കമ്മിറ്റിക്കെതിരായ പരാതി ഫേസ്ബുക്കിലല്ല പറയേണ്ടത്; ഡി വൈ എഫ് ഐ നേതൃത്വത്തോട് ഒന്നും പറഞ്ഞിട്ടില്ല – എ എ റഹീം

Posted on: June 17, 2019 12:09 pm | Last updated: June 17, 2019 at 2:48 pm

തിരുവനന്തപുരം: പാലക്കാട് ചിലരെ തരംതാഴ്ത്തിയത് പി ശശിയുമായി ബന്ധപ്പെട്ട വിഷയത്തിലല്ലെന്നും മറ്റ് ചിലകാര്യങ്ങള്‍ കൊണ്ടാണെന്നും ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം.

സംഘടനയില്‍ ചിലര്‍ക്ക് എതിരെയുണ്ടായ നടപടി സംബന്ധിച്ച് പി കെ ശശിക്കെതി പരാതി നല്‍കിയ പെണ്‍കുട്ടി ഒരു പരാതിയും ഡി വൈ എഫ് ഐ നേതൃത്വത്തോട് പറഞ്ഞിട്ടില്ല. ഏതെങ്കിലും ഒരു അംഗത്തിന് കമ്മിറ്റിയെക്കുറിച്ചോ, നേതാക്കളെക്കുറിച്ചോ പരാതിയുണ്ടെങ്കില്‍ അത് അവരുടെ ഘടകത്തിലാണ് ഉന്നയിക്കേണ്ടത്. അത് ആ ഘടകത്തില്‍ ചര്‍ച്ച ചെയ്യുകയും ചെയ്യും. ഇത്തരം കാര്യങ്ങള്‍ ഫേസ്ബുക്കിലൂടെയും മറ്റും പറയുന്നത് സംഘടനാപരമായി ഉചിതമല്ല.

അസ്വാഭാവികമായി ഉന്നയിക്കുന്ന കാര്യങ്ങളെല്ലാം തന്നെ തെറ്റിദ്ധാരണമൂലം ഉന്നയിക്കുന്നതാണ്. തന്റെ കൂട നിന്ന ഒരാളെ സെക്രട്ടേറിയേറ്റില്‍ നിന്നൊഴിവാക്കിയെന്നു പറയുന്നു, തന്റെ കൂടെ നില്‍ക്കുകയെന്ന ഒന്നില്ല. അത് ശരിയല്ല. അത് പ്രോത്സാഹിപ്പിക്കാന്‍ കഴിയുന്ന ഒന്നല്ല. രണ്ട് ഏതോ ഒരാളെ ചൊല്ലിയാണ് ഇത് പറയുന്നതെങ്കില്‍ അയാളുടെ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടിയെടുക്കുന്നത്. അത് ആ കമ്മിറ്റിയിലെ നിരവധി പേര്‍ക്കെതിരെയെടുക്കുമെന്നും റഹീം പറഞ്ഞു.

അതിനിടെ പി കെ ശശി എം എല്‍ എക്കെതിരെ പരാതി നല്‍കിയ വനിതാ നേതാവ് ഡി വൈ എഫ് ഐയില്‍ നിന്നും ഇന്നലെ രാജിവെച്ചിരുന്നു. പാലക്കാട് ജില്ല കമ്മിറ്റി അംഗമാണ് യുവതി. തന്നെ പിന്തുച്ചവര്‍ക്കെതിരെ നടപടിയെടുത്തതില്‍ പ്രതിഷേധിച്ചാണ് യുവതി രാജിവെച്ചതെന്നാണ് റിപ്പോര്‍ട്ട്.