ഡല്‍ഹി മെട്രോയില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര; പ്രഖ്യാപനത്തിനെതിരെ ഇ ശ്രീധരന്‍

Posted on: June 14, 2019 6:58 pm | Last updated: June 14, 2019 at 11:58 pm

ന്യൂഡല്‍ഹി: മെട്രോ ട്രെയിനില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര ഏര്‍പ്പെടുത്തുമെന്ന ഡല്‍ഹി സര്‍ക്കാറിന്റെ പ്രഖ്യാപനത്തിനെതിരെ ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍ (ഡി എം ആര്‍ സി) മുന്‍ എം ഡി. ഇ ശ്രീധരന്‍. പദ്ധതി പ്രാവര്‍ത്തികമാക്കുന്നത് തടയാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് അദ്ദേഹം കത്തെഴുതി. സമൂഹത്തിലെ ഒരു വിഭാഗത്തിന് ആനുകൂല്യം അനുവദിക്കാനുള്ള തീരുമാനം ഡല്‍ഹി മെട്രോയെ കാര്യക്ഷമതയില്ലായ്മയിലേക്കും പാപ്പരത്തത്തിലേക്കും തള്ളിവിടുമെന്ന് കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഡി എം ആര്‍ സി മാനേജിംഗ് ഡയറക്ടര്‍ പദവിയി്ല്‍ നിന്ന് ഒഴിവായ ശേഷം മെട്രോയുടെ കാര്യത്തില്‍ ഇടപെടേണ്ടെന്ന തീരുമാനത്തിലായിരുന്നു താനെന്നും എന്നാല്‍, ഡല്‍ഹി സര്‍ക്കാറിന്റെ പുതിയ തീരുമാനത്തോടെ നിലപാട് മാറ്റേണ്ട സ്ഥിതിയാണെന്നും ശ്രീധരന്‍ പറഞ്ഞു. ഡി എം ആര്‍ സിയില്‍ ഡല്‍ഹി സര്‍ക്കാറിനും കേന്ദ്ര സര്‍ക്കാറിനും തുല്യ പങ്കാളിത്തമാണുള്ളത്. എന്നാല്‍, സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കുന്ന കാര്യത്തില്‍ ഡല്‍ഹി സര്‍ക്കാര്‍ ഏകപക്ഷീയ നടപടിയാണ് കൈക്കൊണ്ടിട്ടുള്ളത്. ഇത് മെട്രോയെ കടക്കെണിയിലേക്കു വരെ തള്ളിയിടും.

സൗജന്യ യാത്ര ഒരു കാരണവശാലും അനുവദിക്കരുതെന്ന് ഡല്‍ഹി മെട്രോയുടെ ആദ്യ ഘട്ട പ്രവര്‍ത്തനം ആരംഭിച്ചപ്പോള്‍ തന്നെ തീരുമാനമെടുത്തിരുന്നതാണ്. കുറഞ്ഞ നിരക്കില്‍ മെട്രോയുടെ സേവനം സാധാരണക്കാര്‍ക്ക് ലഭ്യമാക്കുന്നതിനും ഡി എം ആര്‍ സിയുടെ വായ്പാ തിരിച്ചടവിനുള്ള തുക കണ്ടെത്തുന്നതിനുമാണ് ഇത്തരമൊരു കര്‍ശന നിലപാട് തുടക്കത്തിലേ കൈക്കൊണ്ടിരുന്നത്. ശ്രീധരന്‍ പറഞ്ഞു

മെട്രോകളിലും പൊതു ബസുകളിലും സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കുമ്പോള്‍ വരുന്ന ബാധ്യത സര്‍ക്കാര്‍ വഹിക്കുമെന്നാണ് കെജ്‌രിവാള്‍ വ്യക്തമാക്കിയിട്ടുള്ളത്. വര്‍ഷം 1200 കോടിയാണ് ഇതിനു ചെലവു പ്രതീക്ഷിക്കുന്നത്, സ്ത്രീകള്‍ക്ക് സുരക്ഷിത യാത്രയൊരുക്കുകയും പൊതു ഗതാഗത സംവിധാനങ്ങള്‍ ഉപയോഗിക്കാന്‍ അവരെ പ്രേരിപ്പിക്കുകയും ലക്ഷ്യം വച്ചുള്ള പദ്ധതി രണ്ടോ മൂന്നോ മാസത്തിനകം നടപ്പിലാക്കാനാണ് നീക്കം.

പദ്ധതിയെ ബി ജെ പി എതിര്‍ത്തിരുന്നു. അടുത്ത വര്‍ഷത്തിന്റെ തുടക്കത്തില്‍ ഡല്‍ഹിയില്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാനാണ് ഭരണത്തിലുള്ള ആം ആദ്മി പാര്‍ട്ടിയുടെ നീക്കമെന്നാണ് ബി ജെ പി ആരോപിക്കുന്നത്.