നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നവംബര്‍ മുതല്‍ പകല്‍ സര്‍വീസുകള്‍ നിര്‍ത്തിവെക്കും

Posted on: June 14, 2019 11:18 am | Last updated: June 14, 2019 at 7:21 pm

നെടുമ്പാശേരി : റണ്‍വെ പുന്‍നിര്‍മാണ പ്രവര്‍ത്തികളെത്തുടര്‍ന്ന് കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ നവംബര്‍ മുതല്‍ അഞ്ച് മാസത്തേക്ക് രാവിലെ 10 മുതല്‍ വൈകിട്ട്ആറ്‌വരെ സര്‍വീസ് നടക്കില്ല. ഈ സാഹചര്യത്തില്‍ വിമാനക്കമ്പനികളോട് സമയക്രമീകരണം ഏര്‍പ്പെടുത്താന്‍ അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

നിലവില്‍ 31 ആഭ്യന്തര സര്‍വീസുകളും ഏഴ് രാജ്യാന്തര സര്‍വീസുകളുമാണ് ഈ സമയത്ത് കൊച്ചിയില്‍നിന്നു പുറപ്പെടുന്നത്. വൈകിട്ട് ആറിനു ശേഷം രാവിലെ 10 വരെ സര്‍വീസുകള്‍ പതിവുപോലെ പ്രവര്‍ത്തിക്കും. നവംബര്‍ ആറ് മുതല്‍ മാര്‍ച്ച് 28 വരെ റണ്‍വേ അടച്ചിടുവാനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. മൂന്നു പാളികളായി റണ്‍വേ പുനര്‍നിര്‍മിക്കുന്ന ജോലികളാണു നടത്തുക. ഓരോ പത്തു വര്‍ഷത്തിലും റണ്‍വേ റീകാര്‍പ്പറ്റിങ് നടത്തണമെന്നാണ് സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറലിന്റെ നിര്‍ദ്ദേശം. 2009ലാണ് ഇതിന് മുമ്പ് റീകാര്‍പറ്റിങ് നടന്നത്.