Connect with us

Ongoing News

നവാസ് ഉയർത്തുന്ന ചോദ്യങ്ങൾ

Published

|

Last Updated

പോലീസ് സേനയിലെ തൊഴിൽ അന്തരീക്ഷം അങ്ങേയറ്റം വിവേചനപരമാണെന്നും മനുഷ്യത്വവിരുദ്ധമായ മേൽ- കീഴ് ബന്ധമാണ് അവിടെയുള്ളതെന്നും വ്യക്തമാക്കുന്നതാണ് കൊച്ചി സെൻട്രൽ പോലീസ് സ്റ്റേഷനിലെ സി ഐ. വി എസ് നവാസിന്റെ തിരോധാനവും കണ്ണൂർ എ ആർ ക്യാമ്പിലെ സിവിൽ പോലീസ് ഓഫീസർ കെ രതീഷിന്റെ രാജിയും. കഴിഞ്ഞ ദിവസം അപ്രത്യക്ഷനായ നവാസിനെ നാഗർകോവിൽ – കോയമ്പത്തൂർ ട്രെയിനിൽ യാത്ര ചെയ്യവേയാണ് കണ്ടെത്തിയത്. മേലുദ്യോഗസ്ഥരുടെ പീഡനത്തെത്തുടർന്നാണ് ഭർത്താവ് നാടുവിട്ടതെന്നാരോപിച്ച് നവാസിന്റെ ഭാര്യ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. മുഖ്യമന്ത്രിയുടെ നിർദേശത്തെത്തുടർന്ന് എ ഡി ജി പി ഷെയ്ക്ക് ദർവേഷ് സാഹിബ്, കൊച്ചി സിറ്റി പോലീസ് കമ്മീഷണർ വിജയ് സാഖറെ എന്നിവരുടെ മേൽനോട്ടത്തിലായിരുന്നു അന്വേഷണം.

ഏതായാലും തിരിച്ചെത്തിയ നവാസിന്റെ പ്രതികരണം വിഷയത്തെ വല്ലാതെ ലഘൂകരിക്കുന്ന നിലയിലാണ്. ഭാര്യയുടെ പരാതിയെ കുറിച്ച് ഇപ്പോഴൊന്നും പറയാനില്ലെന്നാണ് പ്രതികരിച്ചത്. അദ്ദേഹം തിരിച്ചെത്തിയത് കൊണ്ട് എല്ലാ അന്വേഷണവും അവസാനിപ്പിക്കുന്നത് മൗഢ്യമായിരിക്കും. ഇത്രയൊക്കെയേ തിരിച്ച് ജോലിയിൽ പ്രവേശിക്കേണ്ട ഒരു ഉദ്യോഗസ്ഥന് പറയാൻ സാധിക്കുകയുള്ളൂ.

ഇവിടെ പൊതു സമൂഹവും ഭരണകൂടവും പോലീസ് സംവിധാനവും അന്വേഷിക്കേണ്ടത് മനസ്സ് മടുക്കാൻ മാത്രം എന്ത് പ്രശ്‌നമാണ് നവാസ് അനുഭവിച്ചതെന്നാണ്. നവാസിന്റെ ഭാര്യ നൽകിയ പരാതി ഇപ്പോൾ നമുക്ക് മുന്നിലുണ്ട്. അതിൽ അവർ പറയുന്നത് തന്റെ ഭർത്താവ് മേലുദ്യോഗസ്ഥരിൽ നിന്ന് ക്രൂരമായ മാനസിക പീഡനം അനുഭവിച്ചിരുന്നുവെന്നാണ്. എറണാകുളം എ സി പി. പി എസ് സുരേഷ് അദ്ദേഹത്തെ ക്രൂരമായി അധിക്ഷേപിച്ചുവെന്നും വയർലെസ് സന്ദേശം പരിശോധിച്ചാൽ ഇത് വ്യക്തമാകുമെന്നും ഭാര്യ പറയുന്നു.

അനാവശ്യമായി കേസെടുക്കാൻ നിർബന്ധിച്ചുവെന്നും ഒരു കാരണവുമില്ലാതെ വ്യക്തിപരമായ ആക്ഷേപം നേരിട്ടുവെന്നും ഭാര്യ വെളിപ്പെടുത്തുന്നു. നവാസിനെക്കുറിച്ച് സഹപ്രവർത്തകനായ പോലീസ് ഉദ്യോഗസ്ഥനും പോലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ ഭാരവാഹിയുമായ സി ആർ ബിജു എഴുതിയ ഫേസ്ബുക്ക് കുറിപ്പും ഇതോട് ചേർത്ത് വായിക്കേണ്ടതാണ്. ധീരനും സത്യസന്ധനുമായ ഉദ്യോഗസ്ഥനാണ് നവാസെന്നാണ് ബിജുവിന്റെ സാക്ഷ്യം. “നിസ്സാര കാര്യങ്ങൾ തളർത്തുന്നയാളല്ല അദ്ദേഹം. അഴിമതി തൊട്ടുതീണ്ടിയിട്ടിയില്ലാത്ത നിസ്വാർഥനായ, ഒരു സമ്മർദത്തിനും വഴങ്ങാത്ത നവാസ് സാറിനെപ്പോലുള്ള ഉദ്യോഗസ്ഥരെ മാനസികമായി തകർക്കുന്ന അരുതായ്മകൾ കേരളാ പോലീസിൽ നിലനിൽക്കുന്നുവെന്ന് ഈ സംഭവം വിളിച്ചു പറയുന്നു. നവാസ് സാർ തിരിച്ചെത്തും. പക്ഷേ, ഇനിയും ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുത്” എന്ന് പറഞ്ഞാണ് ബിജുവിന്റെ കുറിപ്പ് അവസാനിക്കുന്നത്.

