Connect with us

Kozhikode

പ്രവേശനോത്സവം അലങ്കോലപ്പെടുത്തി മദ്‌റസയിൽ ലീഗ് നേതാവിന്റെ പരാക്രമം

Published

|

Last Updated

താമരശ്ശേരി: അടിവാരം പാലക്കൽ മുനീറുൽ ഇസ്‌ലാം സുന്നി മദ്‌റസയിൽ മുസ്‌ലിം ലീഗ് വാർഡ് മെമ്പറുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ പരാക്രമം. വർഷങ്ങളായി സുന്നി വിദ്യാഭ്യാസ ബോർഡിന് കീഴിൽ പ്രവർത്തിക്കുന്ന മദ്‌റസയിൽ ഇ കെ വിഭാഗത്തിന്റെ സിലബസ് പ്രകാരം പഠിപ്പിക്കണമെന്നാവശ്യപ്പെട്ട് ലീഗ് വാർഡ് മെമ്പർ കെ എം ബശീറിന്റെ നേതൃത്വത്തിലുള്ള സംഘം മദ്‌റസയിലേക്ക് ഇരച്ച് കയറുകയായിരുന്നു. ഇന്നലെ രാവിലെ മദ്‌റസാ പ്രവേശനോത്സവം നടത്താനിരിക്കെയായിരുന്നു സംഭവം.

2016ലെ നബിദിനാഘോഷത്തിനിടെ കൊടിയുമായി നബിദിന റാലിയിലേക്ക് ഇരച്ചുകയറി പ്രശ്‌നങ്ങൾ സൃഷ്ടിക്കാൻ ലീഗ്-ഇ കെ വിഭാഗം ശ്രമിച്ചിരുന്നു. കഴിഞ്ഞ വർഷം നബിദിനാഘോഷത്തിന്റെ പേരിൽ സുന്നി മദ്‌റസയോട് ചേർന്ന് ഇ കെ വിഭാഗം കൊടി ഉയർത്തിയത് പോലീസ് ഇടപെട്ടാണ് നീക്കം ചെയ്തത്.

സമാധാനാന്തരീക്ഷം നിലനിൽക്കുന്ന പ്രദേശത്ത് വീണ്ടും പ്രശ്‌നങ്ങൾ സൃഷ്ടിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഇന്നലെ രാവിലെ വാർഡ് മെമ്പറുടെ നേതൃത്വത്തിൽ വിവിധ പ്രദേശങ്ങളിൽ നിന്ന് ഇരുനൂറോളം പേർ സംഘടിച്ചെത്തിയത്.
സംഘർഷ സാധ്യത മുന്നിൽ കണ്ട് സ്ഥലത്തെത്തിയ കോടഞ്ചേരി പോലീസ് അധ്യാപകരും വിദ്യാർഥികളും മാത്രമേ മദ്‌റസാ കോമ്പൗണ്ടിൽ പ്രവേശിക്കാവൂ എന്ന് നിർദേശിച്ചിരുന്നു.

ഇതേ തുടർന്ന് മദ്‌റസാ കമ്മിറ്റി ഭാരവാഹികളും സുന്നി പ്രവർത്തകും ഉൾപ്പെടെയുള്ളവർ മാറി നിന്നു. എന്നാൽ പോലീസിനെ വെല്ലുവിളിച്ചുകൊണ്ട് വാർഡ് മെമ്പർ കെ എം ബശീർ, കൊട്ടാരക്കോത്ത് സ്വദേശിയായ ശുക്കൂർ ബാഖവി, യൂസുഫ്, മുസ്തഫ, റഫീഖ് തുടങ്ങിയവരുടെ നേതൃത്വത്തിൽ മദ്‌റസയിലേക്ക് ഇരച്ചു കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.

ശുക്കൂർ ബാഖവി ഒഴികെയുള്ളവരെ പോലീസ് ബലം പ്രയോഗിച്ച് നീക്കം ചെയ്തു. മദ്‌റസയിലെ പഠനം തടസ്സപ്പെടുത്തുകയും പ്രദേശത്ത് കലാപം സൃഷ്ടിക്കുകയും ചെയ്ത ശുക്കൂർ ബാഖവി ഉൾപ്പെടെയുള്ളവർക്കെതിരെ നടപടി സ്വീകരക്കണമെന്നാവശ്യപ്പെട്ട് മദ്‌റസാ കമ്മിറ്റി കോടഞ്ചേരി പോലീസിൽ പരാതി നൽകി.

Latest