Connect with us

Editorial

കണക്കുകൾ കള്ളം

Published

|

Last Updated

രാജ്യത്തിന്റെ സാമ്പത്തിക സൂചികയായ ജി ഡി പി നിരക്കിൽ സർക്കാർ കൃത്രിമം കാണിക്കുന്നുവെന്ന ആരോപണത്തെ ശരിവെക്കുന്നതാണ് 2014-18 കാലയളവിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായിരുന്ന അരവിന്ദ് സുബ്രഹ്മണ്യത്തിന്റെ പുതിയ വെളിപ്പെടുത്തൽ. കഴിഞ്ഞ ആറ് വർഷമായി രാജ്യത്തിന്റെ വളർച്ചാ നിരക്ക് രണ്ടര ശതമാനത്തോളം പെരുപ്പിച്ചു കാട്ടുകയായിരുന്നുവെന്നാണ് ഒരു ദേശീയ മാധ്യമത്തിൽ എഴുതിയ ലേഖനത്തിൽ അദ്ദേഹം പറയുന്നത്. 2011- 12നും 2016- 17നും ഇടയിൽ രാജ്യത്തെ ശരാശരി പ്രതിവർഷ വളർച്ച ഏഴ് ശതമാനമാണെന്നാണ് സർക്കാർ അവകാശവാദം. എന്നാൽ ഇത് 4.5 ശതമാനം മാത്രമാണെന്നും തകരാറിലായ സ്പീഡോമീറ്റർ ഉപയോഗിക്കുന്ന വാഹനമാണ് ഇന്ത്യൻ സമ്പദ് വ്യവസ്ഥയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ഭരണരംഗത്തെ തങ്ങളുടെ നയങ്ങളും പ്രവർത്തനങ്ങളും രാജ്യത്തിന്റെ സാമ്പത്തിക വളർച്ചക്ക് സഹായകമായെന്ന് വരുത്തിത്തീർക്കാനാണ് സർക്കാറുകൾ ജി ഡി പി നിരക്ക് പെരുപ്പിച്ചു കാണിക്കുന്നത്. രാഷ്ട്രീയമായി ഇത് ഭരണകക്ഷിക്ക് ഗുണം ചെയ്‌തേക്കാമെങ്കിലും രാജ്യത്തിന്റെ സാമ്പത്തിക പരിഷ്‌കരണത്തെ പിന്നോട്ടടിപ്പിക്കുമെന്ന് അരവിന്ദ് സുബ്രഹ്മണ്യം അഭിപ്രായപ്പെടുന്നു. വളർച്ചാ നിരക്ക് 4.5 ശതമാനമാണെന്ന ശരിയായ കണക്ക് സർക്കാർ വെളിപ്പെടുത്തിയിരുന്നെങ്കിൽ ബേങ്കിംഗ്, കാർഷിക രംഗങ്ങളിൽ കൃത്യമായ ഇടപെടലുകൾ ഉണ്ടാകുമായിരുന്നു.

ദേശീയ, അന്തർദേശീയ വിദഗ്ധർ ഉൾപ്പെട്ട പ്രത്യേക ദൗത്യസംഘം രൂപവത്കരിച്ച് ജി ഡി പി കണക്കുകൂട്ടുന്ന രീതി പരിശോധിക്കണമെന്നാണ് അദ്ദേഹത്തിന്റെ നിർദേശം.
കൃത്യമായ നടപടികളും മാനദണ്ഡങ്ങളും ഉപയോഗിച്ച് ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലും യുനൈറ്റഡ് നാഷൻസ് സ്റ്റാറ്റിസ്റ്റിക്കൽ കമ്മീഷൻ അംഗീകരിച്ച നാഷനൽ അക്കൗണ്ട് സിസ്റ്റം അനുസരിച്ചുമാണ് വളർച്ച കണക്കാക്കുന്നതെന്നാണ് അരവിന്ദ് സുബ്രഹ്മണ്യന്റെ വെളിപ്പെടുത്തലിനോട് പ്രതികരിക്കവേ സർക്കാർ വൃത്തങ്ങൾ അവകാശപ്പെടുന്നത്. എന്നാൽ ഈ വാദം ബി ജെ പി നേതാവ് സുബ്രഹ്മണ്യൻ സ്വാമിയടക്കമുള്ളവർ ചോദ്യം ചെയ്തിട്ടുണ്ട്. സർക്കാറിന്റെ നിർദേശപ്രകാരം സ്റ്റാറ്റിസ്റ്റിക്കൽ ഓർഗനൈസേഷൻ ജി ഡി പി കണക്കുകളിൽ ബോധപൂർവം വെള്ളം ചേർക്കുന്നുണ്ടെന്നാണ് സാമ്പത്തിക വിദഗ്ധനും കേരള സംസ്ഥാന ആസൂത്രണ ബോർഡ് മുൻ ഉപാധ്യക്ഷനുമായ പ്രൊഫ. പ്രഭാത് പട്‌നായിക്കിന്റെ നിരീക്ഷണം.