അത് തന്നെയാണ് ഞങ്ങൾക്കും പറയാനുള്ളത്. ജാതിയും മതവും പദവിയും നോക്കി മനുഷ്യരെ വിധിക്കുന്ന പരിപാടി അവസാനിക്കണം. മേലുദ്യോഗസ്ഥരുടെ ജാതീയ പീഡനത്തെ തുടർന്നാണല്ലോ സിവിൽ പോലീസ് ഓഫീസർ കെ രതീഷ് രാജിവെച്ചത്. ആദിവാസി കുറിച്യ വിഭാഗത്തിൽ പെട്ടയാളാണ് രതീഷ്. എസ് ഐ ഉൾപ്പെടെ നാല് ഉദ്യോഗസ്ഥർക്കെതിരെയാണ് രതീഷ് പീഡന പരാതി ഉന്നയിക്കുന്നത്. എസ് ഐ. പുരുഷോത്തമൻ, സി പി ഒമാരായ മുകേഷ്, പ്രജിത്ത്, രജീഷ് എന്നിവർക്കെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. മാനസിക പീഡനവും ഭീഷണിയും സഹിച്ച് ഇനി ജോലിയിൽ തുടരാനാകില്ലെന്ന് രതീഷ് പറയുന്നു. തന്നെ അടിമയെപ്പോലെ ജോലി ചെയ്യിപ്പിച്ചു.

അവധി ചോദിച്ചാൽ തരാത്ത സ്ഥിതിയായിരുന്നു. ജാതിയുടെ പേരിൽ കടുത്ത പീഡനമാണ് നേരിട്ടത്. ആത്മാഭിമാനം തകർക്കുന്ന തരത്തിലാണ് തന്നെ അപമാനിച്ചത്. പരാതി നൽകാൻ പോയപ്പോഴും ഭീഷണി തുടർന്നെന്നും രതീഷ് പറഞ്ഞിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പ് സമയത്ത് പോസ്റ്റൽ ബാലറ്റ് പോലീസ് അസോസിയേഷനെ ഏൽപ്പിക്കാത്തതാണ് പീഡനത്തിന്റെ അടിയന്തിര കാരണമത്രേ. എത്ര ഭീകരമാണ് അവസ്ഥ? താഴേക്കിടയിൽ നിന്ന് പഠിച്ച് വളർന്നു വന്ന നവാസിനും കണ്ണവം വന മേഖലയിൽ നിന്നുള്ള രതീഷിനും ജോലി ചെയ്യാൻ സാധിക്കാത്ത ഈ പോലീസ് സംവിധാനത്തിൽ നിന്ന് എന്ത് നീതിയാണ് പൊതു ജനത്തിന് ലഭിക്കുക.

പലപ്പോഴും മേലുദ്യോഗസ്ഥർ കീഴുദ്യോഗസ്ഥരോട് പെരുമാറുന്നത് അടിമകളോടെന്ന പോലെയാണ്. പലരും വീട്ടുജോലി തന്നെ എടുപ്പിക്കുന്നു. ഗവാസ്‌കർ എന്ന പോലീസുകാരനെ എ ഡി ജി പി സുധേഷ് കുമാറിന്റെ മകൾ അടിച്ചത് വലിയ ചർച്ചയായതാണല്ലോ. കീഴുദ്യോഗസ്ഥരെ ശകാരിക്കലും അവരോട് തട്ടിക്കയറലുമാണ് മേലധികാരികളുടെ കടമയെന്ന മട്ടിലാണ് പെരുമാറ്റം.

കീഴുദ്യോഗസ്ഥൻ എന്താവശ്യത്തിന് സമീപിച്ചാലും വെറുതേ തട്ടിക്കയറും. അവധി ആശ്യപ്പെട്ടാൽ അകാരണമായി അത് നിഷേധിക്കും. കീഴ്ജീവനക്കാർ കൃത്യമായി ജോലിചെയ്യുകയോ, അഭിനന്ദനാർഹമായ കാര്യങ്ങൾ നിർവഹിക്കുകയോ ചെയ്താൽ പ്രോത്സാഹ ജനകമായ ഒരു വാക്ക് പോലും ഉണ്ടാകില്ല. പോലീസിന്റെ പെരുമാറ്റം ജനമൈത്രീപരമാക്കാൻ എത്രയെത്ര പരിശീലനങ്ങൾ നടക്കുന്നു. എന്ത് കാര്യം? മാറ്റം വരണമെങ്കിൽ മോന്തായം തന്നെ മാറണം. മുകളിൽ നിന്ന് ശകാരം മാത്രം കേൾക്കുന്ന പോലീസുകാർക്ക് എങ്ങനെയാണ് സൗമ്യമായി പെരുമാറാനാകുക. സമൂഹത്തിന്റെ കാവലാളാണ് പോലീസ് സംവിധാനം. ഇന്ത്യയിലെ തന്നെ ഏറ്റവും സുസജ്ജമായ സേനയാണ് കേരളത്തിലുള്ളത്.

അതിന്റെ ഖ്യാതി തകർക്കുന്ന തരത്തിൽ രാഷ്ട്രീയ അതിപ്രസരവും ജാതീയതയും വർഗീയതയും അഴിമതിയും കടന്നു വരുമ്പോൾ മുളയിലേ നുള്ളണം. ആഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രി ഇക്കാര്യത്തിൽ ശക്തമായ നടപടി കൈകൊള്ളണം. പോലീസിന്റെ മനോവീര്യം ചോരുമെന്ന് പറഞ്ഞ് പ്രമാണിത്തം അനുവദിച്ചു കൊടുക്കരുത്.

---- facebook comment plugin here -----

Latest