് 260 റണ്‍സ് എടുത്താല്‍ പോലും അതിനെ പ്രതിരോധിക്കാന്‍ ബൗളര്‍മാര്‍ക്ക് കഴിയുമായിരുന്നു. ബുദ്ധിശൂന്യമായ തീരുമാനമാണ് ക്യാപ്റ്റനില്‍ നിന്നുണ്ടായത്. മുന്‍ നായകന്‍ ഇമ്രാന്‍ ഖാന്റെ പ്രതിച്ഛായ സര്‍ഫറാസിന് ഉണ്ടാകണമെന്ന് ആഗ്രഹിച്ചത് വെറുതെയായി- അക്തര്‍ പറഞ്ഞു.

ഒമ്പതോവറില്‍ 84 റണ്‍ വിട്ടുകൊടുത്ത പേസര്‍ ഹസന്‍ അലിയെയും അക്തര്‍ കടന്നാക്രമിച്ചു. ടി ട്വന്റിയിലും പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിലും (പി എസ് എല്‍) കളിക്കാന്‍ മാത്രമാണ് അലിക്ക് താത്പര്യം. വാഗാ അതിര്‍ത്തിയില്‍ പോയി ചാടിക്കളിക്കാന്‍ കാണിച്ച താത്പര്യം അദ്ദേഹം കളത്തില്‍ കാണിച്ചില്ല. അലിയുടെ നിരവധി പന്തുകള്‍ ഷോട്ട് പിച്ചുകളായിരുന്നു. ബാറ്റ്‌സ്മാനെ കുഴപ്പത്തിലാക്കുന്ന പേസോ സ്വിംഗോ പുറത്തെടുത്തില്ല. അക്തര്‍ കൂട്ടിച്ചേര്‍ത്തു.
മുന്‍ നായകനും നിലവില്‍ പാക്കിസ്ഥാന്‍ പ്രധാന മന്ത്രിയുമായ ഇമ്രാന്‍ ഖാന്‍ മത്സരത്തിനു മുമ്പ് പാക് ടീമിന് നിരവധി നിര്‍ദേശങ്ങള്‍ നല്‍കിയ ഇമ്രാന്‍ ഖാന്‍ ടോസ് ലഭിച്ചാല്‍ ബാറ്റിംഗ് തിരഞ്ഞെടുക്കണമെന്ന് ഉപദേശിച്ചിരുന്നു. എന്നാല്‍, ഇതിനു വിപരീതമായ തീരുമാനമാണ് നായകനില്‍ നിന്നുണ്ടായത്.

ലോകകപ്പിന്റെ ചരിത്രത്തില്‍ ഇത് ഏഴാം തവണയാണ് ഇന്ത്യ പാക്കിസ്ഥാനെ തോല്‍പ്പിക്കുന്നത്. ഇന്ത്യക്കെതിരെ ഒരു വിജയം പോലും സ്വന്തമാക്കാന്‍ പാക്കിസ്ഥാനു കഴിഞ്ഞിട്ടില്ല. അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 336 എന്ന മികച്ച ടോട്ടല്‍ മുന്നോട്ടുവച്ച ഇന്ത്യ മത്സരത്തിന്റെ എല്ലാ മേഖലകളിലും പാക്കിസ്ഥാനെ നിഷ്പ്രഭമാക്കിക്കളഞ്ഞു. മഴ കളി തടസ്സപ്പെടുത്തിയ മത്സരത്തില്‍ 40 ഓവറില്‍ ആറ് വിക്കറ്റുകള്‍ അടിയറ വച്ച് 212 റണ്‍സ് മാത്രമെ പാക്കിസ്ഥാനു നേടാനായുള്ളൂ.

Latest