അനായാസം ഇംഗ്ലണ്ട്; വിന്‍ഡീസിനെ തകര്‍ത്തത് എട്ടു വിക്കറ്റിന്

Posted on: June 14, 2019 10:02 pm | Last updated: June 15, 2019 at 10:01 am

സതാംപ്ടണ്‍: വെസ്റ്റിന്‍ഡീസ് മുന്നോട്ടുവച്ച 212 ഇംഗ്ലണ്ടിന് ഒന്നുമായിരുന്നില്ല. 101 പന്തുകള്‍ ബാക്കിയാക്കി രണ്ടു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയ ലക്ഷ്യം അവര്‍ അനായാസം അടിച്ചെടുത്തു. തകര്‍പ്പന്‍ പ്രകടനത്തിലൂടെ സെഞ്ച്വറി നേടിയ ജോ റൂട്ടിന്റെ ബാറ്റിംഗ് കരുത്തിലാണ് ഇംഗ്ലണ്ട് വിജയം നേടിയത്. 94 പന്തില്‍ നിന്നായിരുന്നു റൂട്ടിന്റെ 100 പിറന്നത്. 46ല്‍ 45 കരസ്ഥമാക്കി ജോണി ബെയര്‍സ്‌റ്റോ, 53ല്‍ 40 നേടിയ ക്രിസ് വോക്‌സ് എന്നിവരുടെ വിക്കറ്റുകള്‍ മാത്രമാണ് വിന്‍ഡീസിനു കൊയ്യാനായത്. ഈ വിക്കറ്റുകള്‍ക്ക് ഷാനോണ്‍ ഗബ്രില്ലിനാണ് അവകാശിയായത്.

നേരത്തെ, ഇംഗ്ലണ്ടിന്റെ ബൗളിംഗ് ആക്രമണത്തെ പ്രതിരോധിച്ച് പൊരുതാവുന്ന സ്‌കോര്‍ പടുത്തുയര്‍ത്താന്‍ വെസ്റ്റിന്‍ഡീസിനു കഴിഞ്ഞില്ല. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനയക്കപ്പെട്ട വിന്‍ഡീസ് 212 റണ്‍സിന് കൂടാരം കയറി. ബാറ്റിംഗ് നിരയുടെ നട്ടെല്ലൊടിയുമ്പോഴും പോരാട്ട വീര്യം കാഴ്ചവച്ച നിക്കോളസ് പൂരനാണ് വിന്‍ഡീസിന്റെ ടോപ് സ്‌കോറര്‍. 78 പന്ത് നേരിട്ട പൂരന്‍ 63 റണ്‍സാണ് ടീമിനു വേണ്ടി സ്‌കോര്‍ ചെയ്തത്. ക്രിസ് ഗെയില്‍ (36), ഹെറ്റ്മെയര്‍ (39) എന്നിവരും ഭേദപ്പെട്ട പ്രകടനം നടത്തി.

അടിത്തറ പണിയാനൊരുങ്ങും മുമ്പ് തന്നെ വിന്‍ഡീസിന് പ്രഹരമേറ്റു. രണ്ടു റണ്‍ മാത്രമെടുത്ത ഓപ്പണര്‍ എവിന്‍ ലൂയിസ് ആണ് ആദ്യം പുറത്തായത്. ഗെയിലിന്റെ വിക്കറ്റെടുത്ത് പ്ലുങ്കെറ്റും 11ല്‍ നില്‍ക്കുകയായിരുന്ന ഷയ് ഹോപ്പിനെ മാര്‍ക്ക് വുഡും തിരിച്ചയച്ചു. പിന്നീട് പൂരനും ഹെറ്റ്മെയറും ചേര്‍ന്ന് സ്‌കോറിംഗിന് വേഗം കൂട്ടാന്‍ തീവ്ര ശ്രമം നടത്തി. എന്നാല്‍, കൂട്ടുകെട്ടിനെ അധികദൂരം മുന്നോട്ടു പോകാന്‍ ജോ റൂട്ട് അനുവദിച്ചില്ല. ഹെറ്റ്മയറുടെ വിക്കറ്റെടുത്താണ് റൂട്ട് കൂട്ടുകെട്ട് പിരിച്ചത്.

പിന്നാലെ ഒമ്പത് റണ്‍സെടുത്ത ജെയ്സണ്‍ ഹോള്‍ഡറും റൂട്ടിന്റെ പന്തില്‍ വീണു. പൂരന്‍, ജോഫ്ര ആര്‍ച്ചറുടെ പന്തില്‍ ജോസ് ബട്ലറുടെ കൈകളിലൊതുങ്ങിയതോടെ വിന്‍ഡീസ് തകര്‍ച്ചയിലേക്കു പതിച്ചു. വാലറ്റം പെട്ടെന്നു തന്നെ പവലിയനിലേക്കു മടങ്ങി. മാര്‍ക്ക് വുഡും ജോഫ്ര ആര്‍ച്ചറും മൂന്നു വീതം വിക്കറ്റ് വീഴ്ത്തി. ജോ റൂട്ട് രണ്ട്, ക്രിസ് വോക്സ്, പ്ലുങ്കെറ്റ് ഒന്നു വീതം എന്നിങ്ങനെയാണ് മറ്റുള്ളവരുടെ വിക്കറ്റ് നേട്ടം.