നോട്ട് നിരോധം സമ്പദ് വ്യവസ്ഥയെ ബാധിച്ചിട്ടില്ലെന്നു വരുത്തിത്തീർക്കാനായി വ്യാജ കണക്കുകൾ തയ്യാറാക്കുന്നതിനു കേന്ദ്ര സർക്കാർ കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കൽ ഓർഗനൈസേഷനു മേൽ സമ്മർദം ചെലുത്തിയിരുന്നതായി 2017 ഡിസംബറിൽ അഹമ്മദാബാദിൽ ചാർട്ടേഡ് അക്കൗണ്ടന്റുമാരുടെ യോഗത്തിൽ സംസാരിക്കവേ ബി ജെ പി നേതാവ് സുബ്രഹ്മണ്യൻ സ്വാമി വ്യക്തമാക്കിയിരുന്നു. നോട്ട് അസാധുവാക്കൽ സംബന്ധിച്ച വിവരങ്ങളിൽ കൃത്രിമം കാണിക്കുന്നതിന് മോദി മന്ത്രിസഭാംഗമായിരുന്ന സദാനന്ദ ഗൗഡ ഓർഗനൈസേഷൻ ഓഫീസിൽ ചെന്നു മുഖ്യ ഉദ്യോഗസ്ഥനിൽ സമ്മർദം ചെലുത്തിയിരുന്നതായും അന്നേരം ഗൗഡയുടെ കൂടെ താനുമുണ്ടായിരുന്നെന്നും സ്വാമി വെളിപ്പെടുത്തി. ഇങ്ങനെ കൃത്രിമമായി ഉണ്ടാക്കിയ കണക്കുകൾ വെച്ചാണ് ജി ഡി പിയിൽ നോട്ട് അസാധുവാക്കൽ പ്രതികൂലമായ പ്രതിഫലനം ഉണ്ടാക്കിയില്ലെന്ന് സർക്കാർ പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

