പുല്‍വാമ മോഡല്‍ ആക്രമണത്തിന് സാധ്യതയെന്ന് പാക്കിസ്ഥാനും അമേരിക്കയും; കശ്മീരില്‍ അതീവ ജാഗ്രത

Posted on: June 16, 2019 9:28 am | Last updated: June 16, 2019 at 2:47 pm

ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ പുല്‍വാമ മോഡല്‍ ആക്രമണത്തിന് ഭീകരര്‍ പദ്ധതി ഇടുന്നെന്ന് ഇന്ത്യയ്ക്ക് മുന്നറിയിപ്പ്. അമേരിക്കയുടേയും പാക്കിസ്ഥാന്റേയും രഹസ്യാന്വേഷണ വിഭാഗമാണ് ഇന്ത്യക്ക് ഇക്കാര്യം കൈമാറിയത്. അവന്തിപുരയ്ക്ക് സമീപത്ത് ഭീകരാക്രമണം നടത്താന്‍ പദ്ധതി എന്നാണ് പാക്കിസ്ഥാന്‍ മുന്നറിയിപ്പ് നല്‍കിയത്. സ്‌ഫോടക വസ്തുക്കള്‍ നിറച്ച വാഹനമുപയോഗിച്ചാകും ആക്രമണമെന്നും മുന്നറിയിപ്പിലുണ്ട്. ഇസ്ലാമാബാദിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനാണ് പാക്കിസ്ഥാന്റെ വിവരം കൈമാറിയത്. ഈ വിവരം പാക്കിസ്ഥാന്‍ അമേരിക്കയ്ക്കും കൈമാറിയിരുന്നു. ഇതേ തുടര്‍ന്ന് അമേരിക്കയും ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നല്‍കി. മുന്നറിയിപ്പിന് പിന്നാലെ ജമ്മു കശ്മീരില്‍ സുരക്ഷ ശക്തമാക്കി.

ഷാങ്ഹായ് ഉച്ചകോടിയില്‍ ഭീകരവാദത്തിനെതിരെ നടപടിയെടുത്തില്ലെങ്കില്‍ ചര്‍ച്ചക്കില്ലെന്ന് ഇന്ത്യ പാക്കിസ്ഥാനെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പാക്കിസ്ഥാന്റെ ഭാഗത്ത് നിന്ന് മുന്നറിയിപ്പുണ്ടായതെന്നും ശ്രദ്ധേയമാണ്.ജമ്മു കാശ്മീരില്‍ പുല്‍വാമ ജില്ലയിലെ അവാന്തിപുരക്കടുത്ത് സുരക്ഷാ ഉദ്യോഗസ്ഥരുമായി സഞ്ചരിച്ചിരുന്ന വാഹനങ്ങള്‍ക്കു നേരെ 2019 ഫെബ്രുവരി 14ന് തീവ്രവാദികള്‍ ചാവേര്‍ ആക്രമണം നടത്തിയിരുന്നു. മലയാളിയടക്കം 49 സിആര്‍പിഎഫ് ജവാന്മാരുടെ മരണത്തിനിടയാക്കിയ ഈ ആക്രമണത്തിന്റെ ഉത്തരവാദിത്തം പാകിസ്താനിലെ തീവ്രവാദ സംഘടനയായ ജെയ്ഷ് ഇ മൊഹമ്മദ് ഏറ്റെടുത്തിരുന്നു.