ലോക്‌സഭാ സമ്മേളനത്തിന് ഇന്ന് തുടക്കം: ആദ്യ രണ്ട് ദിവസം അംഗങ്ങളുടെ സത്യപ്രതിജ്ഞ

Posted on: June 17, 2019 10:08 am | Last updated: June 17, 2019 at 11:54 am

ന്യൂഡല്‍ഹി: 17-ാം ലോക്‌സഭയുടെ ആദ്യ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം. ആദ്യ രണ്ട് ദിവസം പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ നടക്കും. പ്രോ ടേം സ്പീക്കര്‍ മുമ്പാകെയാണ് സത്യപ്രതിജ്ഞ നടക്കുക.

മധ്യപ്രദേശില്‍നിന്നുള്ള വീരേന്ദ്രകുമാറാണ് പ്രോ ടേം സ്പീക്കര്‍. ലോക്‌സഭയില്‍ മുതര്‍ന്ന അംഗങ്ങളായ കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ്, ഭര്‍തൃഹരി മഹാതബ് എന്നിവരടങ്ങിയ പാനല്‍ പ്രോ ടേം സ്പീക്കറെ സഹായിക്കാനുണ്ടാകും. തിരഞ്ഞെടുക്കപ്പെട്ട 542 അംഗങ്ങളാണ് സത്യപ്രതിജ്ഞ ചെയ്യുക. രണ്ട് ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധികളെ പിന്നീട് സര്‍ക്കാര്‍ തീരുമാനിക്കും.
19ന് സ്പീക്കര്‍ തിരഞ്ഞെടുപ്പ് നടക്കും. 20ന് പാര്‍ലിമെന്റിന്റെ സംയുക്ത സഭക്ക് മുമ്പാകെ രാഷ്ട്രപതി സര്‍ക്കാറിന്റെ നയപ്രഖ്യാപന പ്രസംഗം നടത്തും.

എന്നാല്‍ തിരഞ്ഞെടുപ്പിലെ ദയനീയ തോല്‍വിയില്‍ ഇനിയും മുക്തരാകാത്ത കോണ്‍ഗ്രസ് തങ്ങളുടെ ലോക്‌സഭാ കക്ഷിനേതാവിനെ ഇതുവരെ തിരഞ്ഞെടുത്തിട്ടില്ല. രാഹുല്‍ ഗാന്ധി നേതാവാകണമെന്നാണ് എം പിമാരും നേതൃത്വവും ഒന്നടങ്കം ആവശ്യപ്പെടുന്നത്. എന്നാല്‍ പ്രതിപക്ഷ നേതൃ സ്ഥാനം ലഭിക്കാന്‍ സാധ്യതയില്ലാത്തതിനാല്‍ രാഹുല്‍ ഏറ്റെടുക്കുമോയെന്ന കാര്യത്തില്‍ വ്യക്തതയില്ല. രാഹുല്‍ പിന്‍മാറിയാല്‍ കേരളത്തില്‍ നിന്നുള്ള നേതാക്കള്‍ക്കാണ് പ്രഥമ പരിഗണന ലഭിക്കുക. ശശി തരൂരിന്റെയും കൊടിക്കുന്നില്‍ സുരേഷിന്റെയും പേരുകളാണ് പരിഗണിക്കപ്പെടുന്നത്.

നേരത്തെ ബംഗാള്‍ കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരിയും കൊടിക്കുന്നില്‍ സുരേഷും രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതോടെ ചൗധരിയോ, കൊടിക്കുന്നിലോ ആയിരിക്കും ലോക്‌സഭയില്‍ കോണ്‍ഗ്രസിനെ നയിക്കുകയെന്ന അഭ്യൂഹം ശക്തമായിരുന്നു. എന്നാല്‍ പിന്നീടാണ് ശശി തരൂരിന്റെ പേരും പരിഗണനയിലേക്ക് വന്നത്. ഏതായാലും സത്യപ്രതിജ്ഞ അടക്കമുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായ ശേഷമായിരിക്കും ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് ഒരു തീരുമാനം കൈക്കൊള്ളുക.