Connect with us

Malappuram

പുരാവസ്തുക്കളുടെ അപൂര്‍വ ശേഖരവുമായി ഉസ്മാന്‍

Published

|

Last Updated

പറമ്പില്‍പീടിക: രണ്ട് ഗ്രാം മാത്രം ഭാരമുള്ള ലോകത്തിലെ ഏറ്റവും ചെറിയ ഖുര്‍ആന്‍, മണ്ണെണ്ണ കൊണ്ട് പ്രവര്‍ത്തിപ്പിക്കുന്ന ഇസ്തിരിപ്പെട്ടി, നൂറ്റാണ്ടുകള്‍ പഴക്കമുള്ള താളിയോലകള്‍, എഴുപതോളം വര്‍ഷം പഴക്കമുള്ള ഭാഗവതം, 150ല്‍പരം രാജ്യങ്ങളുടെ കറന്‍സികള്‍, ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനിയുടെ ആധാരങ്ങള്‍. ഏതെങ്കിലും മ്യൂസിയത്തിലെ ശേഖരത്തെക്കുറിച്ചാണ് പറയുന്നതെന്ന് കരുതിയെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി. നീരോല്‍പ്പാലം സ്വദേശി ചൊക്ലി ഉസ്മാന്റെ പക്കലുള്ള അമൂല്യ പുരാവസ്തുശേഖരത്തിലെ ഏതാനും ചില വസ്തുക്കളാണിവ.

ചെറുപ്പകാലം തൊട്ടേ പുരാവസ്തുശേഖരണം ഹോബിയാക്കി മാറ്റിയ ഉസ്മാന്റെ കൈയിലിന്ന് പുതുതലമുറക്ക് കേട്ടുകേള്‍വി പോലുമില്ലാത്ത അപൂര്‍വ വസ്തുക്കളാണുള്ളത്. പതിനേഴാം വയസ്സിലാണ് ഉസ്മാന് പഴമയോടുള്ള പ്രണയം ആരംഭിച്ചത്. സ്‌കൂളില്‍ പഠിക്കുന്നത് മുതല്‍ കൗതുക വാര്‍ത്തകള്‍ ശേഖരിച്ചു കൊണ്ടാണ് ഉസ്മാന്‍ തന്റെ പുരാവസ്തു ശേഖരം തുടങ്ങിയത്. പത്രകട്ടിംഗുകളില്‍ നിന്ന് നാണയങ്ങളിലേക്കും മറ്റു പുരാവസ്തുക്കളുടെ ശേഖരണത്തിലേക്കും കാലം ഉസ്മാനെ കൊണ്ടുപോയി.

വിദേശിയും സ്വദേശിയുമായ വിവിധതരം വാച്ചുകള്‍, വ്യത്യസ്ത തരം കാസറ്റുകള്‍, റേഡിയോകള്‍, ഗ്രാമഫോണുകള്‍, അറബി-മലയാള കൃതികളുടെ കയ്യെഴുത്തു പ്രതികള്‍, അമ്പതില്‍ പരം ക്യാമറകള്‍, വെള്ളി നിര്‍മിതമായ പാത്രങ്ങള്‍, കേരള സംസ്ഥാന രൂപവത്കരണത്തിന് മുമ്പുണ്ടായിരുന്ന കൊച്ചി സര്‍ക്കാറിന്റെ മുദ്രക്കടലാസുകള്‍, പഴയകാല വീട്ടുപകരണങ്ങള്‍, വിവിധ രാജ്യങ്ങളുടെ നാണയങ്ങള്‍, 200ല്‍പ്പരം പഴയ മൊബൈല്‍ ഫോണുകള്‍ എന്നിവയെല്ലാം ഉസ്മാന്റെ ശേഖരത്തെ വേറിട്ടതാക്കുന്നു. ചരിത്രത്തിലിടം നേടിയ സംഭവവികാസങ്ങള്‍, രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖരുടെ വിയോഗ വാര്‍ത്തകളടങ്ങിയ പേപ്പര്‍ കട്ടിംഗുകള്‍ എന്നിവയും കൗതുകമുണര്‍ത്തുന്ന കാഴ്ചയാണ്.

കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, തൃശൂര്‍ ജില്ലകളിലായി മുപ്പതോളം പ്രദര്‍ശനങ്ങള്‍ നടത്തിയിട്ടുണ്ട്. റൂബി ജൂബിലിയുടെ ഭാഗമായി മര്‍കസിലും ഉസ്മാന്‍ എക്‌സിബിഷന്‍ നടത്തിയിരുന്നു. പഴമയെ പുതിയ തലമുറക്ക് പരിചയപ്പെടുത്തലാണ് തന്റെ ശേഖരണത്തിന്റെ ലക്ഷ്യമെന്ന് ഉസ്മാന്‍ പറയുന്നു. നാണയ പുരാവസ്തു ശേഖരണം നടത്തുന്നവരുടെ കൂട്ടായ്മയായ മലപ്പുറം ന്യൂമിസ്മാറ്റിക് സൊസൈറ്റിയിലെ അംഗം കൂടിയാണ് ഉസ്മാന്‍.