ഒരു സാമ്പത്തിക വർഷത്തെ ആദ്യപാദത്തിലെ വളർച്ച, മുൻ സാമ്പത്തിക വർഷത്തിൽ ഇതേ പാദത്തിൽ നിലവിലുണ്ടായിരുന്ന സംഖ്യയുമായി ഒത്തുനോക്കിയാണ് കണക്കാക്കേണ്ടത്. എന്നാൽ ഈ വർഷം രാജ്യം സാമ്പത്തിക രംഗത്ത് നേട്ടം കൈവരിച്ചുവെന്നു വരുത്തിത്തീർക്കാനായി മുൻ വർഷത്തെ ആദ്യപാദ കണക്കുകൾ കുറച്ചു കാണിക്കുകയാണ് മിക്കപ്പോഴും സർക്കാറിന്റെ നിർദേശ പ്രകാരം സ്റ്റാറ്റിസ്റ്റിക്കൽ ഓർഗനൈസേഷൻ. ഉദാഹരണമായി 2016-17 വർഷത്തിന്റെ മൂന്നാം പാദത്തിൽ (ഒക്‌ടോബർ- ഡിസംബർ) രാജ്യം ഏഴ് ശതമാനം സാമ്പത്തിക വളർച്ച കൈവരിച്ചുവെന്നായിരുന്നു സർക്കാറിന്റെ അന്നത്തെ വാദം. 2015-16 വർഷത്തെ ആദ്യ പാദത്തിലെ ജി ഡി പി 28.30 ലക്ഷം കോടിയെന്ന കണക്കു കൂട്ടലിലാണ് ഈ വളർച്ച അവകാശപ്പെട്ടത്. യഥാർഥത്തിൽ ആ പാദത്തിലെ യഥാർഥ ജി ഡി പി 28.52 ലക്ഷം വരുമായിരുന്നു. അതനുസരിച്ചുള്ള സാമ്പത്തിക വളർച്ച 6.2 ശതമാനമേ വരൂ. നോട്ട് നിരോധം സാമ്പത്തിക രംഗത്തെ പിന്നോട്ടടിപ്പിച്ചുവെന്ന ആരോപണം ഉയർന്നപ്പോൾ, മുഖം രക്ഷിക്കാനാണ് സർക്കാർ ഈ കള്ളക്കളി നടത്തിയത്.

അരവിന്ദ് സുബ്രഹ്മണ്യം ഇപ്പോൾ പറയുന്നത് 6.2 ശതമാനം വളർച്ചയെന്നത് തന്നെ അവിശ്വസനീയമാണെന്നും 4.5 ശതമാനത്തിലധികം വളർച്ച പ്രാപിച്ചിട്ടില്ലെന്നുമാണ്. ഉപഭോഗം വർധിക്കൽ, കാർഷിക, നിർമാണ രംഗത്തെ വളർച്ച തുടങ്ങിയവയിലൂടെയാണ് ജി ഡി പി വർധിക്കുന്നത്. നോട്ട് നിരോധത്തിന് ശേഷം രാജ്യത്തെ ഉപഭോഗം പൊതുവേ കുറവാണ്. കാർഷിക, നിർമാണ മേഖലകളും തകർച്ചയിൽ തന്നെ. പിന്നെ എങ്ങനെയാണ് ജി ഡി പി വളരുന്നതെന്നാണ് സാമ്പത്തിക വിദഗ്ധരുടെ ചോദ്യം. നോട്ട് നിരോധത്തിനു മുമ്പ് 4.9 ശതമാനമായിരുന്ന കാർഷിക വളർച്ച നിരോധത്തിനു ശേഷം 2.1 ശതമാനത്തിലേക്കും നിർമാണ മേഖലയുടെ വളർച്ച 7.9 ശതമാനത്തിൽ നിന്ന് 4.6 ശതമാനത്തിലേക്കും ഇടിയുകയാണുണ്ടായത്. വ്യാപാര വളർച്ച, ബേങ്ക് വായ്പാ വളർച്ച തുടങ്ങിയവയുടെ സൂചകങ്ങൾ കണക്കാക്കുന്നതിലും കൃത്രിമമുണ്ടെന്നാണ് സംശയം. മോദി സർക്കാറിന്റെ കാലത്ത് മാത്രമല്ല, യു പി എ കാലത്തുമുണ്ടായിട്ടുണ്ട് കളികൾ. കള്ളക്കണക്കിലൂടെ ജനങ്ങളെ വഞ്ചിക്കുന്ന ഈ പ്രവണതക്ക് തടയിടണമെങ്കിൽ അരവിന്ദ് സുബ്രഹ്മണ്യം നിർദേശിച്ചതു പോലെ സർക്കാർ പുറത്തു വിടുന്ന വസ്തുത വിലയിരുത്തുന്നതിന് അന്തർദേശീയ വിദഗ്ധർ കൂടി ഉൾപ്പെട്ട പ്രത്യേക ദൗത്യസംഘം രൂപവത്കരിക്കേണ്ടതുണ്ട്.

Latest