ബിഷ്‌കെകില്‍ മോദി-ഇമ്രാന്‍ സൗഹൃദ സംഭാഷണം

Posted on: June 14, 2019 10:59 pm | Last updated: June 15, 2019 at 10:09 am

ബിഷ്‌കെക്: ഷാങ്ഹായ് സഹകരണ സമിതി (എസ് സി ഒ) ഉച്ചകോടിക്കിടെ പാക് പ്രധാന മന്ത്രി ഇമ്രാന്‍ ഖാനുമായി പ്രധാന മന്ത്രി നരേന്ദ്ര മോദി സൗഹൃദ സംഭാഷണം നടത്തി. ഉച്ചകോടിയുടെ രണ്ടാം ദിനത്തില്‍ വിശ്രമ മുറിയില്‍ വച്ചായിരുന്നു ഇരു നേതാക്കളും തമ്മില്‍ സംസാരിച്ചത്.
രണ്ടാം വട്ടവും അധികാരത്തിലേറിയ മോദിയെ ഇമ്രാന്‍ അഭിനന്ദിച്ചു.

പുല്‍വാമയില്‍ 40 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യുവിനിരയായ ഭീകരാക്രമണത്തിനു ശേഷം ഇതാദ്യമായാണ് ഇരു രാഷ്ട്ര നേതാക്കളും തമ്മില്‍ സംഭാഷണം നടത്തുന്നത്. നേരത്തെ കിര്‍ഗിസ്ഥാന്‍ പ്രസിഡന്റ് സുര്‍ണോബെയ് ജിന്‍ബികോവ് നടത്തിയ അത്താഴ വിരുന്നില്‍ ഇരുവരും കണ്ടുമുട്ടിയിരുന്നെങ്കിലും ഹസ്തദാനം ചെയ്യുക പോലും ചെയ്തിരുന്നില്ല.

പാക് മണ്ണ് കേന്ദ്രമാക്കി നടക്കുന്ന ഭീകര പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാതെ പാക്കിസ്ഥാനുമായി ഒരു തരത്തിലുള്ള ചര്‍ച്ചക്കുമില്ലെന്ന് നരേന്ദ്ര മോദി വ്യക്തമാക്കിയിരുന്നു. എന്നാല്‍, രാജ്യാന്തര മധ്യസ്ഥതയില്‍ ചര്‍ച്ചക്ക് ഒരുക്കമാണെന്ന് ഇമ്രാന്‍ പ്രഖ്യാപിച്ചു.