സൗമ്യയെ കൊന്ന ശേഷം ആത്മഹത്യയായിരുന്നു ലക്ഷ്യമെന്ന് അജാസിന്റെ മൊഴി

Posted on: June 17, 2019 9:52 am | Last updated: June 17, 2019 at 12:12 pm

ആലപ്പുഴ: വള്ളിക്കുന്ന് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറായിരുന്ന സൗമ്യ പുഷ്പകരനെ തീകൊളുത്തി കൊന്ന കേസിലെ പ്രതി അജാസിന്റെ മൊഴി മജിസ്‌ട്രേറ്റ് രേഖപ്പെടുത്തി.

സൗമ്യയെ കൊന്ന ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു ലക്ഷ്യം. താന്‍ ഒറ്റക്കാണ് കുറ്റം ചെയ്തത്. കേസില്‍ മറ്റാര്‍ക്കും പങ്കില്ല. സൗമ്യയെ പെട്രോളഴിച്ച് തീ കൊളിത്തിയ ശേഷം ആത്മഹത്യ ചെയ്യുക എന്ന ലക്ഷ്യമിട്ട് താന്‍ കയറി പിടിക്കുകയായിരുന്നു. വിവാഹാഭ്യര്‍ഥന നിരസിച്ചതാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നും അജാസ് പറഞ്ഞു.
50 ശതമാനത്തോളം പൊള്ളലേറ്റ് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുള്ള അജാസില്‍ നിന്ന് ഇന്നലെ രാത്രിയാണ് മജിസ്‌ട്രേറ്റ് മൊഴി രേഖപ്പെടുത്തി. അന്വേഷണ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു മൊഴിയെടുക്കല്‍.

രണ്ട് ദിവസം മുമ്പ് കാഞ്ഞിപ്പുഴയില്‍വെച്ചാണ് കേസിനാസ്പദമായ സംഭവം. ഡ്യൂട്ടി കഴിഞ്ഞ് സ്‌കൂട്ടറില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്ന സൗമ്യയെ കാറില്‍ പിന്തുടര്‍ന്ന് വന്നാണ് അജാസ് ആക്രമിച്ചത്. സ്‌കൂട്ടര്‍ കാറുകൊണ്ട് അജാസ് ഇടിച്ച് വീഴ്ത്തിയതിനെ തുടര്‍ന്ന് ഓടിരക്ഷപ്പെടാന്‍ സൗമ്യ ശ്രമിച്ചെങ്കിലും അടുത്തുള്ള വീടിന് മുന്നില്‍ വച്ച് പിടികൂടിയ അജാസ് കത്തികൊണ്ട് കുത്തി വീ്‌ഴ്ത്തുകയായിരുന്നു. തുടര്‍ന്നാണ് പെട്രോള്‍ ഒഴിച്ച് കത്തിച്ചത്.

ഓടിക്കൂടിയ നാട്ടുകാര്‍ക്ക് സൗമ്യയെ രക്ഷിക്കാനായില്ല. ഭാഗികമായി പൊള്ളലേറ്റ അജാസിനെ നാട്ടുകാര്‍ പോലീസിന് കൈമാറുകയായിരുന്നു.