മൊഴികളിലെ വൈരുദ്ധ്യം; സിഒടി നസീറിന്റെ രഹസ്യ മൊഴിയെടുക്കാനൊരുങ്ങി പോലീസ്

Posted on: June 14, 2019 12:13 pm | Last updated: June 14, 2019 at 4:07 pm

കണ്ണൂര്‍: മൊഴികളിലെ വൈരുദ്ധ്യങ്ങളുടെ പശ്ചാത്തലത്തില്‍ ആക്രമിക്കപ്പെട്ട വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ഥി സിഒടി നസീറിന്റെ രഹസ്യ മൊഴി രേഖപ്പെടുത്താനൊരുങ്ങി പോലീസ്. ഇതിനായി പോലീസ് ഇന്ന് കോടതിയില്‍ അപേക്ഷ നല്‍കും. നേരത്തെ മൂന്ന് തവണ പോലീസ് നസീറിന്റെ മൊഴി എടുത്തിരുന്നു. എ എന്‍ ഷംസീറിനെതിരെ നല്‍കിയ മൊഴി രണ്ടു തവണ പോലീസ് രേഖപ്പെടുത്തിയില്ല എന്ന് നസീര്‍ നേരത്തെ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രഹസ്യമൊഴിയെടുക്കാന്‍ പോലീസ് തീരുമാനിച്ചത്.

മെയ് 18നാണ് സിപിഎം വിമതനായ സി ഒ ടി നസീറിനെതിരെ വധശ്രമമുണ്ടായത്. അതേ സമയം വധശ്രമക്കേസില്‍ പ്രതിയായ റോഷനുമായി പൊലീസ് ബെംഗളൂരുവില്‍ തെളിവെടുപ്പിന് പോകും. റോഷന്‍ ഒളിവില്‍ താമസിച്ച ഹൊസൂരിലാണ് തെളിവെടുപ്പ് നടക്കുക. മുഖ്യപ്രതികളായ റോഷനും ശ്രീജിലുമാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. കേസിലെ മൂന്ന് പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തലശ്ശേരി സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും